ADVERTISEMENT

സ്വന്തമാക്കിയതു 11 പുരസ്കാരങ്ങൾ, നേടിക്കൊടുത്തത് 17 ആലാപന പുരസ്കാരങ്ങൾ. 2 പതിറ്റാണ്ടായി സംസ്ഥാന സിനിമ അവാർഡിലെ സംഗീത പുരസ്കാരങ്ങൾ ശീലമാക്കിയ എം.ജയചന്ദ്രൻ ‘അവാർഡ് മേക്കർ’ എന്ന പദവി ഇത്തവണയും കൈവിടാതെ കാത്തു. സംഗീത സംവിധാനത്തിനും ആലാപനത്തിനും പശ്ചാത്തല സംഗീതത്തിനുമുള്ള സംസ്ഥാന പുരസ്കാരങ്ങൾ നേടിയ അപൂർവ നേട്ടത്തിനുടമയായ അദ്ദേഹത്തിനു മുന്നിൽ അവാർഡുകളുടെ എണ്ണത്തിൽ മുന്നിലുള്ളത് ഒരാൾ മാത്രം: 25 തവണ മികച്ച ഗായകനുള്ള പുരസ്കാരം നേടിയ യേശുദാസ്. 

‘19–ാം നൂറ്റാണ്ട്’ എന്ന ചിത്രത്തിലെ ‘മയിൽപ്പീലി ഇളകുന്നു കണ്ണാ...’ എന്ന ഗാനമാണ് 9–ാം തവണയും മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരം നേടിക്കൊടുത്തത്. ഈ ഗാനം ആലപിച്ച മൃദുല വാര്യർക്കാണു മികച്ച ഗായികയ്ക്കുള്ള പുരസ്കാരം. മൃദുല ഇതിനു മുൻപ് ജൂറിയുടെ പ്രത്യേക പരാമർശം നേടിയതും ‘കളിമണ്ണി’ൽ ജയചന്ദ്രൻ ഒരുക്കിയ ‘ലാലീ..ലാലീരെ...’ എന്ന പാട്ടിലൂടെയാണ്.

 

കഴിഞ്ഞ വർഷം ‘സൂഫിയും സുജാത’യും എന്ന സിനിമയിലെ ‘വാതിൽക്കലെ വെള്ളരിപ്രാവ്’ ഗാനത്തിലൂടെയാണു ജയചന്ദ്രനും ഗായിക നിത്യ മാമ്മനും പുരസ്കാരം നേടിയത്. സംഗീതത്തിനു പുറമേ ആ സിനിമയിലെ പശ്ചാത്തല സംഗീതത്തിനും പുരസ്കാരനേട്ടം സ്വന്തമാക്കിയിരുന്നു. 2003 മുതൽ ഇതുവരെ ജയചന്ദ്രൻ നേടിയ 11 സംസ്ഥാന അവാർഡുകളിൽ ഒന്ന് മികച്ച ഗായകനും മറ്റൊന്ന് പശ്ചാത്തല സംഗീതത്തിനുമാണ്. ജയചന്ദ്രന്റെ ഗാനങ്ങളിലൂടെ 12 ഗായകരാണ് 14 തവണ മികച്ച ഗായക പുരസ്കാരങ്ങൾ നേടിയത്. 3 ഗായകർ പ്രത്യേക ജൂറി പുരസ്കാരങ്ങളും നേടി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com