ബിടിഎസിലെ മറ്റ് അംഗങ്ങളും ഉടൻ സൈന്യത്തിലേക്ക്; നടപടികൾ വേഗത്തിലാക്കി കൊറിയ

Mail This Article
കൊറിയൻ ബാൻഡ് ആയ ബിടിഎസിലെ മറ്റ് അംഗങ്ങളും ഈ വർഷം തന്നെ സൈനിക സേവനത്തിനിറങ്ങുമെന്ന് റിപ്പോർട്ട്. ബാൻഡിലെ ജിൻ, ജെ–ഹോപ് എന്നീ അംഗങ്ങൾ നിലവിൽ സൈനിക സേവനം ആരംഭിച്ചുകഴിഞ്ഞു. ശേഷിക്കുന്ന ജിമിൻ, ആർഎം, സുഗ, വി, ജംഗൂക് എന്നിവരും ഉടൻ തന്നെ സൈന്യത്തിൽ ചേരുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ദക്ഷിണ കൊറിയയിലെ നിയമമനുസരിച്ച് 18നും 28നും ഇടയില്‍ പ്രായമുള്ള ആരോഗ്യവാന്‍മാരായ എല്ലാ പുരുഷന്‍മാര്‍ക്കും രണ്ടുവര്‍ഷത്തെ മിലിട്ടറി സേവനം നിര്‍ബന്ധമാണ്. ഇതിനു വേണ്ടിയാണ് ബിടിഎസ് ബാൻഡ് വേർപിരിഞ്ഞത്. സംഘാംഗങ്ങൾക്കു നൽകിയ 2 വർഷത്തെ പ്രത്യേക ഇളവും കഴിഞ്ഞതോടെയാണ് അംഗങ്ങൾ സൈനികസേവനത്തിനിറങ്ങിയത്.
ബിടിഎസിലെ മുതിർന്ന അംഗമായ ജിൻ, കഴിഞ്ഞ ഡിസംബറിൽ ദക്ഷിണ കൊറിയൻ ബൂട്ട് ക്യാംപിൽ 18 മാസം നീളുന്ന തന്റെ സൈനിക സേവനം ആരംഭിച്ചിരുന്നു. ഫെബ്രുവരിയോടെ ജെ–ഹോപ്പും സൈന്യത്തിൽ ചേർന്നു. 2025നു മുൻപ് എല്ലാം അംഗങ്ങളും നിയമപ്രകാരമുള്ള സൈനിക സേവനം പൂർത്തിയാക്കി ബിടിഎസ് ബാൻഡ് പുനരുജ്ജീവിപ്പിക്കാനാണു പദ്ധതി.