‘ഇത് നാണംകെട്ട നിശബ്ദത, ഇനിയെങ്കിലും മിണ്ടിക്കൂടെ’; സ്റ്റാലിനെ പരിഹസിച്ച് ബിജെപി വക്താവ്, ചിന്മയിക്കു പിന്തുണ
Mail This Article
മീടൂ ആരോപണം നേരിടുന്ന വൈരമുത്തുവിനെതിരെ പ്രതികരിച്ച ഗായിക ചിന്മയി ശ്രീപദയെ പിന്തുണച്ച് ബിജെപി വക്താവ് ഷെഹ്സാദ് പൂനവാല. വിഷയത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ മൗനം വെടിയണമെന്നും ഇത് നാണംകെട്ട നിശബ്ദതയാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. പൊതുവെ പുരോഗമന നിലപാടുള്ള സ്റ്റാലിനു സ്വന്തം നാട്ടിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമം കാണാൻ കണ്ണില്ലെന്ന് ഷെഹ്സാദ് പരിഹസിച്ചു.
തനിക്കെതിരെ അതിക്രമമുണ്ടായതിന്റെ മുഴുവൻ തെളിവുകളുമായി ചിന്മയി രംഗത്തു വന്നിട്ട് 5 വർഷം പിന്നിട്ടുവെന്നും എന്നിട്ടും വിഷയത്തിൽ മൗനം പാലിക്കുന്നത് ഭരണകൂടത്തിന്റെ പരാജയമായി മാത്രമേ കാണാന്‍ സാധിക്കൂ എന്നും ഷെഹ്സാദ് പൂനവാല വിലയിരുത്തി. നിരവധി പേരാണു ഷെഹ്സാദിന്റെ ട്വീറ്റിനോടു പ്രതികരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് സ്റ്റാലിനെതിരെ ട്വീറ്റുമായി ചിന്മയി രംഗത്തെത്തിയത്. രാഷ്ട്രീയ സ്വാധീനമുള്ളതിനാലാണ് വൈരമുത്തുവിനെതിരെ ഇപ്പോഴും നടപടിയെടുക്കാത്തതെന്നും സ്റ്റാലിന്റെ മൂക്കിനു താഴെ സ്ത്രീകൾ പീഡിപ്പിക്കപ്പെട്ടിട്ടും അദ്ദേഹം അതു കണ്ടില്ലെന്നു നടിക്കുകയാണെന്നും ചിന്മയി വിമർശിച്ചു. നിയമം എല്ലാവർക്കും ഒരുപോലെ ബാധകമായിരിക്കണമെന്നും വൈരമുത്തുവിനു വേണ്ടി പ്രത്യേക നിയമസംവിധാനങ്ങളുണ്ടോ എന്നും ചിന്മയി ചോദിച്ചു. എന്നാൽ വിഷയത്തിൽ സ്റ്റാലിൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.
സിനിമാ ലോകത്ത് മീ ടൂ ആരോപണമുന്നയിച്ച് രംഗത്തുവന്ന ആളുകളിൽ പ്രധാനിയാണ് ചിന്മയി ശ്രീപദ. 2018ല്‍ വൈരമുത്തുവിനെതിരെ ഗായിക പരാതി നൽകുകയായിരുന്നു. സംഗീതപരിപാടിക്കായി സ്വിറ്റ്‌സർലൻഡിലെത്തിയപ്പോൾ വൈരമുത്തു തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്ന് ട്വിറ്ററിലൂടെ ഗായിക വെളിപ്പെടുത്തി. സംഭവം തമിഴ് സിനിമാ–സംഗീതമേഖലയെ ഒന്നാകെ പിടിച്ചുലച്ചു. പിന്നാലെ സൗത്ത് ഇന്ത്യന്‍ സിനി ടെലിവിഷന്‍ ആര്‍ട്ടിസ്റ്റ്‌സ് ആന്‍ഡ് ഡബ്ബിങ് യൂണിയന്‍ ചിന്മയിയെ സിനിമയില്‍ നിന്ന് വിലക്കുകയും ചെയ്തു. ഇപ്പോഴും വിലക്ക് തുടരുകയാണ്.