ADVERTISEMENT

എ.ആർ.റഹ്മാന്‍ സംഗീതനിശയ്ക്കിടെ ലൈംഗികാതിക്രമം നേരിട്ട സ്ത്രീകൾക്കു പിന്തുണയുമായി ഗായിക ചിന്മയി ശ്രീപദ. ആരാധ്യപാത്രമായ സംഗീതജ്ഞന്റെ പാട്ട് കേൾക്കാൻ വന്നിട്ട് ഇത്തരമൊരു അനുഭവം നേരിടേണ്ടിവന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത കാര്യമാണെന്ന് ചിന്മയി കുറ്റപ്പെടുത്തി. ദുരനുഭവമുണ്ടായ പെൺകുട്ടികൾക്കു പ്രചോദനം പകരും വിധത്തിലുള്ള കുറിപ്പാണ് ചിന്മയി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. 

 

‘പെൺകുട്ടികളേ, ഇത് നിങ്ങളുടെ തെറ്റല്ല. നാണക്കേടും വിചാരിക്കേണ്ട. പക്ഷേ ഇത് കഴുകിക്കളയാൻ പറ്റാത്ത ആഘാതമാണെന്ന് എനിക്കറിയാം. നിങ്ങൾ ഇത് അർഹിക്കുന്നില്ല. നിങ്ങള്‍ വിനോദമാണ് അർഹിക്കുന്നത്. സംഗീതവും സന്തോഷവുമാണ് അർഹിക്കുന്നത്. സംഗീതം ആസ്വദിച്ചതിനെത്തുടർന്നും ഗൃഹാതുരസ്മരണകളെ ഓർത്തുമാണ് നിങ്ങൾ കരയേണ്ടത്. എല്ലാവരും ഒരുമിച്ചു പാടുകയും ആർപ്പുവിളിക്കുകയും ആവേശം കൊള്ളുകയും ആസ്വദിക്കുകയും ചെയ്യുന്ന ആനന്ദമാണ് നിങ്ങൾ അർഹിക്കുന്നത്. നാം ആരാധിക്കുന്ന സംഗീതജ്ഞനൊപ്പം, മനോഹരമായ സംഗീതവുമായി ബന്ധപ്പെട്ട് ഹൃദ്യമായ പുതിയ ഓർമ സൃഷ്ടിക്കുകയും സ്നേഹത്തോടെ അത് പങ്കുവയ്ക്കുകയും അതിനെക്കുറിച്ചു ചിന്തിക്കുകയുമാണ് നിങ്ങൾ ചെയ്യേണ്ടത്. നിങ്ങൾക്കെതിരെ ലൈംഗികാതിക്രമം ഉണ്ടാകാൻ പാടില്ലായിരുന്നു. പക്ഷേ അങ്ങനെയൊരു ദുരനുഭവം ഉണ്ടായി. ഇനി ഇത്തരമൊരു അനുഭവം ആർക്കും ഉണ്ടാകാതിരിക്കട്ടെ’, ചിന്മയി കുറിച്ചു. 

 

സെപ്റ്റംബർ 10നായിരുന്നു ‘മറക്കുമാ നെഞ്ചം’ എന്ന പേരിൽ ചെന്നൈയിൽ എ.ആർ.റഹ്മാന്റെ സംഗീതപരിപാടി. ആയിരക്കണക്കിന് പേരാണ് പരിപാടി കാണാനെത്തിയത്. അയ്യായിരവും പതിനായിരവും മുടക്കി ടിക്കറ്റെടുത്തെങ്കിലും പലർക്കും വേദിയുടെ അടുത്തുപോലും എത്താൻ സാധിച്ചില്ല. 20,000 പേർക്ക് ഇരിക്കാൻ സൗകര്യമുള്ള സ്ഥലത്തു നടത്തിയ സംഗീത പരിപാടിക്കായി അര ലക്ഷത്തോളം ടിക്കറ്റുകൾ വിതരണം ചെയ്തതാണ് പ്രശ്നങ്ങൾക്കു കാരണമായത്. സംഗീതപരിപാടി ആരംഭിക്കുന്നതിനു മണിക്കൂറുകൾക്കു മുന്നേ എത്തി കാത്തു നിന്നിട്ടും പലർക്കും അകത്തു പ്രവേശിക്കാൻ സാധിച്ചില്ല. തിരക്കിൽപ്പെട്ട് പലർക്കും പരുക്കേറ്റതായും പ്രാദേശികമാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ഇതിനിടെയാണ് സ്ത്രീകൾക്കു നേരെ ലൈംഗികാതിക്രമം ഉണ്ടായത്. നേരിടേണ്ടിവന്ന അനുഭവത്തെക്കുറിച്ച് നിരവധി യുവതികൾ പരസ്യപ്രതികരണം നടത്തി. 

 

സംഗീതപരിപാടിയിലെ സുരക്ഷാ, സംഘടനാ വീഴ്ചകള്‍ ചൂണ്ടിക്കാണിച്ച് സമൂഹമാധ്യമങ്ങളിൽ ആരാധകരോഷം അണപൊട്ടിയതോടെ മാപ്പ് പറഞ്ഞ് എ.ആർ.റഹ്മാനും സംഘാടകരും രംഗത്തെത്തി. പരിപാടി കാണാൻ ടിക്കറ്റ് എടുത്തവർ അതിന്റെ പകർപ്പ് ഇ–മെയിൽ അയച്ചുകൊടുക്കണമെന്നും ഉത്തരവാദിത്തപ്പെട്ടവർ പരാതികൾ പരിഹരിക്കുകയും വിമർശനങ്ങളോടു പ്രതികരിക്കുകയും ചെയ്യുമെന്നും റഹ്മാന്‍ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. ഇനി പരിപാടികൾ സംഘടിപ്പിക്കുമ്പോൾ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയതായി ഉറപ്പാക്കുമെന്നും അദ്ദേഹം വാക്ക് നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com