ADVERTISEMENT

മനസ്സുകളെ ഇമ്പമുള്ള ഈണച്ചരടിൽ കോർത്തിട്ട വിദ്യാസാഗർ തന്റെ സംഗീതജീവിതത്തിൽ 25 വർഷങ്ങൾ പൂർത്തിയാക്കുകയാണ്. പ്രണയമായും വിരഹമായും താരാട്ടായും ആ ഈണങ്ങൾ ഹൃദയങ്ങളെ എന്നുമെപ്പോഴും തഴുകിക്കൊണ്ടേയിരിക്കുന്നു. മലയാളിയുടെ പ്രണയത്തിൽ വിദ്യാസാഗറിനോളം പങ്ക് മറ്റാർക്കുമില്ലെന്നു തന്നെ പറയാം. വിദ്യാസാഗറിന്റെ ഈണങ്ങളിലൂടെ പ്രണയത്തിന്റെയും കാത്തിരിപ്പിന്റെയും വിരഹത്തിന്റെയുമൊക്കെ കാലങ്ങളിലൂടെ യാത്ര ചെയ്യാത്ത മലയാളികളുണ്ടാവില്ല. 90കൾ മുതൽ പുറത്തിറങ്ങിയ പല ഹിറ്റ് മലയാള സിനിമകളെയും ഇത്രയധികം പ്രിയപ്പെട്ടതാക്കിയത് വിദ്യാസാഗർ നൽകിയ ആത്മാവുള്ള ഈണങ്ങൾ കൂടിയാണ്.

 

'കരളേ നിൻ കൈ പിടിച്ചാൽ', 'ഒരു രാത്രി കൂടെ വിടവാങ്ങവെ', 'ആരോ വിരൽ മീട്ടി', 'മറന്നിട്ടുമെന്തിനോ', 'കരിമിഴിക്കുരുവിയെ കണ്ടില്ല', 'എത്രയോ ജന്മമായ്' പിന്നെയും പിന്നെയും', 'കണ്ണിൽ കാശിത്തുമ്പകൾ', 'നിനക്കെന്റെ മനസ്സിലെ', 'ഈ തണുത്ത മൺചുരങ്ങൾ', 'ഒരു കുഞ്ഞു പൂവിന്റെ', ‘കിളിച്ചുണ്ടൻ മാമ്പഴമേ'... വിരൽ തൊട്ട എല്ലാ പാട്ടുകളെയും നിത്യഹരിതങ്ങളാക്കിയ സംഗീതസംവിധായകനാണ് വിദ്യാസാഗർ. അദ്ദേഹം ഈണമിട്ട പാട്ടുകളുള്ള സിനിമകളധികവും ഹിറ്റുകളായിരുന്നു. ആ വിജയങ്ങളിൽ പാട്ടുകളുടെ പങ്ക് വളരെ വലുതുമാണ്. ഗിരീഷ് പുത്തഞ്ചേരി രചിച്ചു വിദ്യാസാഗർ ഈണം നൽകിയ പാട്ടുകൾ കേൾക്കുന്നവരുടെ ഉള്ളിൽ സൃഷ്ടിക്കുന്നത് ഒരു പ്രണയ കാലം കൂടിയാണ്.

 

വിദ്യാസാഗർ പാട്ടുകൾ പ്ലേ ലിസ്റ്റിൽ ഇല്ലാത്ത പ്രണയികളുണ്ടാവുമോ? പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടികടന്നെത്തുന്ന ശബ്ദം, നീയരികിൽ നിൽക്കും നേരം പ്രണയം കൊണ്ട് പിടയുന്ന കരൾ, എത്രയോ ജന്മമായി തേടുന്ന കാത്തിരിപ്പ്, ഒരു രാത്രി കൂടി വിടവാങ്ങവെ പതിയെ പറന്ന് അരികിൽ വരുന്ന അഴകിന്റെ തൂവൽ... പ്രണയത്തിന്റെ പല ഭാവങ്ങൾക്ക് എത്ര ലളിതവും മനോഹരവുമായാണ് അദ്ദേഹം ഈണം നൽകിയതെന്നു നമ്മൾ വീണ്ടും അദ്ഭുതപ്പെട്ടു പോകും. അദ്ദേഹം മലയാളിയല്ല എന്ന് നമ്മൾ മറന്നു പോവും. വരികളെ മനോഹരമായി ഉള്ളിൽ തൊട്ട് തലോടും പോലെ കടന്നു പോകുന്ന മാജിക്‌ ഇല്ലാത്ത വിദ്യാസാഗർ ഈണങ്ങൾ ഇവിടെയുണ്ടായിട്ടില്ല.

 

അഴകിയ രാവണൻ, നിറം, പ്രണയ വർണങ്ങൾ, കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്, ചന്ദ്രനുദിക്കുന്ന ദിക്കിൽ, അനാർക്കലി, മീശമാധവൻ... പാട്ടുകൾ കൂടി നമ്മുടെ മനസ്സിലേക്കു കടന്നു വരും  ഈ സിനിമാ പേരുകൾ കേൾക്കുമ്പോൾ. പ്രണയവും കാത്തിരിപ്പും വിരഹവുമൊക്കെ പൊതിഞ്ഞ നാളുകളിൽ നമ്മെയും നമുക്കു കൂട്ടിരുന്ന ഈണങ്ങളോർത്തു നാം പുഞ്ചിരിക്കുകയും പൊട്ടിക്കരയുകയും ചെയ്യും. ഇത്രയധികം മനുഷ്യരെ മൃദുവായി തൊടാൻ വിദ്യാസാഗർ മാജിക്കുകൾക്കല്ലാതെ മറ്റെന്തിനാണാവുക.

 

വിദ്യാസാഗർ ഈണങ്ങൾ ഈ കാലങ്ങളെ മുഴുവൻ ഏറ്റവും ഭംഗിയായി, ഒരു മാന്ത്രികന്റെ കയ്യൊതുക്കത്തോടെ നമ്മുടെ ഹൃദയത്തിൽ നിറയ്ക്കും. ഈ ഈണങ്ങൾ കേൾക്കുമ്പോൾ മലയാളികൾ സ്വയം മറന്ന് പ്രണയത്തോടെ പാടും 'എത്രയോ ജന്മമായി നിന്നെ ഞാൻ തേടുന്നു, ദൂര തീരങ്ങളും മൂക താരങ്ങളും സാക്ഷികൾ' എന്ന്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com