ADVERTISEMENT

ഇന്ത്യൻ സംഗീതലോകത്ത് പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത ഗായികയാണ് ആശാ ഭോസ്​ലെ. ആലാപന സൗകുമാര്യം കൊണ്ടും വശ്യമായ ആലാപനം കൊണ്ടും ഇന്ത്യൻ സിനിമാ ലോകം കീഴടക്കിയ ഗായിക. പോപ്പും ഗസലും ഭജനകളും ക്ലാസിക്കൽ സംഗീതവും നാടൻ പാട്ടുകളും ഖവാലിയുമെല്ലാം അനായാസം കൈകാര്യം ചെയ്യുന്ന ആശാജി ലോകത്തിൽ ഏറ്റവും അധികം ഗാനങ്ങൾ പാടി റെക്കോർഡ് ചെയ്യപ്പെട്ടിട്ടുള്ള ഗായകരിലൊരാളാണ്. 1933 സെപ്റ്റംബർ 8ന് ജനിച്ച ആശാജിക്കിന്ന് 90ാം ജന്മദിനം. 

 

മറാഠി നാടകവേദിയിലെ നടനും ഗായകനുമായിരുന്ന ദീനനാഥ് മങ്കേഷ്‌കറുടെയും ശുദ്ധമാതിയുടേയും മകളായി ഇൻഡോറിൽ ഒരു കൊങ്കണി കുടുംബത്തിലാണ് ആശ ജനിച്ചത്. ലതാ മങ്കേഷ്‌കർ, ഹൃദ്യനാഥ് മങ്കേഷ്‌കർ, ഉഷാ മങ്കേഷ്‌കർ, മീനാ മങ്കേഷ്‌കർ എന്നിവരാണ് സഹോദരങ്ങൾ. പ്രശസ്ത നടനും ഗായകനുമായ ദീനാനാഥ് മങ്കേഷ്‌കറിന്റെ പുത്രിമാരായ ആശയും ലതയും അച്ഛന്റെ ശിക്ഷണത്തിലായിരുന്നു സംഗീതത്തിന്റെ ആദ്യാക്ഷരങ്ങൾ പഠിച്ചത്. 

 

ആശയ്ക്ക് ഒമ്പത് വയസുള്ളപ്പോൾ അച്ഛൻ മരിച്ചു. അച്ഛന്റെ മരണത്തെത്തുടർന്ന് കുടുംബം പോറ്റാനായി സിനിമയിൽ അഭിനയിക്കാനും പാടാനും തുടങ്ങിയ സഹോദരി ലതയെ പിന്തുടർന്നാണ് ആശ പിന്നണി ഗാനരംഗത്ത് എത്തിയത്. 1943 ൽ മജാബാൽ എന്ന മറാഠി ചിത്രത്തിലെ ‘ചലാ ചലാ നവ്ബാല’ എന്ന ഗാനം പാടിക്കൊണ്ട് പിന്നണി ഗാനരംഗത്ത് അരങ്ങേറി. ഹിന്ദിയിൽ 1945ൽ 'ബഡി മാ' എന്ന ചിത്രത്തിലാണ് ആശ ആദ്യമായി പാടിയതെങ്കിലും 1948ൽ റിലീസായ 'ചുനാരിയ' ആണ് ഗായികയുടെ ആദ്യ ചിത്രമായി അറിയപ്പെടുന്നത്. 

 

ആശ ഹിന്ദിസിനിമ പിന്നണിഗാന രംഗത്ത് എത്തിയപ്പോഴേക്കും ചേച്ചി ലത ഹിന്ദിസിനിമാ പിന്നണിഗാനരംഗത്തെ താരമായി മാറിയിരുന്നു. ഷംഷാദ് ബീഗവും ഗീത റോയിയും ലതാ മങ്കേഷ്‌കറും അരങ്ങുവാണിരുന്ന കാലത്ത് പിന്നണി ഗാനരംഗത്ത് ശ്രദ്ധപിടിച്ചുപറ്റുക അസാധ്യമായിരുന്നു. 1949 ൽ തന്റെ 16ാം വയസ്സിൽ കുടുംബത്തിന്റെ എതിർപ്പുകളെ അവഗണിച്ച് 31 വയസ്സുള്ള ഗൺപത്‌റാവു ഭോസ്‌ലെയെ വിവാഹം കഴിച്ചു. എന്നാൽ ആ വിവാഹം ഒരു പരാജയമായിരുന്നു. 

 

1956ൽ ഒ.പി.നയ്യാറിന്റെ സംഗീതസംവിധാനത്തിൻ കീഴിൽ സി.ഐ.ഡി എന്ന ചിത്രത്തിൽ പാടിയതാണ് ആശയുടെ സംഗീത ജീവിതത്തിൽ വഴിത്തിരിവായത്. പിന്നീട് 1974ൽ വഴിപിരിയുന്നതുവരെ ഈ സംഗീതജോടി നിരവധി ഹിറ്റുകൾ നമുക്കു സമ്മാനിച്ചു (ഹൗറ ബ്രിഡ്ജ്, കശ്മീർ കി കലി, തുംസാ നഹി ദേഖാ, ഏക് മുസാഫിർ ഏക് ഹസീന, മേരെ സനം). ബി ആർ ബാനറിന്റെ പ്രമുഖ ചിത്രങ്ങളിലെല്ലാം പാടാൻ ആശാജിക്ക് അവസരം ലഭിച്ചു. (നയാ ദൗർ, വഖ്ത്, ഗുമ്രാഹ്). 1966 ൽ പുറത്തിറങ്ങിയ തീസിരി മൻസിലിൽ പാടിക്കൊണ്ടായിരുന്നു ആശാ ഭോസ്​ലെ - ആർ.ഡി.ബർമൻ കൂട്ടുകെട്ടിന്റെ തുടക്കം. പിന്നീട് ആർ.ഡി.ബർമന്റെ പ്രിയപ്പെട്ട ഗായികയായി മറുകയായിരുന്നു ആശ ഭോസ്​ലെ. ആർ.ഡി ബർമന്റെ കീഴിലാണ് ആശ ഒരു സമ്പൂർണ്ണ ഗായികയായി തീരുന്നത്. ആ കൂട്ടുകെട്ട് വിവാഹം വരെ എത്തിനിന്നു.

 

പോപ്, കാബറെ, റോക്ക്, ഡിസ്‌കൊ, ഗസൽ, ക്ലാസ്സിക്കൽ അങ്ങനെ എല്ലാത്തരം ഗാനങ്ങളും പാടാൻ കഴിവുള്ള ഒരു ഗായികയണ് താനെന്ന് ആശ, ബർമൻ ഗാനങ്ങളിലൂടെ തെളിയിക്കുകയായിരുന്നു. അക്കാലത്ത് ഹെലന്റെ ലഹരി പിടിപ്പിക്കുന്ന നൃത്തത്തിന് ഒരു അവിഭാജ്യഘടകമായിരുന്നു ആശയുടെ പാട്ടുകൾ. 1990 കളിൽ സിനിമയിൽ നിന്ന് പതിയെ പിൻവാങ്ങിയ ആശയെ എ.ആർ.റഹ്മാനാണ് തിരിച്ചുകൊണ്ടുവന്നത്. 1995 ൽ പുറത്തിറങ്ങിയ രംഗീല എന്ന ചിത്രത്തിൽ ഊർമിള മണ്ഡോദ്കറിന് വേണ്ടി പാടിയ പാട്ടുകളെല്ലാം സൂപ്പർ ഹിറ്റുകളായി. തുടർന്ന് താൽ, ലഗാൻ, ദൗഡ്, ഇരുവർ, ലഗാൻ തുടങ്ങി നിരവധി റഹ്മാൻ ചിത്രങ്ങളിൽ ആശ പാടിയിട്ടുണ്ട്. 

 

ഒ.പി.നയ്യാർ, ബോംബൈ രവി, എസ്.ഡി.ബർമൻ, ആർ.ഡി.ബർമൻ, ഇളയരാജ, റഹ്മാൻ, ജയ്‌ദേവ്, ശങ്കർ–ജയ്കിഷൻ, അനുമാലിക്ക് തുടങ്ങിയ ബോളിവുഡ് ലോകത്തെ പ്രശസ്തരായ സംഗീതസംവിധായകരുടെയെല്ലാം കീഴിൽ ആശാജി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഗ്രാമിയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ആദ്യ ഇന്ത്യക്കാരിയാണ് ആശാ ഭോസ്​ലെ. 2000ൽ ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരവും 2008ൽ പത്മവിഭൂഷണും നൽകി രാജ്യം ഗായികയെ ആദരിച്ചു. 20 ഭാഷകളിലായി പതിനായിരത്തിലധികം പാട്ടുകൾ ആശ പാടിയിട്ടുണ്ട്.

 

ആശ ഒരിക്കൽ അഭിമുഖത്തിൽ പറഞ്ഞു: സംഗീതം എനിക്ക് ശ്വാസോച്ഛ്വാസം പോലെയാണ്. എന്റെ സംഗീതം നിലയ്ക്കണമെങ്കിൽ എന്റെ ശ്വാസം കൂടി നിലയ്ക്കണം. ഇനിയും ഒരുപാട് ചെയ്തു തീർക്കാനുണ്ട്. പക്ഷേ വളരെ കുറച്ചു സമയമേ ബാക്കിയുള്ളൂ എന്നു തോന്നുന്നു. കാലം കടന്നുപോയാലും നായികമാർ മാറി മാറി വന്നാലും ആർക്കും വഴിമാറാതെ പാടിക്കൊണ്ടേയിരിക്കുക എന്നതാണ് മോഹം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com