നടരാജനോ, ഗജവീരനോ ....? മലയാള സിനിമയെ അഭിനയ മികവുകൊണ്ട് തിടമ്പേറ്റിയ മഹാനടൻ മോഹൻലാലിന് അപൂർവ്വ പിറന്നാൾ സമ്മാനവുമായി ജനത മോഷൻ പിക്ചേഴ്സ്. ഡോ. മധു വാസുദേവിന്റെ രചനയിൽ ശ്രീവൽസൻ ജെ മേനോൻ സംഗീതം നിർവഹിച്ച പാട്ടിലൂടെയാണ് നടന് ആദരം. മോഹൻലാലിന്റെ കഥാപാത്രങ്ങൾ നിറയുന്ന തോൽപാവക്കൂത്തിന്റെ പശ്ചാത്തലത്തിലാണ് ദൃശ്യങ്ങൾ. ഗാനം ആലപിച്ചതും ശ്രീവൽസൻ ജെ. മേനോൻ ആണ്.
കൂനത്തറ തോൽപ്പാവക്കൂത്ത് സംഘത്തിലെ കെ.വിശ്വനാഥ പുലവരും വിപിൻ വിശ്വനാഥ പുലവരും ചേർന്നാണു കൂത്ത് ഒരുക്കിയത്. ഏറ്റവും പുതിയ ചിത്രമായ മലൈക്കോട്ടെ വാലിബന്റെ ദൃശ്യങ്ങളോടെയാണ് ഗാനരംഗം അവസാനിക്കുന്നത്. തിരക്കഥാകൃത്ത് എസ്.സുരേഷ് ബാബു, നിർമാതാവ് ഉണ്ണി രവീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള ജനത മോഷൻ പിക്ചേഴ്സിന്റെ യൂട്യൂബിലാണ് ഗാനം റിലീസ് ചെയ്തത്.
പാട്ടിനെപ്പറ്റി ഗാനരചയിതാവായ ഡോ. മധു വാസുദേവൻ പറയുന്നതിങ്ങനെ: നടരാജനോ യദുനാഥനോ' എന്ന ഗാനം കുറച്ചു കാലം മുമ്പ് എഴുതിയതാണ്. കദനകുതൂഹലം എന്ന രാഗത്തിലാണ് ശ്രീവൽസൻ ജെ മേനോൻ ഈ ഗാനം ചിട്ടപ്പെടുത്തിയത്. പ്രധാനമായും മോഹൻലാലിന്റെ ചലച്ചിത്ര വ്യക്തിത്വത്തിലെ രണ്ടു ഭാവങ്ങൾ, ശിവഭാവവും കൃഷ്ണ ഭാവവും പാട്ടിൽ കൊണ്ടു വരാനാണ് ഞങ്ങൾ ശ്രദ്ധിച്ചിട്ടുള്ളത്.