മകൻ റസ അഥെൽസൺ മെയേഴ്സിന്റെ ഒന്നാം പിറന്നാളിനോടനുബന്ധിച്ച് പോപ് താരം റിയാന പങ്കുവച്ച ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകശ്രദ്ധ നേടുന്നു. ഗർഭകാലത്തു പകർത്തിയ ചിത്രങ്ങളാണ് ഗായിക പോസ്റ്റ് ചെയ്തത്. മുടി അലക്ഷ്യമായി അഴിച്ചിട്ട് നിറവയർ താങ്ങി നിൽക്കുന്ന റിയാനയെ ആണ് ചിത്രങ്ങളിൽ കാണാനാവുക. ബിക്കീനി സ്റ്റൈലിൽ ആഭരണം അണിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ വർഷം മേയിൽ ആണ് റിയാനയ്ക്കും പങ്കാളി അസാപ് റോക്കിക്കും ആദ്യ കൺമണി പിറന്നത്. കുഞ്ഞ് ജനിച്ച് ഏറെ കാലത്തേയ്ക്ക് കുഞ്ഞിന്റെ ലിംഗം ഏതെന്നും ദമ്പതികൾ വെളിപ്പെടുത്തിയിരുന്നില്ല. കുഞ്ഞിന് ഒരു വയസ്സ് പൂർത്തിയായപ്പോഴാണ് പേര് പരസ്യമാക്കിയത്. മകന്റെ ചിത്രങ്ങൾ റിയാന ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്.
റിയാനയും അസാപ് റോക്കിയും ഇപ്പോൾ രണ്ടാമത്തെ കുഞ്ഞിനു വേണ്ടിയുള്ള കാത്തിരുപ്പിലാണ്. ഈ വർഷത്തെ സൂപ്പർ ബൗൾ ഹാഫ്ടൈം പരിപാടിക്കിടെയാണ് താൻ രണ്ടാമതും ഗര്‍ഭിണിയാണെന്ന കാര്യം റിയാന പരസ്യപ്പെടുത്തിയത്. തുടർന്ന് ഔദ്യോഗിക പരിപാടികളിലെല്ലാം നിറവയറുമായി ഗായിക എത്തി. ഇത്തവണത്തെ മെറ്റ്ഗാല വേദിയിലെത്തിയ ഗായികയുടെ ഫാഷൻ ചിത്രങ്ങൾ ആരാധകർക്കിടയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.