ആയിരങ്ങൾ മുടക്കി ടിക്കറ്റെടുത്തിട്ടും അകത്ത് പ്രവേശിക്കാനായില്ല; എ.ആർ.റഹ്മാനെതിരെ അണപൊട്ടി പ്രതിഷേധം
Mail This Article
ചെന്നൈയിൽ നടന്ന എ.ആർ.റഹ്മാൻ ഷോയുടെ സംഘാടനത്തിൽ വന്ന പിഴവിനെച്ചൊല്ലി വിമർശനവുമായി കടുത്ത ആരാധകവൃന്ദം. ‘മറക്കുമ നെഞ്ചം’ എന്ന പേരിൽ നടത്തിയ സംഗീതപരിപാടിയിൽ പങ്കെടുക്കാൻ ആയിരക്കണക്കിന് പേരാണ് എത്തിയത്. ആയിരങ്ങൾ മുടക്കി ടിക്കറ്റെടുത്തെങ്കിലും പലർക്കും വേദിയുടെ അടുത്ത്പോലും എത്താൻ സാധിച്ചില്ല.
ടിക്കറ്റ് എടുത്തവർ എത്തുന്നതിനു മുന്നേ അവരുടെ സീറ്റുകൾ മറ്റു ചിലർ കയ്യേറിയെന്നാണ് ആക്ഷേപം. ഇത് സംഘാടകരുടെ ഭാഗത്തുനിന്നുണ്ടായ പിഴവാണെന്നു ചൂണ്ടിക്കാണിച്ച് സമൂഹമാധ്യമങ്ങളിൽ ആരാധകരോഷം അണപൊട്ടി. നിരവധി പേരാണ് എ.ആർ.റഹ്മാനെയും സംഘാടകസമിതിയെയും വിമർശിച്ചു രംഗത്തെത്തുന്നത്.
സംഗീതപരിപാടി ആരംഭിക്കുന്നതിനു മണിക്കൂറുകൾക്കു മുന്നേ എത്തി കാത്തു നിന്നിട്ടും പലർക്കും അകത്തു പ്രവേശിക്കാൻ സാധിച്ചില്ല. തിരക്കിൽപ്പെട്ട് പലർക്കും പരുക്കേറ്റതായും പ്രാദേശികമാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. തിരക്കിനിടയിൽ കൊച്ചുകുട്ടികളെ കൈവിട്ടുപോയെന്നും ജനക്കൂട്ടത്തിൽ നിന്നും തികച്ചും മോശം അനുഭവമാണ് നേരിടേണ്ടിവന്നതെന്നും പറഞ്ഞ് സ്ത്രീകൾ ഉൾപ്പെടെയുള്ളവർ പരസ്യപ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്.