ADVERTISEMENT

വിവാഹമോചനം സംബന്ധിച്ച് ഗായകന്‍ അദ്നാൻ സമിയുടെ മുൻ ഭാര്യയും നടിയുമായ സെബ ബക്തിയാറിന്റെ വെളിപ്പെടുത്തലുകൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. വിവാഹത്തോടെ താൻ കരിയർ ഉപേക്ഷിച്ചെന്നും എന്നാൽ വിവാഹജീവിതം പരാജയപ്പെട്ടെന്നും അടുത്തിടെ ഒരു അഭിമുഖത്തിൽ സെബ വെളിപ്പെടുത്തി. വിവാഹമോചന സമയത്ത് മകനെ വിട്ടുകിട്ടാൻ വേണ്ടി ഒന്നര വർഷത്തോളം പോരാടേണ്ടി വന്നുവെന്നും സെബ ബക്തിയാർ തുറന്നു പറഞ്ഞു.

 

‘അദ്നാനുമായുള്ള വിവാഹം നടക്കുന്ന കാലത്ത് ഞാൻ അഭിനയരംഗത്തു സജീവമായിരുന്നു. എന്നാൽ വിവാഹശേഷം കരിയർ ഉപേക്ഷിച്ചു. എഴുത്തുകാരിയായോ നിർമാതാവായോ ഒക്കെ മുന്നോട്ടു നീങ്ങാനായിരുന്നു പദ്ധതി. അതിനിടയിൽ കുടുംബജീവിതത്തിൽ കൂടുതൽ ശ്രദ്ധിക്കാമെന്നും കരുതി. അതിനു വേണ്ടി അഭിനയത്തിൽ നിന്നും പൂർണമായി വിട്ടുനിന്നു. മകൻ ആസാൻ ജനിച്ച ശേഷം അവനെ നോക്കുന്നതിലായി എന്റെ മുഴുവൻ ശ്രദ്ധയും. പക്ഷേ വിവാഹജീവിതം മുന്നോട്ടു കൊണ്ടുപോകാൻ സാധിച്ചില്ല. 

 

ഞാനും അദ്നാനും വിവാഹമോചനം നേടുന്ന സമയത്ത് മകന്റെ അവകാശത്തെച്ചൊല്ലി തർക്കങ്ങളുണ്ടായി. 18 മാസം നീണ്ട പോരാട്ടത്തിനൊടുവിലാണ് അവനെ എനിക്കു തിരിച്ചു കിട്ടിയത്. ആ കാലയളവ് എന്നെ സംബന്ധിച്ചിടത്തോളം വലിയ മാനസിക പിരിമുറുക്കത്തിന്റേതായിരുന്നു. സുബോധം പോലും നഷ്ടപ്പെടുന്ന സാഹചര്യമായിരുന്നു അത്. അന്നത്തെ പല കാര്യങ്ങളും എനിക്ക് ഓർത്തെടുക്കാൻ പോലും സാധിക്കുന്നില്ല. മകനെ തിരിച്ചു കിട്ടാനുള്ള നിയമപോരാട്ടത്തിനിടെ എനിക്ക് എന്റെ ജോലി ചെയ്യാൻ സാധിച്ചിരുന്നില്ല. കുറച്ചു കാലത്തിനു ശേഷം സുഹൃത്തുക്കളുടെ നിർബന്ധപ്രകാരം ഞാൻ ചില സീരിയലുകളിൽ അഭിനയിച്ചു തുടങ്ങി. ഇപ്പോൾ ഞാനും മകനും ഒരുമിച്ചു കഴിയുന്നു’, സെബ ബക്തിയാർ പറഞ്ഞു.

 

80കളുടെ അവസാനത്തിൽ ബോളിവുഡ് ചിത്രങ്ങളിൽ സജീവമായിരുന്നു സെബ. പിന്നീടാണ് കരിയർ ഉപേക്ഷിച്ച് സ്വദേശമായ പാക്കിസ്ഥാനിലേക്കു മടങ്ങിയത്. 1993ലാണ് സെബയും അദ്നാൻ സമിയും വിവാഹിതരായത്. അദ്നാനും പാക് പൗരനായിരുന്നു. അതേ വർഷം തന്നെ ഇരുവർക്കും കുഞ്ഞ് ജനിച്ചു. പക്ഷേ കേവലം നാല് വർഷത്തെ ദാമ്പത്യത്തിനു ശേഷം സെബയും അദ്നാനും നിയമപരമായി വേർപിരിഞ്ഞു. 2001ൽ അദ്നാന്‍ സമി സബാ ഗലധാരിയെ വിവാഹം കഴിച്ചു. എന്നാൽ 3 വർഷത്തിനു ശേഷം ആ ബന്ധവും അവസാനിപ്പിച്ചു. പിന്നീട് 2010ലായിരുന്നു റോയ ഫർയാബിയുമായുള്ള വിവാഹം. 

 

2016 മുതൽ അദ്നാൻ സമി ഇന്ത്യൻ പൗരനാണ്. പാക്ക് നാവികസേനാ ഉദ്യോഗസ്ഥന്റെ മകനായി ലണ്ടനിൽ ജനിച്ച സമി, 2015 ലാണ് ഇന്ത്യൻ പൗരത്വത്തിന് അപേക്ഷ നൽകിയത്. തൊട്ടടുത്ത വർഷം ജനുവരിയിൽ പൗരത്വം ലഭിച്ചു. സമിക്ക് ഇന്ത്യൻ പൗരത്വം നൽകിയതിനോടുള്ള വിയോജിപ്പുകൾ പലപ്പോഴും ട്രോളുകളും വിമർശനങ്ങളുമായി പ്രത്യക്ഷപ്പെടാറുണ്ട്. മുൻപ് പല തവണ സമി സമൂഹമാധ്യമ ലോകത്തു ചർച്ച ചെയ്യപ്പെട്ടിട്ടുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com