സംഗീതനിശാ വിവാദം കത്തിപ്പടരുന്നതിനിടെ എ.ആർ.റഹ്മാനെ പിന്തുണച്ച് ഗായിക ശ്വേത മോഹൻ പങ്കുവച്ച കുറിപ്പ് ചർച്ചയാകുന്നു. സംഗീതനിശയിൽ പങ്കെടുക്കാനെത്തി പരുക്കേറ്റ ഒരു യുവതി പങ്കുവച്ച വിഡിയോയ്ക്കു പ്രതികരണമായാണ് ശ്വേത എത്തിയത്. റഹ്മാൻ എപ്പോഴും സമാധാനത്തിനും സ്നേഹത്തിനും മനുഷ്യത്വത്തിനും വേണ്ടി മാത്രമാണ് നിലകൊള്ളുന്നതെന്നും അദ്ദേഹത്തിന്റെ സംഗീതപരിപാടിക്കിടെ ഇങ്ങനെയൊക്കെ സംഭവിക്കുന്നത് അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്നും ശ്വേത കുറിച്ചു. കുറ്റവാളികളെ ആരാധകരായിക്കണ്ട് സഹിക്കേണ്ട ആവശ്യം റഹ്മാനില്ലെന്നും ശ്വേത മോഹൻ കൂട്ടിച്ചേർത്തു.
‘ജീവിതകാലം മുഴുവൻ സമാധാനത്തിനും സ്നേഹത്തിനും മനുഷ്യത്വത്തിനും വേണ്ടി നിലകൊണ്ട ഒരാളെ സംബന്ധിച്ചിടത്തോളം, സംഗീതം എല്ലായ്പ്പോഴും എല്ലാവരുടെയും വേദന കുറയ്ക്കുന്ന ഒന്നുതന്നെയായി കണക്കാക്കപ്പെടും. റഹ്മാൻ സാറിന്റെ സംഗീത പരിപാടിയിൽ ഇത്തരമൊരു കാര്യം സംഭവിച്ചത് അങ്ങേയറ്റം നിർഭാഗ്യകരമാണ്. റഹ്മാൻ സർ ഇത്തരം കുറ്റവാളികളെ ആരാധകരെപ്പോലെ തന്റെ പരിപാടിയിൽ അർഹിക്കുന്നുണ്ടോ? അദ്ദേഹം വളരെ മികച്ച പ്രതിഭയാണ്. ഓരോ സ്റ്റേജ്ഷോയിലും അദ്ദേഹം സ്ത്രീകൾക്കായി ഒരു ഗാനം സമർപ്പിക്കാറുണ്ട്. ഓരോ പുരുഷനും സ്ത്രീകളോടു പാലിക്കേണ്ട ആദരവുകൾ എന്തൊക്കെയാണെന്ന് ഓർമിപ്പിക്കാറുണ്ട്. സിംഗപ്പെണ്ണേ, കൂടുതൽ ശക്തയാകൂ. നാം ജീവിക്കുന്നത് നികൃഷ്ടമായ ഒരു സമൂഹത്തിലാണ്. പ്രശ്നങ്ങളെ തരണം ചെയ്ത് വീണ്ടും ഉയർത്തെഴുന്നേൽക്കാനുള്ള ശക്തി ലഭിക്കട്ടെ’, ശ്വേത കുറിച്ചു.
സെപ്റ്റംബർ 10നായിരുന്നു ‘മറക്കുമാ നെഞ്ചം’ എന്ന പേരിൽ ചെന്നൈയിൽ റഹ്മാന്റെ സംഗീതപരിപാടി. ആയിരക്കണക്കിന് പേരാണ് പരിപാടി കാണാനെത്തിയത്. അയ്യായിരവും പതിനായിരവും മുടക്കി ടിക്കറ്റെടുത്തെങ്കിലും പലർക്കും വേദിയുടെ അടുത്തുപോലും എത്താൻ സാധിച്ചില്ല. 20,000 പേർക്ക് ഇരിക്കാൻ സൗകര്യമുള്ള സ്ഥലത്തു നടത്തിയ സംഗീത പരിപാടിക്കായി അര ലക്ഷത്തോളം ടിക്കറ്റുകൾ വിതരണം ചെയ്തതാണ് പ്രശ്നങ്ങൾക്കു കാരണമായത്. സംഗീതപരിപാടി ആരംഭിക്കുന്നതിനു മണിക്കൂറുകൾക്കു മുന്നേ എത്തി കാത്തു നിന്നിട്ടും പലർക്കും അകത്തു പ്രവേശിക്കാൻ സാധിച്ചില്ല. തിരക്കിൽപ്പെട്ട് പലർക്കും പരുക്കേറ്റതായും പ്രാദേശികമാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. തിരക്കിനിടയിൽ കൊച്ചുകുട്ടികളെ കൈവിട്ടുപോയെന്നും ജനക്കൂട്ടത്തിൽ നിന്നും തികച്ചും മോശം അനുഭവമാണ് നേരിടേണ്ടിവന്നതെന്നും പറഞ്ഞ് ചിലർ പരസ്യപ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. സ്ത്രീകൾക്കെതിരെ ലൈംഗിക അതിക്രമങ്ങളുണ്ടായതായും പരാതികളുണ്ട്.
സുരക്ഷാ, സംഘടനാ വീഴ്ചകള്‍ ചൂണ്ടിക്കാണിച്ച് സമൂഹമാധ്യമങ്ങളിൽ ആരാധകരോഷം അണപൊട്ടി. സംഭവം വിവാദമായതോടെ മാപ്പ് പറഞ്ഞ് എ.ആർ.റഹ്മാനും സംഘാടകരും രംഗത്തെത്തിയിരുന്നു. സംഗീതപരിപാടി കാണാൻ ടിക്കറ്റ് എടുത്തവർ അതിന്റെ പകർപ്പ് ഇ–മെയിൽ അയച്ചുകൊടുക്കണമെന്നും ഉത്തരവാദിത്തപ്പെട്ടവർ പരാതികൾ പരിഹരിക്കുകയും വിമർശനങ്ങളോടു പ്രതികരിക്കുകയും ചെയ്യുമെന്നും റഹ്മാന്‍ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. ഇനി പരിപാടികൾ സംഘടിപ്പിക്കുമ്പോൾ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയതായി ഉറപ്പാക്കുമെന്നും അദ്ദേഹം വാക്ക് നൽകി.