ബിടിഎസ് ബാൻഡിന്റെ പത്താം വാർഷികാഘോഷത്തിനായുള്ള കാത്തിരുപ്പിലാണ് ലോകമെമ്പാടുമുള്ള ബിടിഎസ് ആർമി. ആഘോഷത്തിന്റെ ടീസർ വൈറലായിരുന്നു. ജൂൺ 17 ന് ബിടിഎസ് ഫെസ്റ്റ് എന്ന പേരിലാണ് വാർഷികാഘോഷങ്ങൾ നടക്കുക. സിയോളില്‍ സംഘടിപ്പിക്കുന്ന പരിപാടിയിൽ സംഘത്തിലെ ജിന്നും ജെ ഹോപ്പും ഒഴികെ മറ്റെല്ലാവരും പങ്കെടുക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ഇരുവരും ൈസനിക സേവനത്തിലായതിനാലാണ് ചടങ്ങിനെത്താൻ സാധിക്കാത്തത്.
ബാൻഡിന്റെ നേതാവായ ആർഎം ആണ് ബിടിഎസ് ഫെസ്റ്റിന്റെ അവതാരകനായെത്തുക. ലോകമെമ്പാടുമുള്ള ആരാധകരോട് സംഘം സംവദിക്കും. ബാൻഡ് അംഗം ജംഗൂക്കിന്റെ സോളോ പ്രകടനവും ഫെസ്റ്റിൽ ഉണ്ടായിരിക്കും. കൂടാതെ ആരാധകർക്കു പാടാനുള്ള അവസരവും ലഭിക്കും. എക്സിബിഷനും വിവിധ തരം ഗെയിമുകളും ഫെസ്റ്റിന്റെ മറ്റു ചില ആകർഷണങ്ങളാണ്.
ബിടിഎസ് ബാൻഡ് വേർപിരിഞ്ഞെങ്കിലും സംഘം ഒരുമിച്ചെത്തുന്ന വേദികളിലേക്ക് ആകാംക്ഷയോടെ ഉറ്റു നോക്കാറുണ്ട് ആരാധകവൃന്ദം. കഴിഞ്ഞ വർഷം ജൂണിലാണ് ബാൻഡ് വേർപിരിയൽ പ്രഖ്യാപനം നടത്തിയത്. ദക്ഷിണ കൊറിയയിലെ നിയമമനുസരിച്ച് 18നും 28നും ഇടയില്‍ പ്രായമുള്ള ആരോഗ്യവാന്‍മാരായ എല്ലാ പുരുഷന്‍മാര്‍ക്കും രണ്ടുവര്‍ഷത്തെ മിലിട്ടറി സേവനം നിര്‍ബന്ധമാണ്. ഇതിനു വേണ്ടിയാണ് ബിടിഎസ് ബാൻഡ് വേർപിരിഞ്ഞത്.