ADVERTISEMENT

സംഗീതപ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട ഗാനങ്ങളിലൊന്നായ ‘ഇളയ നിലാ’യുടെ ഈണം പിറന്നതിനു പിന്നിലെ രസകരമായ കഥ വെളിപ്പെടുത്തി ഇളയരാജ. എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ ശബ്ദത്തിലാണ് ഇപ്പോൾ ആസ്വാദകർ കേൾക്കുന്ന ഗാനമുള്ളത്. എന്നാൽ, ഈ ഗാനം ആദ്യം ചിട്ടപ്പെടുത്തിയത് ബാലു മഹേന്ദ്രയുടെ ഒരു സിനിമയ്ക്കു വേണ്ടിയായിരുന്നുവെന്നും ആ ഗാനം ആലപിക്കേണ്ടിയിരുന്നത് യേശുദാസ് ആയിരുന്നെന്നും ഇളയരാജ വെളിപ്പെടുത്തി. 

 

1982ൽ പുറത്തിറങ്ങിയ ‘പയനങ്ങൾ മുടിവതില്ലൈ’ എന്ന ചിത്രത്തിലാണ് പ്രേക്ഷകർ ‘ഇളയ നിലാ’ കേൾക്കുന്നത്. അക്വസ്റ്റിക് ഗിറ്റാറിന്റെ സർവസൗന്ദര്യവും ആവാഹിച്ച ഗാനത്തിന് എസ്പിബിയുടെ മാന്ത്രിക ശബ്ദം കൂടി ചേർന്നപ്പോൾ തലമുറകൾ ആ ഗാനത്തിന്റെ ആരാധകരായി. എന്നാൽ ഈ ഗാനം ചിട്ടപ്പെടുത്തിയത് 1980ൽ പുറത്തിറങ്ങിയ ബാലു മഹേന്ദ്ര ചിത്രം ‘മൂടു പനി’ക്കു വേണ്ടിയായിരുന്നു. ആ കഥ ഇളയരാജ പറയുന്നത് ഇങ്ങനെ: "ഉഡുപ്പിയിൽ ബാലു മഹേന്ദ്ര സർ ഷൂട്ട് ചെയ്തുകൊണ്ടിരുന്ന സമയം. എന്നെ വിളിച്ച് ഉടനെ ഉഡുപ്പിയിൽ എത്താൻ പറഞ്ഞു. പാട്ടു ചെയ്യാനാണ് വിളിച്ചത്. പുറത്തൊരു സ്ഥലത്തു പോയി പാട്ട് ചെയ്യുന്നത് എനിക്ക് അത്ര ഇഷ്ടമല്ല. എന്നാൽ ഉഡുപ്പി ആയതുകൊണ്ട്, അവിടെ ക്ഷേത്രദർശനം കൂടി ആകാമല്ലോ എന്നു കരുതി ഞാൻ പോയി. ആദ്യം ചെയ്തത് 'ഇളയ നിലാ' എന്ന ട്യൂൺ ആയിരുന്നു. പക്ഷേ, ബാലു മഹേന്ദ്ര അതു നിരസിച്ചു. വേറെ ഒരു ഈണം ചോദിച്ചു. അപ്പോൾ ഞാൻ ‘എൻ ഇനിയ പൊൻ നിലാവെ’ കൊടുത്തു."

 

ബാലു മഹേന്ദ്രയുടെ ‘മൂടു പനി’യിൽ യേശുദാസ് ആണ് ‘എൻ ഇനിയ പൊൻ നിലാവെ’ എന്ന ഗാനത്തിനു ശബ്ദം നൽകിയത്. ആ ഗാനവും എക്കാലത്തേയും സൂപ്പർഹിറ്റ് ഗാനങ്ങളിലൊന്നാണ്. ‘മൂടു പനി’ എന്ന ചിത്രത്തിൽ ‘ഇളയ നിലാ’ ഉൾപ്പെടുത്തിയിരുന്നുവെങ്കിൽ ആ ഗാനം ഒരുപക്ഷേ, യേശുദാസിന്റെ ശബ്ദത്തിലായിരുന്നേനെ പ്രേക്ഷകർ കേൾക്കുമായിരുന്നത്. അങ്ങനെയൊരു സാധ്യതയുടെ സൗന്ദര്യം കാണികൾക്കു മുമ്പിൽ കാഴ്ചവയ്ക്കാനും ഇളയരാജ മടിച്ചില്ല. അൽപം നാടകീയമായാണ് ലൈവ് പരിപാടിക്കിടയിൽ ഇക്കാര്യം ഇളയരാജ അവതരിപ്പിച്ചത്. ആദ്യം ഗായകൻ കാർത്തിക് ‘ഇളയ നിലാ’ പാടി അവതരിപ്പിച്ചു. സദസ്സിൽ നിന്നുയർന്ന ഹർഷാരവങ്ങൾക്കിടെ വീണ്ടും ഇളയരാജയുടെ ശബ്ദം: "എൻ ഇനിയ പൊൻ നിലാവെ എസ്പിബി പാടി ‘ഇളയ നിലാ’ യേശുദാസ് പാടിയാലോ?" പിന്നീട് കേട്ടത് മധു ബാലകൃഷ്ണൻ വേദിയിൽ ‘ഇളയ നിലാ’ ആലപിക്കുന്നതാണ്. ആർപ്പുവിളികളും കയ്യടികളും കൊണ്ട് സദസ്സ് ഇളകി മറഞ്ഞു. 

 

യേശുദാസ് പാടിയാൽ എങ്ങനെയിരിക്കുമെന്നു കാണിക്കാൻ മധു ബാലകൃഷ്ണനെ വിളിച്ചതിലുള്ള കൗതുകം പ്രേക്ഷകർ കയ്യടികളോടെയാണ് സ്വീകരിച്ചത്. അങ്ങനെയൊരു ക്ഷണം ഇളയരാജയെപ്പോലെയുള്ള ഒരു പ്രതിഭയിൽ നിന്നു ലഭിച്ചത് വലിയ അംഗീകാരമായി കാണുന്നുവെന്ന് മധു ബാലകൃഷ്ണൻ മനോരമ ഓൺലൈനോടു പ്രതികരിച്ചു. "ഇളയരാജ സാറിന്റെ സ്റ്റേജ് ഷോകളിൽ ഞാൻ സ്ഥിരം ഗായകനാണ്. ഈയടുത്ത് ചില വേദികളിലാണ് അദ്ദേഹം ഇങ്ങനെ എന്നെക്കൊണ്ട് ചെയ്യിപ്പിച്ചത്. തീർച്ചയായും ഒരു ഗായകൻ എന്ന നിലയിൽ ഇത് വലിയ അംഗീകാരമാണ്. സന്തോഷം," മധു ബാലകൃഷ്ണൻ പറഞ്ഞു. ചെന്നൈയിൽ നടന്ന ‘റോക്ക് വിത്ത് രാജ’ എന്ന പരിപാടിക്കിടെയാണ് ഈ മനോഹര നിമിഷം പിറന്നത്. പരിപാടിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയായിക്കഴിഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com