വീട്ടിലെ സഹായികളുടെ പിറന്നാള് പോലും ഓർത്തുവച്ച് വിളിക്കും; എവിടെ പോയി വന്നാലും എല്ലാവർക്കും സമ്മാനം: കെ.എസ്.ബീന
Mail This Article
കുറേ വർഷങ്ങൾക്കു മുൻപാണ്. തിരുവനന്തപുരത്തെ ആകാശവാണി നിലയത്തിനടുത്തുള്ള ഒരു ചെറിയ ചായക്കട. റേഡിയോയിൽ പാട്ട് ഉച്ചത്തിൽ കേൾക്കുകയാണ്. ‘അതു കേൾക്കാതെ ഒന്നും നടക്കില്ലടേ’ എന്നു പറഞ്ഞുകൊണ്ടു ചായയടി തകർക്കുകയാണു അവിടത്തെ ചേട്ടൻ. ചന്ദനലേപ സുഗന്ധമാണു പാട്ട്. അതിനു പിന്നാലെ... തങ്കത്തോണി എന്ന ഗാനമെത്തി. ചായക്കൂട്ടിൽ ചേട്ടന് അൽപം ശ്രദ്ധ കുറഞ്ഞുവോ എന്നറിയില്ല. പാട്ടു തീരാറായപ്പോള്‍ മുഖത്ത് ഒരുപാടു സന്തോഷം. എന്നിട്ടു പറയുകയാണ്... നമ്മൾടെ കരമന കൃഷ്ണൻ നായരുടെ മകളാണു പാടിയതെന്ന്. ഇതിന്റെ ചേച്ചിയും നന്നായി പാടുമെന്ന്. കരമന കൃഷ്ണൻ നായരുടെ മകളാണു മലയാളത്തിന്റെ വാനമ്പാടിയായി മാറിയ കെ.എസ്.ചിത്ര. ചേച്ചി കെ.എസ്.ബീനയും. 1977 മുതൽ തുടർച്ചയായി അഞ്ചു വർഷം യൂണിവേഴ്സിറ്റി കലോത്സവത്തിൽ ലളിതഗാനത്തിൽ ഒന്നാമതെത്തിയ കെ.എസ്.ബീനയെ ചിലരെങ്കിലും ഇന്നുമോർക്കുന്നുണ്ടാകും.
തിരുവനന്തപുരത്തെ പഴയ തലമുറയ്ക്ക് കെ.എസ്.ചിത്രയെന്നാൽ കരമന കൃഷ്ണൻ നായരുടെ മകളാണ്. ആ അച്ഛന് പാട്ടിലൂടെ കിട്ടാതതെന്താണോ അതാണു ചിത്രയിലൂടെ യാഥാർഥ്യമായതെന്ന് ഈ ചേച്ചി വിശ്വസിക്കുന്നു. തന്റെ ജന്മപുണ്യമാണ് അനിയത്തി എന്നു പറയുവാനാണു കെ.എസ്.ബീനയ്ക്കിഷ്ടം. കരമനയിലെ വീട്ടിൽ തൃസന്ധ്യയ്ക്കു വിളക്കു കൊളുത്തുമ്പോൾ ഒപ്പമിരുന്നു പാടിയിരുന്നയാൾ ഇന്ന് ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ഗായികയായി മാറി. എന്നാലും അന്നത്തെ അതേ ആൾ തന്നെയാണു ചിത്ര. അതിലൊരു മാറ്റവുമില്ല കെ.എസ്.ബീന പറയുന്നു. ഉയർച്ചയുടെ പരകോടിയിൽ നിൽക്കുമ്പോൾ ലാളിത്യത്തോടെ പെരുമാറുവാൻ കഴിയുന്നുവെന്നതാണ് ചിത്രയെ ഉയരങ്ങളിലേക്കു വീണ്ടും എത്തിക്കുന്നതെന്നാണ് ഈ ചേച്ചി വിശ്വസിക്കുന്നത്. തന്നെ പോലും അദ്ഭുതപ്പെടുത്താറുണ്ട്, ആദരവു തോന്നിപ്പിച്ചിട്ടുണ്ട് ആ സ്വഭാവം.
കരമന കൃഷ്ണൻ നായർക്കു നിർബന്ധമായിരുന്നു മക്കൾ മൂന്നു പേരും, കെ.എസ്.ബീനയും കെ.എസ്.ചിത്രയും മഹേഷും സംഗീതത്തെ അർപ്പണ ബോധത്തോടെ സമീപിക്കണമെന്ന്. ‘പാട്ടു പഠനത്തിൽ അച്ഛൻ കണിശക്കാരനായിരുന്നു. അച്ഛന്റെ കുടുംബത്തിൽ പാടാത്തവരായി ആരുമില്ല. ഞങ്ങൾ മക്കളിൽ ചിത്ര മാത്രം പാട്ടിനൊപ്പം കൂടി. ഞാൻ വിവാഹം കഴിഞ്ഞു ദോഹയിലേക്കു പോയി. അനുജനും വേറെ മേഖലയിലേക്കു പോയി. എങ്കിലും ആരും സംഗീതത്തെ മറന്നിട്ടില്ല. പുതിയ തലമുറയിലും അങ്ങനെ തന്നെ. ഇന്നും എല്ലാരും ഒന്നിച്ചാൽ ഒരു ഗാനമേള നടത്താനുള്ള ആളുണ്ടാകും. പക്ഷേ എന്തോ ആരും അതൊരു പ്രഫഷനായി സ്വീകരിച്ചില്ല. എന്റെ മകളോടും ഞാൻ പറയാറുണ്ട്, കഴിവുണ്ടായിട്ടും അതു വേണ്ടത്ര ഉപയോഗിക്കുന്നില്ലെന്ന്.
ചിത്രയാണ് എനിക്കു പുതിയ പാട്ടുകളെ പരിചയപ്പെടുത്താറ്. അവളിൽ കൂടി ഞാൻ എല്ലാം അറിയുന്നു. ഇന്നും ഒരു വിദ്യാർഥിയെ പോലെയാണ്. അന്നും ഇന്നും പാട്ടു പഠിക്കാനും പാടാനും ഒരേ കാര്യഗൗരവമാണ്. എത്ര വർഷത്തെ പരിചയ സമ്പത്തുണ്ടെങ്കിലും ഇന്നും ലൈവ് പാടുവാൻ കയറുമ്പോൾ ടെൻഷനുണ്ട്. ഞാൻ വേദിയിലിരിപ്പുണ്ടെങ്കിൽ എന്നെ നോക്കും ഇടയ്ക്കിടെ. ചിത്ര പാടിയ ഗാനങ്ങൾ തന്നെയാണ് എന്റെ സംഗീത ലോകം എന്നു പറയാം. ചിത്ര പാടിയ ഓരോ ഗാനവും എന്റെയും പ്രിയപ്പെട്ടതാണ്. ജീവിതത്തിൽ ഏറ്റവുമധികം കേൾക്കുവാൻ കൊതിക്കുന്നതും ആ സ്വരത്തിലുള്ള ഗാനങ്ങൾ തന്നെ.
മറക്കാനാകാത്ത നിമിഷങ്ങളേ ചിത്ര സമ്മാനിച്ചിട്ടുള്ളൂ. ലോകത്തിന്റെ ഒരുപാടിടത്തേക്ക് അവൾ കൊണ്ടുപോയിട്ടുണ്ട്. എവിടെ പോയി വന്നാലും ഏറ്റവും വിലപ്പെട്ട എന്തെങ്കിലും സമ്മാനമായി കൊണ്ടുവരും. എനിക്കു മാത്രമല്ല, ഞങ്ങൾ വീട്ടിൽ സഹായികളായി ഉള്ളവർക്കു വരെ. അവരുടെ ഓരോരുത്തരുടേയും ജന്മദിനം ഓർത്തുവച്ചു ചിത്ര വിളിക്കും ആശംസകളറിയിക്കുവാൻ. അത്രയും സ്നേഹവും കരുതലുമാണ് ഓരോരുത്തരോടും’, കെ.എസ്.ബീന പറയുന്നു.
എം.ജി. രാധാകൃഷ്ണനെന്ന സംഗീതസംവിധായകനാണു കെ.എസ്.ചിത്രയുടെ ജീവിതത്തിൽ നിർണായകമായത്. ചിത്ര മാത്രമല്ല, ബീനയും അദ്ദേഹത്തിന്റെ പ്രിയ ശിഷ്യയായിരുന്നു. സ്നേഹപൂർവ്വം മീര എന്ന ചിത്രത്തിൽ ചിത്രയ്ക്കൊപ്പം ബീനയും പാടിയിട്ടുണ്ട്. തകിലുകൊട്ടാമ്പുറം, താരുണ്യം, താറാവ് തുടങ്ങിയ ചിത്രങ്ങളിലും ഗാനമാലപിച്ചു. എച്ച്.ഹരിഹരൻ, പ്രഭാകര വർമ്മ, കെ.ഓമനക്കുട്ടി തുടങ്ങിയ പ്രഗത്ഭരുടെ കീഴിലായിരുന്നു സംഗീത പഠനവും. ആകാശവാണിയിലും ഒട്ടേറെ പ്രാവശ്യം ലളിത സുന്ദര സ്വരവുമായി ബീന പാടിയിട്ടുണ്ട്. പാട്ടു ലോകത്ത് പ്രശസ്തയാകാതെ പോയതിൽ ഒട്ടുമേ സങ്കടമില്ല ഈ ചേച്ചിക്ക്. കാരണം താൻ കെ.എസ്.ചിത്രയുടെ ചേച്ചിയാണ് എന്നതുതന്നെ.
English Summary: K S Beena opens up about KS Chithra