ADVERTISEMENT

സംഗീത ഇതിഹാസം എ.ആർ. റഹ്മാന്റെ മകൾ ഖദീജ സംഗീതസംവിധാനത്തിലേക്ക്. തമിഴ് ചിത്രമായ ‘മിൻമിനി’ക്കു വേണ്ടിയാണ് ഖദീജ ഈണമൊരുക്കുക. മിൻമിനിയുടെ സംവിധായിക ഹലിത ഷമീം ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. കമ്പോസിങ്ങിനിടെയുള്ള ഖദീജയുടെ ചിത്രം ഹലിത പങ്കുവച്ചിട്ടുമുണ്ട്. ‘ഈ അസാധാരണ പ്രതിഭയ്‌ക്കൊപ്പം പ്രവർത്തിക്കാൻ സാധിച്ചതിൽ വളരെയധികം സന്തോഷം തോന്നുന്നു. മധുരസ്വരമുള്ള ഒരു ഗായികയും മികവുറ്റ സംഗീതസംവിധായികയുമാണ് ഖദീജ. മഹത്തായ സംഗീതശകലങ്ങൾ പുറത്തുവരാനിരിക്കുന്നു’, എന്ന അടിക്കുറിപ്പോടെയാണ് ഹലിത ഷമീം ഖദീജയ്ക്കൊപ്പമുള്ള ചിത്രം പങ്കിട്ടത്. 

 

അടുത്തിടെ ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ സംഗീതസംവിധാനത്തെക്കുറിച്ച് ഖദീജ പറഞ്ഞതിങ്ങനെ: ഞാൻ സംഗീതസംവിധാനത്തിലേക്കു കടക്കുമെന്ന് കഴിഞ്ഞ വർഷം വരെ എനിക്ക് യാതൊരു ഉറപ്പും ഉണ്ടായിരുന്നില്ല. എന്നാൽ പിന്നീട് എന്ത് ചെയ്യാനാണ് എന്റെ മനസ്സ് ആഗ്രഹിക്കുന്നതെന്നു ഞാൻ കണ്ടെത്തി. അപ്പോൾ ഞാൻ പാട്ടുകൾ പാടുന്നതിനൊപ്പം മറ്റു പല കാര്യങ്ങളും ചെയ്തു. ഇനിയും കൂടുതൽ ചെയ്യാനുണ്ടെന്ന് എനിക്കു ബോധ്യമായി. അങ്ങനെ ഹലിത മാഡത്തെ വിളിച്ച് ഞാൻ പാട്ടൊരുക്കാൻ തയ്യാറാണെന്നു പറഞ്ഞു. എന്റെ ശബ്ദവും ചന്താരീതിയും തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും എനിക്കൊപ്പം വർക്ക് ചെയ്യാൻ ആഗ്രഹമുണ്ടെന്നും ഹലിത മാഡം എന്നോടു പറഞ്ഞു. അങ്ങനെയാണ് ഞങ്ങൾ മിൻമിനിക്കു വേണ്ടി ഒരുമിച്ചത്. 

 

ഖദീജ ഈണം നൽകുന്ന പാട്ടുകൾ കേൾക്കാൻ വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. നിരവധി പേരാണ് ഖദീജയുടെ പുതിയ തുടക്കത്തിന് ആശംസകൾ നേർന്ന് എത്തുന്നത്. 2020ൽ ‘ഫരിശ്തോ’ എന്ന ഗാനം ആലപിച്ചാണ് ഖദീജ സംഗീതമേഖലയിൽ അരങ്ങേറ്റം കുറിച്ചത്. എ.ആർ.റഹ്മാൻ തന്നെ സംഗീതസംവിധാനവും നിർമാണവും നിർവഹിച്ച ആൽബമായിരുന്നു അത്. മുന്ന ഷൗക്കത്ത് അലിയാണ് പാട്ടിനു വേണ്ടി വരികൾ കുറിച്ചത്. ‘ഫരിശ്തോ’ സംഗീതലോകത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടു. പാട്ടിലൂടെ മികച്ച അനിമേറ്റഡ് സംഗീത വിഡിയോയ്ക്കുള്ള ഇന്റർനാഷനൽ സൗണ്ട് ഫ്യൂച്ചർ പുരസ്കാരവും ഖദീജ നേടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com