ADVERTISEMENT

ഓർമകളിലേക്കു നടന്നുപോയെങ്കിലും ഇന്നും കാലം മൂളിനടക്കുന്നൊരീണമാണു മുഹമ്മദ് റഫി. പാട്ടുപെട്ടിക്കുള്ളിൽ നിന്നൊഴുകി വന്നു കേൾവിയെ കവർന്നെടുത്ത് പിന്നെ അവിടെനിന്നൊഴുകി ഹൃദയങ്ങളിലേക്കെത്തി കാലാതീതമായി ഇങ്ങനെ കുടിയിരിക്കുന്നൊരീണം. മരണം കൊണ്ടുപോയി നാൽപ്പത്തിയൊന്നു വർഷം പിന്നിടുമ്പോഴും റഫി പാടുകയാണ്. ഗ്രാമഫോണുകളിൽ, ഗലികളുടെ ഓരത്തെ ചായപ്പീടികകളിൽ, പൊട്ടൽ വീണ് പായൽ പടർന്ന ഓടുകൾ പുതച്ചു നിൽക്കുന്ന പഴഞ്ചൻ കെട്ടിടങ്ങൾക്കുള്ളിൽ, എപ്പോഴും വെമ്പലിന്റെ ഛായയുള്ള ട്രാഫിക് ബ്ലോക്കുകളിൽ, പിന്നെയിങ്ങേയറ്റത്ത് നമ്മുടെ കാതിൽ തിരുകുന്ന ചിപ്പുകളിൽ വരെ ഇന്നും റഫിയുണ്ട്. ഇങ്ങനെ നിലയ്ക്കാത്ത നാദധാരയാവാൻ അപൂർവം ജന്മങ്ങൾക്കേ ഭാഗ്യമുണ്ടായിട്ടുള്ളൂ. അതിലൊരാളാണു മുഹമ്മദ് റഫി.

 

സംഗീത ലോകം ഇന്ന് ആകെ മാറി. ലോകത്തെ ഏറ്റവും വലിയ വ്യവസായങ്ങളിലൊന്നുമാത്രമല്ല അത്. വ്യത്യസ്തത എന്ന വാക്കിനു മേലെയാണ് സംഗീത ലോകവുമായി ബന്ധപ്പെട്ടവരുടെ യാത്ര. എന്നിട്ടും റഫിയെന്ന പാട്ടിനു പകരം മറ്റൊന്നില്ല. ഏത് ഈണങ്ങൾക്കും സ്വരങ്ങൾക്കുമിടയിൽ അസാധാരണമായി ഉയർന്നു നിൽക്കുവാൻ അദ്ദേഹത്തിന്റെ പാട്ടിനു സാധിക്കുന്നു. ഗംഭീരവും ഭാവാർദ്രവുമായ ആലാപനത്തിൽ എല്ലാം മറന്ന് കേൾവിക്കാരൻ ഇന്നുമിരുന്നുപോകുന്നു. അവിടെ കാലവ്യത്യാസമില്ല, പാട്ടീണങ്ങളുടെ വിഭിന്നതകളില്ല, എല്ലാം റഫിയെന്ന നാദധാരയ്ക്കു മുന്നിൽ ഒന്നാകുന്നു. 

 

പരിമിതികളില്ലാത്ത ഗായകരില്ല. പക്ഷേ റഫിയുടെ കണ്ഠത്തിൽ എല്ലാ ഈണങ്ങൾക്കും ഇടമുണ്ടായിരുന്നു. അമൃത്‍സറിലുള്ള കോട്‍ലയിലെ സുൽത്താൻ‌ സിങ് ഗ്രാമത്തിൽ പട്ടം പറത്തിയും പാട്ടുപാടിയും രസിച്ചു നടന്ന ഫീക്കോയെന്ന ബാലനിൽനിന്ന് ഇന്ത്യയുടെ സംഗീത ചക്രവർത്തിമാരിലൊരാളെന്ന വിശേഷണത്തിലേക്കു മുഹമ്മദ് റഫി എത്തിയ കഥ പറഞ്ഞാൽ ഇന്ത്യയുടെ പാട്ടുവഴികള്‍ പറയുന്നതു പോലെയാകും. പ്രതിഭയുടെ പൂർണചന്ദ്രൻമാരായ സംഗീതജ്ഞരെക്കുറിച്ചുള്ള എഴുത്തു കൂടിയാകും അത്. നൗഷാദും എസ്.ഡി.ബർമനും കിഷോർ കുമാറും ലതാ മങ്കേഷ്കറുമൊക്കെയടങ്ങുന്ന പ്രതിഭകൾ അവിടെ കഥാപാത്രങ്ങളായി വരും.

 

മണിക്കൂറുകളെണ്ണി പ്രതിഫലം വാങ്ങുന്നവർക്കും പാടിയ പാട്ടിന്റെ മേലുള്ള പൂർണ അവകാശം തനിക്കു മാത്രമാണെന്നു വാദിക്കുന്നവർക്കുമൊക്കെ അപവാദമാണു റഫി. ജനങ്ങൾ പാട്ടിനെ ഇഷ്ടപ്പെടുന്നുവെങ്കിൽ അതാണു തനിക്കുള്ള ഏറ്റവും വലിയ സമ്മാനമെന്നാണ് അദ്ദേഹം കരുതിയിരുന്നത്. പ്രതിഫലത്തിന്റെ പേരിൽ ആരോടും പിണങ്ങിയിട്ടില്ല മുഹമ്മദ് റഫി. പുഞ്ചിരിക്കാതെ ആ മുഖമൊരിക്കലും ആരും കണ്ടിട്ടുമില്ല.  ജീവിതത്തിൽ ഒരിക്കലേ റഫി ഒരാളോടു പിണങ്ങിയിട്ടുള്ളൂ. അതു ലതാ മങ്കേഷ്കറോടായിരുന്നു. റോയൽറ്റിയുടെ പേരിലുള്ള ആ പിണക്കം അൽപം വലുതായിരുന്നു. ആറു വര്‍ഷത്തോളം ഇരുവരുമൊന്നിച്ചു പാട്ടു പാടിയിട്ടേയില്ല. തനിക്കു ചേരില്ലെന്നു തോന്നിയ ഗാനങ്ങൾ റഫി നിരസിച്ചിരുന്നു. 26000 ഗാനങ്ങളോളം റഫി പാടിയിട്ടുണ്ടെന്നാണു പറയപ്പെടുന്നത്. പക്ഷേ ഇതില്‍ ഗവേഷകർ കണ്ടെത്തിയത് ആകെ 7405 പാട്ടുകളും.

 

ഒരു മലയാളം ചിത്രത്തിലേ റഫി പാടിയിട്ടുള്ളൂ. അതും ഹിന്ദി ഗാനമായിരുന്നു. എന്നിട്ടും റഫിക്ക് ആരാധകർ ഏറെയാണു കേരളത്തിൽ. കസെറ്റുകളുടെ കാലത്ത് റഫിയുടെ പാട്ടുകളായിരുന്നു നമ്മളേറ്റവുമധികം സ്വന്തമാക്കിയിരുന്നത്. ചലച്ചിത്രത്തിന്റെ ചട്ടക്കൂടിൽ തീർക്കുന്ന പാട്ടുകളിൽ ഏതു ഭാവം തീർത്തു പാടാനും റഫിക്കു കഴിഞ്ഞിരുന്നു. റഫിയുടെ ജ്യേഷ്ഠന്റെ കൂട്ടുകാരനായിരുന്ന അബ്ദുൽ ഹമീദിന്റെ നിർ‌ബന്ധമായിരുന്നു അദ്ദേഹത്തെ പാട്ടുകാരനാക്കിയതെന്നു പറയാം. അബ്ദുല്‍ ഹമീദാണു റഫിയുടെ പിതാവിനെ പറഞ്ഞു സമ്മതിപ്പിച്ച് അദ്ദേഹത്തെ മുംബൈയിലേക്കയയ്ക്കുന്നത്. കെ.എൽ.സൈഗാൾ കച്ചേരി അവതരിപ്പിച്ച വേദിയിൽ പ്രതീക്ഷിക്കാതെ കിട്ടിയ അവസരം സുന്ദരമായി ഉപയോഗപ്പെടുത്തുമ്പോള്‍ റഫിക്കു 13 വയസ്സേ ഉണ്ടായിരുന്നുള്ളൂ. ഈ പാട്ട് കേട്ടാണു സംഗീതസംവിധായകൻ ശ്യാം സുന്ദർ 1944 ല്‍ പഞ്ചാബി ചിത്രമായ ഗുൽ ബലോചിലെ ‘ആജാ സോണിയേ ’ എന്ന ഗാനം പാടുവാൻ ക്ഷണിക്കുന്നത്. അതേ വർഷംതന്നെ റഫിയുടെ സ്വരം തേടി ഓൾ ഇന്ത്യ റേഡിയോയുമെത്തി.

 

മുംബൈയിലെത്തി ഒരു വർഷം പാട്ട് പാടാനുള്ള അവസരം തേടിയുള്ള അലച്ചിലായിരുന്നു. ഗാവോൻ കി ഗോരി എന്ന ചിത്രത്തിലായിരുന്നു റഫിയുടെ ആദ്യ ഹിന്ദി ഗാനമെത്തിയത്. പിന്നീട് നൗഷാദിന്റെയൊപ്പം കാലത്തെ കൊതിപ്പിച്ച ഗാനങ്ങളുടെ ഘോഷയാത്ര. കേൾവിക്കാരന്റെ വികാരമായി മാറിയിരുന്നു ആദ്യ കുറച്ചു ഗാനങ്ങളിലൂടെത്തന്നെ അദ്ദേഹം. നായകന്റെ ഭ്രാന്തമായ പ്രണയചിന്തകളും കടലാഴമുള്ള നൊമ്പരങ്ങളുമെല്ലാം റഫിയുടെ സ്വരമില്ലായിരുന്നുവെങ്കിൽ അപൂര്‍ണമായേനെ എന്നുറപ്പ്. തന്റെ കാലഘട്ടത്തിലെ എല്ലാ നടൻമാർക്കായും റഫി പാടിയിരുന്നു.

 

മുഹമ്മദ് റഫി മരിച്ചപ്പോൾ ലതാ മങ്കേഷ്കർ പറഞ്ഞതിങ്ങനെയായിരുന്നു....‘നമുക്കു ചുറ്റും ഇരുട്ടു പടർന്നിരിക്കുന്നു. പൂർണചന്ദ്രനാണ് അസ്തമിച്ചത്.’ പക്ഷേ അന്നൊരു ദിവസം മാത്രമേ അതു സംഭവിച്ചുള്ളൂ. ആ പൂർണചന്ദ്രൻ ഇന്നും വിളങ്ങുകയാണ്. അരൂപികളായ സ്വരക്കൂട്ടുകളാൽ ബന്ധിതമായ പ്രകാശകണങ്ങൾ പൊഴിച്ചുകൊണ്ട് ആ പൂർണചന്ദ്രനങ്ങനെ നിലകൊള്ളുകയാണിപ്പോഴും, കാലാതീതമായി. മുഹമ്മദ് റഫി മരിച്ച ദിവസം മുംബൈയിൽ നിർത്താതെ മഴ പെയ്യുകയായിരുന്നു. പ്രകൃതി അദ്ദേഹത്തിനു വിടചൊല്ലിയത് അങ്ങനെയായിരുന്നു. പക്ഷേ ആ ശബ്ദത്തിൽ നാം കേട്ട ഗാനങ്ങൾ മനസ്സുകളിൽ പെയ്തുകൊണ്ടേയിരിക്കുന്നു, ഇന്നും.....

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com