ADVERTISEMENT

തെരുവു ഗായികയെ സഹായിക്കാൻ മൈക്ക് കയ്യിലെടുത്ത് പാട്ട് പാടിയ എടക്കര സ്വദേശി ആതിരയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം.  സ്കൂളിലേക്കുള്ള സാധനങ്ങൾ വാങ്ങാൻ പിതാവിനൊപ്പം പോത്തുകൽ ടൗണിലേക്കിറങ്ങിയപ്പോഴാണ് കൈക്കുഞ്ഞുമായി വഴിയരികിൽ നിന്നു പാട്ട് പാടുന്ന സ്ത്രീയെ കണ്ടത്. രാവിലെ മുതൽ പാടിത്തുടങ്ങിയ ഗായികയുടെ ശബ്ദം ഇടറുന്നതു ശ്രദ്ധയില്‍പ്പെട്ട ആതിര, മൈക്ക് വാങ്ങി പാടുകയായിരുന്നു. സമീപത്തു നിന്ന ചില നാട്ടുകാർ ഇതിന്റെ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. ഇതോടെ ഈ പത്താംക്ലാസുകാരി വൈറലായി. ഇപ്പോഴിതാ ആതിരയെക്കുറിച്ച് സാമൂഹിക പ്രവർത്തകനായ ദിലീപ് എസ് സ്രാമ്പിക്കൽ കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

 

കുറിപ്പ് ഇങ്ങനെ:

 

കഴിഞ്ഞ ദിവസം ഞങ്ങളുടെ പോത്തുകൽ ടൗണിൽ വന്ന പാട്ടു വണ്ടിയിലെ ഉമ്മയുടെ കൈയ്യിൽ നിന്നും മൈക്ക് വാങ്ങി, മലയാളികളുടെ മനസ്സിൽ തലമുറകളായി തങ്ങിനിൽക്കുന്ന ലാഇലാഹ് ഇല്ലല്ലാഹ് എന്നു തുടങ്ങുന്ന താരാട്ട് ഗാനം ആലപിച്ച് സോഷ്യൽ മീഡിയയിലൂടെ വൈറലായ ആതിരയെ ഇന്ന് സ്കൂളിൽ വച്ച് കണ്ട് അഭിനനങ്ങൾ അറിയിച്ചു.

 

ഗാനം ആലപിക്കാനുണ്ടായ സാഹചര്യം ആതിര തന്നെ വിവരിച്ചു. അച്ഛന്റെ കൂടെ നോട്ടുപുസ്തകങ്ങൾ വാങ്ങാനാണ് അങ്ങാടിയിലേക്കിറങ്ങിയത്. അപ്പോഴാണ് ഒരു ഉമ്മ ഓട്ടോറിക്ഷയിൽ ഘടിപ്പിച്ച മൈക്കിലൂടെ തന്റെ ദുരിതങ്ങൾ വിവരിച്ച് തെരുവിൽ പാടുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടരെയുള്ള ആലാപനത്തിൽ തൊണ്ടയിലെ ശബ്ദമിടറിയത് ശ്രദ്ധയിൽപ്പെട്ടതിനാൽ സ്കൂൾ പ്രാർഥനാ ഗായക സംഘത്തിൽ അംഗമായ ആതിര അച്ഛന്റെ സമ്മതം വാങ്ങി ഉമ്മയുടെ അടുത്തേക്ക് വരികയായിരുന്നു. ഉമ്മയോടു ചായ കുടിച്ച് വിശ്രമിക്കാൻ ആവശ്യപ്പെട്ട് മൈക്കെടുത്ത് പാടി. ഗാനം നിലച്ചു പോയതു കൊണ്ട് ആ ഉമ്മയ്ക്കു കിട്ടുന്ന സഹായം മുടങ്ങരുത് എന്ന ഉദ്ദേശത്തിലാണ് പാടിയതും. തന്റെ ഗാനം ഇങ്ങനെ വൈറലാകുമെന്ന് ഒരിക്കലും ഈ മിടുക്കി കരുതിയിരുന്നില്ല. നാട്ടുകാരൻ കൂടിയായ ജമാൽ ആണ് വിഡിയോ പകർത്തിയതും പോസ്റ്റ് ചെയ്തതും. 

 

പിന്നീടാണ് വിഡിയോ ശ്രദ്ധയിൽപ്പെട്ട ഞാൻ ദ് റിയൽ കേരള സ്റ്റോറി എന്ന കമന്റോടെ പോസ്റ്റ് ചെയ്യുന്നത്. ഇൻബോക്സിലൂടെ പലരും മോളുടെ വിവരങ്ങൾ അന്വേഷിച്ചിരുന്നു. മലപ്പുറം ജില്ലയിലെ നിലമ്പൂർ പോത്തുകല്ലിലെ CHSS ലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ് ഈ മിടുക്കി. 

മോളുടെ സഹാനുഭൂതിയേയും സഹജീവികളോടു കരുണ പുലർത്തുന്ന മനസ്സിനേയും ഒരിക്കൽ കൂടി അഭിനന്ദിച്ച് പിരിയാൻ സമയം മോളുടെ വീടെവിടെയാ എന്ന ചോദ്യത്തിനുള്ള ഉത്തരം അക്ഷരാർഥത്തിൽ മോളോടുള്ള സ്നേഹം ബഹുമാനമാക്കി മാറ്റി. കാരണം പോത്തുകൽ ടൗണിനോടു ചേർന്ന് ഏറ്റവും കുറഞ്ഞ വാടകയ്ക്കു ലഭിക്കുന്ന ഒരു കോട്ടേഴ്സിലാണ് മോളും കുടുംബവും താമസിക്കുന്നത്. പഠിച്ച് മിടുക്കിയായി കൂലി പണിക്കാരനായ അച്ഛന് ഒരു താങ്ങായി മാറുന്നതിനോടൊപ്പം ദുരിതങ്ങൾക്കിടയിൽ കഴിയുന്നവർക്കു വേണ്ടി വല്ലതുമൊക്കെ ചെയ്യണമെന്ന ആഗ്രഹം പറയുമ്പോഴും സ്വന്തമായി കയറി കിടക്കാൻ വീടില്ലാത്ത ഈ മിടുക്കിയുടെ ആഗ്രഹങ്ങൾ പൂർത്തീകരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ’.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com