ശങ്കർ രാമകൃഷ്ണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘റാണി’ എന്ന ചിത്രത്തിലെ പുതിയ ഗാനം ആസ്വാദകശ്രദ്ധ നേടുന്നു. ‘പറന്നേ പോ കിളിത്തൂവലേ’ എന്നു തുടങ്ങുന്ന ഗാനത്തിന് മേന മേലത്ത് വരികള്‍ കുറിച്ച് സംഗീതം പകർന്നാലപിച്ചു.
അമ്മയും മകളും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ ആഴം വരച്ചിടുന്ന കാഴ്ചകളാണ് ഗാനരംഗത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. പാട്ട് ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധ നേടിക്കഴിഞ്ഞു. നിരവധി പേരാണു പ്രതികരണങ്ങളുമായി എത്തുന്നത്. ചിത്രത്തിലെ നേരത്തേ പുറത്തിറങ്ങിയ ‘വാഴേണം വാഴേണം വാഴേണം ദൈവമേ’ എന്നു തുടങ്ങുന്ന ഗാനവും ആസ്വാദകഹൃദയങ്ങൾ ഏറ്റെടുത്തിരുന്നു.
ഉർവശി, ഭാവന, ഹണി റോസ്, അനുമോൾ, മാല പാർവതി, ഇന്ദ്രൻസ്, ഗുരു സോമസുന്ദരം, മണിയൻപിള്ള രാജു, കൃഷ്ണൻ ഗോപിനാഥ്, അശ്വന്ത് ലാൽ, അംബി, സാബു ആമി പ്രഭാകരൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ‘റാണി’. മഞ്ജരി, പ്രാർഥന ഇന്ദ്രജിത്, ഗുരു സോമസുന്ദരം എന്നിവരും ‘റാണി’ക്കു വേണ്ടി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. സിനിമ റിലീസിനു തയ്യാറെടുക്കുകയാണ്.