ടെയ്‌ലർ സ്വിഫ്റ്റും മാറ്റി ഹീലിയും തമ്മിലുള്ള ബന്ധം കുറച്ചു നാളുകളായി വിവാദങ്ങളിലൂടെയായിരുന്നു സഞ്ചരിച്ചത്. ഇപ്പോൾ ഇരുവരും വേർപിരിഞ്ഞെന്ന വാർത്തയാണ് പുറത്തു വരുന്നത്. പ്രണയം വെളിപ്പെടുത്തി അധിക കാലമാകുന്നതിനു മുൻപേ ഇരുവരും വേർപിരിയൽ പ്രഖ്യാപനം നടത്തിയത് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.
നടൻ ജോ അൽവിനുമായുള്ള ആറു വർഷം നീണ്ട ബന്ധം അവസാനിച്ചതിനു തൊട്ടു പിന്നാലെയാണ് ടെയ്‌ലർ സ്വിഫ്റ്റ് മാറ്റി ഹീലിയുമായി പ്രണയത്തിലായത്. പലപ്പോഴും പൊതു ഇടങ്ങളിൽ ഇരുവരെയും ഒരുമിച്ചു കണ്ടതോടെ പ്രണയച്ചർച്ച സജീവമായി. പിന്നാലെ തങ്ങൾ ഡേറ്റിങ്ങിലാണെന്ന് ഇരുവരും പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ ആഴ്ചകൾ മാത്രം നീണ്ടു നിന്ന ബന്ധത്തിനൊടുവിൽ ഇരുവരും വേർപിരിയുകയായിരുന്നു.
ജോയുമായുള്ള പ്രണയത്തകർച്ചയുടെ നിരാശയിൽ നിന്നും ടെയ്‌ലറിന് ഇനിയും പുറത്തുവരാനായിട്ടില്ലെന്നും അതുകൊണ്ടാണ് മാറ്റിയുമായി പിരിഞ്ഞതെന്നുമുള്ള ചർച്ചകളാണ് ഇപ്പോൾ സജീവമാകുന്നത്. എന്നാൽ മാറ്റി ഹീലി പൊതു ഇടത്തിൽ വച്ച് സെക്യൂരിറ്റി ഗാർഡിനെ ചുംബിച്ചതിനെത്തുടർന്നുണ്ടായ പ്രശ്നങ്ങളാണ് വേർപിരിയലിനു കാരണമെന്നും അഭ്യൂഹങ്ങളുണ്ട്.