ADVERTISEMENT

അവിചാരിതമായി പാടിയ ‘കൊതുകു പാട്ട്’ വൈറൽ ആയതിന്റെ സന്തോഷത്തിലാണ് നടി മാളവിക നായർ. മഴവിൽ മനോരമയിലെ സൂപ്പർ 4 ജൂനിയർ എന്ന സംഗീത റിയാലിറ്റി ഷോയിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു മാളവികയുടെ പാട്ട്. ഏതാനും വർഷങ്ങൾക്കു മുൻപു പുറത്തു വന്ന വിഡിയോ ഇപ്പോൾ റീൽ ആയി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. തന്റെ ‘കുട്ടിപ്പാട്ട്’ വൈറലായതിന്റെ സന്തോഷം മാളവിക മനോരമ ഓൺലൈനിനോടു പങ്കുവയ്ക്കുന്നു. 

 

‘ഞാൻ പ്ലസ്‌ടുവിന് പഠിക്കുമ്പോൾ എന്റെ സഹപാഠി പാടുന്നതു കേട്ടാണ് ആ കൊതുകുപാട്ട് പഠിച്ചത്. എന്നെയും മറ്റൊരു സുഹൃത്തിനെയും അവൾ പഠിപ്പിച്ചു തന്നു. അതിന്റെ വരികള്‍ ഇപ്പോഴും ഞാൻ മറന്നിട്ടില്ല. കാരണം, അത്രയ്ക്ക് ഇഷ്ടമായിരുന്നു എനിക്ക് ആ പാട്ട്. അന്ന് സൂപ്പർ 4 ജൂനിയറിന്റെ അവതാരകനായ മിഥുൻ രമേശ് ആവശ്യപ്പെട്ടപ്പോൾ വേദിയിൽ അത് പാടുകയായിരുന്നു. ഇപ്പോൾ 2 വർഷത്തിനിപ്പുറം ആരോ ആ വിഡിയോ എടുത്ത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. പത്ത് ലക്ഷത്തിലധികം പേരാണ് വിഡിയോ കണ്ടത്. ഇത്രയും വൈറലാകുമെന്നു പ്രതീക്ഷിച്ചതേയില്ല. സുഹൃത്തുക്കൾ ഉൾപ്പെടെ പലരും ആ വിഡിയോ അയച്ചു തന്നപ്പോഴാണ് വൈറലായ വിവരം അറിയുന്നത്. ഞാൻ സമൂഹമാധ്യമങ്ങളിൽ അത്ര സജീവമല്ല. എങ്കിലും വിഡിയോ വൈറലായപ്പോൾ ആളുകളുടെ പ്രതികരണം എന്താണെന്നറിയാൻ വെറുതെ നോക്കി. പോസിറ്റീവ് കമന്റുകളാണ് കണ്ടത്. പലരും നഴ്സറി സ്കൂളിൽ പഠിച്ച പാട്ടാണത്. വീണ്ടും കേട്ടപ്പോൾ നൊസ്റ്റാൾജിയ തോന്നിയെന്നൊക്കെ ചിലർ കമന്റ് ചെയ്തതു കണ്ടപ്പോൾ സന്തോഷമായി. കുട്ടിക്കാലത്ത് ഞാൻ പാട്ട് പഠിക്കാൻ പോയിട്ടുണ്ട്. പക്ഷേ എനിക്കു പാടാൻ കഴിയുമെന്നൊന്നും ഞാൻ വിശ്വസിക്കുന്നില്ല. പാടി നോക്കാറുണ്ട്, പക്ഷേ നല്ല പാട്ടുകാരിയൊന്നുമല്ല’.

 

അഭിനയവും പാട്ടും മാത്രമല്ല, ഇപ്പോൾ പഠനത്തിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് മാളവിക നായർ. മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം നേടിയിരുന്നു. ഇപ്പോൾ കോയമ്പത്തൂർ അമൃത യൂണിവേഴ്സിറ്റിയിൽ മാസ്സ് കമ്മ്യൂണിക്കേഷനിൽ ഗവേഷണ വിദ്യാർഥിനിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com