ADVERTISEMENT

ജൊനാസ് ബ്രദേഴ്സിലെ രണ്ടാമനും ഗായകനുമായ ജോ ജൊനാസും നടി സോഫി ടേണറും ദാമ്പത്യബന്ധം അവസാനിപ്പിച്ചതിനു പിന്നാലെ നിക് ജൊനാസിനെയും ഭാര്യയും നടിയുമായ പ്രിയങ്ക ചോപ്രയെയും ചുറ്റിപ്പറ്റി അഭ്യൂഹങ്ങൾ ശക്തമാകുന്നു. ജോയും സോഫിയും വേര്‍പിരിഞ്ഞതുപോലെ പ്രിയങ്കയും നിക്കും തങ്ങളുടെ ബന്ധം അവസാനിപ്പിക്കുമോ എന്നാണ് ഇപ്പോൾ ചർച്ചകൾ നടക്കുന്നത്. ഇരു ദമ്പതികളുടെയും ബന്ധങ്ങളെ തമ്മിൽ താരതമ്യം ചെയ്തുകൊണ്ടും ചർച്ചകൾ സജീവമായിക്കഴിഞ്ഞു.

 

വ്യത്യസ്ത ജീവിതസാഹചര്യങ്ങളിൽ നിന്നു വന്നതുകൊണ്ടുതന്നെ സോഫിയും ജോയും തമ്മിൽ പല കാര്യങ്ങളിലും അസ്വാരസ്യങ്ങളും അഭിപ്രായവ്യത്യാസങ്ങളും ഉണ്ടായിരുന്നുവെന്ന് അടുത്ത വൃത്തങ്ങൾ പറയുന്നു. ഇരുവരുടെയും ജീവിതശൈലികളിലെ വ്യത്യാസങ്ങള്‍ പൊരുത്തക്കേടുകളിലേക്കു നയിച്ചു. എന്നിരുന്നാൽപ്പോലും ജോയും സോഫിയും പൊതുവേദികളിൽ എല്ലായ്പ്പോഴും ഒരുമിച്ചെത്തിയിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധം വളരെ ദൃഢമാണെന്നായിരുന്നു ആരാധകർ വിശ്വസിച്ചിരുന്നത്. എന്നാൽ 4 വർഷത്തെ ദാമ്പത്യജീവിതത്തിനു ശേഷം ദമ്പതികൾ പേർപിരിഞ്ഞു.

 

മൂന്ന് വർഷം നീണ്ട ഡേറ്റിങ്ങിനൊടുവിൽ 2019 മേയ് 1നാണ് ജോ ജൊനാസും നടിയും മോഡലുമായ സോഫി ടേണറും വിവാഹിതരായത്. ലാസ് വേഗസിൽ വച്ച് രഹസ്യമായിട്ടായിരുന്നു വിവാഹം. 2020 ജൂലൈയിൽ ഇരുവരും ആദ്യ കുഞ്ഞിനെ സ്വീകരിച്ചു. വില്ല എന്നാണ് മകൾക്കു പേരിട്ടിരിക്കുന്നത്. 2022ൽ സോഫിയും ജോയും രണ്ടാമത്തെ മകൾക്കു ജന്മം നൽകി. എന്നാൽ കുഞ്ഞിന്റെ പേരുവിവരങ്ങളോ മുഖമോ ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല. ജോയും സോഫിയും വിവാഹബന്ധം വേർപെടുത്താൻ തീരുമാനിച്ചതോടെ കുട്ടികളുടെ സംരക്ഷണം ഇരുവരും തുല്യമായി ഏറ്റെടുക്കുമെന്നാണ് വിവരം. ദമ്പതികൾ പിരിയുകയാണെന്ന വാർത്ത ഞെട്ടലോടെയാണ് ആരാധകവൃന്ദം കേട്ടത്.

 

അതേസമയം, പ്രിയങ്ക ചോപ്രയും നിക് ജൊനാസും സോഫിയുടെയും ജോയുടെയും പാത പിന്തുടരാൻ സാധ്യതയുണ്ടെന്നും വൈകാതെ ഇരുവരും വേർപിരിയുമെന്നും അഭ്യൂഹങ്ങളുയർന്നു. എന്നാൽ ഇരുവരും തമ്മിലുള്ള ബന്ധം ദിനംപ്രതി ദൃഢമാവുകയാണെന്നും താരദമ്പതികൾ ഒരിക്കലും വേർപിരിയില്ലെന്നും പറഞ്ഞ് ആരാധകർ രംഗത്തെത്തി. നിക്കിനെ പൂർണമായും പിന്തുണച്ച് ഓരോ സംഗീതപരിപാടിയിലും പ്രിയങ്ക തന്റെ സാന്നിധ്യം അറിയിക്കാറുണ്ടെന്നും അവർ തമ്മിൽ ഒരിക്കലും വേർപിരിയില്ലെന്നും ആരാധകർ ഉറപ്പിച്ചു പറയുന്നു. മുൻപ് നിക്കും പ്രിയങ്കയും വേർപിരിയുമെന്ന് നടനും നിർമാതാവുമായ കമാൽ റാഷിദ് ഖാൻ (കെആർകെ) പ്രവചിച്ചത് ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. അടുത്ത പത്ത് വർഷത്തിനകം നിക് ജൊനാസ് പ്രിയങ്കയെ ഉപേക്ഷിക്കുമെന്നായിരുന്നു കെആർകെയുടെ പ്രവചനം. ഇതോടെ നിരവധി പേർ കെആർകെയെ വിമർശിച്ചു രംഗത്തെത്തുകയും ചെയ്തു. 

 

2018 ഡിസംബർ 1നാണ് പ്രിയങ്കയും നിക്കും വിവാഹിതരായത്. വിവാഹസമയത്ത് പല പരിഹാസങ്ങളും അധിക്ഷേപങ്ങളും കേട്ടവരാണ് ഇരുവരും. പ്രിയങ്കയുടെ പ്രായക്കൂടുതൽ, രണ്ട് വ്യത്യസ്ത സംസ്കാരങ്ങൾ, താരങ്ങളെല്ലാം വിവാഹമോചിതരാകും എന്ന പ‌ൊതുധാരണ തുടങ്ങിയവയായിരുന്നു അത്തരം പരിഹാസങ്ങളുടെ അടിസ്ഥാനം. ഇരുവരുടെയും ദാമ്പത്യത്തിന് ആറു മാസം മുതൽ 1 വർഷം വരെ മാത്രമാണ് ആയുസ്സ് എന്നായിരുന്നു പലരുടെയും പ്രവചനം. എന്നാൽ വിവാഹമോചനവാർത്തയ്ക്കായി കാത്തുനിന്നവരെ നിരാശരാക്കിക്കൊണ്ട് നിക്കും പ്രിയങ്കയും ദാമ്പത്യജീവിതത്തിൽ 5 വർഷം തികയ്ക്കാനൊരുങ്ങുകയാണ്. 2022 ജനുവരിയിൽ ഇരുവരും വാടകഗർഭപാത്രത്തിലൂടെ ആദ്യകൺമണിയെ സ്വീകരിച്ചു. മാൾട്ടി മേരി ചോപ്ര ജൊനാസ് എന്നാണ് മകളുടെ പേര്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com