വിവാഹമോചനത്തെക്കുറിച്ച് പരസ്യ പ്രതികരണവുമായി പോപ് താരം ജോ ജൊനാസ്. തന്റെയും സോഫി ടേണറിന്റെയും വേർപിരിയലിനെത്തുടർന്ന് പല അഭ്യൂഹങ്ങളും തല പൊക്കിയിട്ടുണ്ടെന്നും തങ്ങളുടെ സ്വകാര്യതയിലേക്ക് ആരും കടന്നു കയറരുതെന്നും ജോ ജൊനാസ് സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ഇതാദ്യമായാണ് വിവാഹമോചന വാർത്തകളോട് ജോ ജൊനാസ് പ്രതികരിക്കുന്നത്. എന്നാൽ സോഫി ഇതുവരെ പരസ്യപ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. വിവാഹമോചനത്തിനായി സോഫിയും ജോയും ഫ്ലോറിഡയിലെ മിയാമി-ഡേഡ് കൗണ്ടി കോടതിയെയാണ് സമീപിച്ചത്.
‘അതിമനോഹരവും വിസ്മയകരവുമായ 4 വർഷങ്ങൾക്കു ശേഷം പരസ്പര സമ്മതത്തോടെ പിരിയാൻ ഞങ്ങൾ തീരുമാനിച്ചു. ഇത് ഞങ്ങളുടെ സൗഹാർദപരമായ വേർപിരിയലാണ്. ഞാനും സോഫിയും പിരിയുന്നതിന്റെ കാരണങ്ങളെക്കുറിച്ച് പല ഊഹാപോഹങ്ങളും പ്രചരിക്കുന്നുണ്ട്. പക്ഷേ ഞങ്ങളുടേത് ഒരുമിച്ചുള്ള തീരുമാനമാണ്. ഞാനും സോഫിയും ഞങ്ങളുടെ മക്കളും സ്വകാര്യത ആഗ്രഹിക്കുന്നുണ്ട്. അതിനുള്ള മര്യാദ എല്ലാവരും കാണിക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ’, ജോ ജൊനാസ് കുറിച്ചു.
മൂന്ന് വർഷം നീണ്ട ഡേറ്റിങ്ങിനൊടുവിൽ 2019 മേയ് 1നാണ് ജോ ജൊനാസും നടിയും മോഡലുമായ സോഫി ടേണറും വിവാഹിതരായത്. ലാസ് വേഗസിൽ വച്ച് രഹസ്യമായിട്ടായിരുന്നു വിവാഹം. 2020 ജൂലൈയിൽ ഇരുവരും ആദ്യ കുഞ്ഞിനെ സ്വീകരിച്ചു. വില്ല എന്നാണ് മകൾക്കു പേരിട്ടിരിക്കുന്നത്. 2022ൽ സോഫിയും ജോയും രണ്ടാമത്തെ മകൾക്കു ജന്മം നൽകി. എന്നാൽ കുഞ്ഞിന്റെ പേരുവിവരങ്ങളോ മുഖമോ ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല. ജോയും സോഫിയും വിവാഹബന്ധം വേർപെടുത്താൻ തീരുമാനിച്ചെങ്കിലും കുട്ടികളുടെ കാര്യത്തിൽ ഇരുവരും തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല.
ജോയും സോഫിയും വേർപിരിയുകയാണെന്ന വിവരം ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. പൊതു ഇടങ്ങളിലും ജൊനാസ് ബ്രദേഴ്സിന്റെ സംഗീതപരിപാടികളിലുമെല്ലാം ജോയ്ക്കൊപ്പം എപ്പോഴും സോഫിയും ഉണ്ടായിരുന്നു. ഇരുവർക്കുമിടയിൽ പ്രശ്നങ്ങളുള്ളതായി യാതൊരു സൂചനയും പുറത്തുവന്നിരുന്നില്ല. ഏതാനും ആഴ്ചകൾക്കു മുൻപാണ് സോഫിയും ജോയും തങ്ങളുടെ ആഡംബര വസതിയായ മാൻഷൻ വിറ്റത്. റിയൽ എസ്റ്റേറ്റ് നിക്ഷേപകനായ ഫസീൽ ഖാനാണ് 15 മില്യൻ ഡോളർ നൽകി വീട് സ്വന്തമാക്കിയത്. വിവാഹമോചനത്തിന്റെ വക്കിലെത്തിയതോടെയാണ് ജോയും സോഫിയും സ്വപ്നഭവനം വിറ്റതെന്ന റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നു.