ലതാജീയുടെ പാട്ടിനെ മുറിപ്പെടുത്താതെ ഖദീജ റഹ്മാൻ; ഹൃദയങ്ങൾ കീഴടക്കി ആദരഗീതം

Mail This Article
ഇതിഹാസ ഗായിക ലതാ മങ്കേഷ്കറിനോടുള്ള ആദരസൂചകമായി കവർ ഗാനം പുറത്തിറക്കി എ.ആർ.റഹ്മാന്റെ മകളും ഗായികയുമായ ഖദീജ റഹ്മാൻ. ‘ഗൈഡ്’ എന്ന ചിത്രത്തിൽ ലത ആലപിച്ച ‘പിയാ തോ സേ’ എന്നു സൂപ്പർഹിറ്റ് ഗാനമാണ് ഖദീജയുടെ ശബ്ദത്തിൽ പ്രേക്ഷകർക്കരികിലെത്തിയത്.
23 അറബ് രാജ്യങ്ങളിലെ വനിതാ സംഗീതജ്ഞരെ മാത്രം ഉൾപ്പെടുത്തി റഹ്മാൻ രൂപം നൽകിയ ഫിർദോസ് ഓർക്കസ്ട്രയാണ് ഗാനരംഗത്തിൽ നിറഞ്ഞു നിൽക്കുന്നത്. ഓർക്കസ്ട്രയുടെ പ്രകടനത്തിനൊപ്പം മനം നിറഞ്ഞ് ഖദീജ റഹ്മാൻ പാടുന്നു.
ലതാ മങ്കേഷ്കറിന്റെ ജന്മവാർഷികത്തോടനുബന്ധിച്ചാണ് ഖദീജ പാട്ട് റിലീസ് ചെയ്തത്. ചുരുങ്ങിയ സമയം കൊണ്ട് വിഡിയോ ശ്രദ്ധേയമായിക്കഴിഞ്ഞു. വേറിട്ട ആസ്വാദനാനുഭവമാണ് പാട്ട് പ്രേക്ഷകർക്കു നൽകുന്നത്. എസ്.ഡി.ബർമൻ ഈണമൊരുക്കിയ ഗാനമാണ് ‘പിയാ തോസേ’. ശൈലേന്ദ്ര വരികള്‍ കുറിച്ചു. പാട്ട് പുറത്തിറങ്ങി അര നൂറ്റാണ്ടിനോടടുക്കുമ്പോഴും ലതാജീയുടെ ഈ നാദവിസ്മയം ആസ്വദിക്കാൻ നിരവധിപേരാണുള്ളത്. ഖദീജയുടെ പാട്ടും പ്രേക്ഷകർ നെഞ്ചേറ്റിക്കഴിഞ്ഞു. ഒറിജിനൽ പാട്ടിനെ മുറിവേൽപ്പിക്കാത്ത വിധത്തിലാണ് ഖദീജ പാടിയിരിക്കുന്നതെന്നാണ് പ്രേക്ഷകപക്ഷം.
2020ൽ ‘ഫരിശ്തോ’ എന്ന ഗാനം ആലപിച്ചാണ് ഖദീജ റഹ്മാൻ സംഗീതമേഖലയിൽ അരങ്ങേറ്റം കുറിച്ചത്. എ.ആർ.റഹ്മാൻ തന്നെ സംഗീതസംവിധാനവും നിർമാണവും നിർവഹിച്ച ആൽബമായിരുന്നു അത്. മുന്ന ഷൗക്കത്ത് അലിയാണ് പാട്ടിനു വേണ്ടി വരികൾ കുറിച്ചത്. ‘ഫരിശ്തോ’ സംഗീതലോകത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടു. പാട്ടിലൂടെ മികച്ച അനിമേറ്റഡ് സംഗീത വിഡിയോയ്ക്കുള്ള ഇന്റർനാഷനൽ സൗണ്ട് ഫ്യൂച്ചർ പുരസ്കാരവും ഖദീജ നേടി. ‘മിൻമിനി’ എന്ന ചിത്രത്തിലൂടെ സംഗീതസംവിധാനത്തിലും ഹരിശ്രീ കുറിച്ചിരിക്കുകയാണ് ഖദീജ ഇപ്പോൾ.