ADVERTISEMENT

പഴയോർമകളുടെ കൗമാരകാലത്തുനിന്നും ചിലപ്പോഴൊക്കെ ഒരു തീവണ്ടിയുടെ ചൂളംവിളി കേൾക്കാറുണ്ട്. ഇപ്പോഴും ഓർമിക്കുന്നു, അന്നു താമസിച്ചിരുന്ന ഗ്രാമത്തിലെ നാട്ടിടവഴികൾ ചെന്നു മുട്ടിനിൽക്കുന്നതൊരു റെയിൽപാളത്തിലേക്കായിരുന്നു. പാളംവഴിയേ നടന്നാൽ അധികമാരും വന്നുപോകാത്ത വിജനമൊരു സ്റ്റേഷനിലെത്താം. പുലർച്ചയ്ക്കും മൂവന്തിക്കും കടന്നുപോകുന്നൊരു പാസഞ്ചറല്ലാതെ മറ്റൊരു ട്രെയിനും തെല്ലിട നിർത്താൻ ദാക്ഷണ്യം കാണിക്കാത്ത ആളൊഴിഞ്ഞൊരു നാട്ടുറെയിൽവേ സ്റ്റേഷൻ. ഉഷയെയും രാമൻകുട്ടിയെയും ആദ്യമായും അവസാനമായും പരിചയപ്പെട്ടത് ആ റെയിൽവേ സ്റ്റേഷനിൽവച്ചായിരുന്നു. യാത്രയ്ക്കൊരുങ്ങി വന്നതായിരുന്നില്ല അവർ. അവസാനത്തെ തീവണ്ടിയും കടന്നുപോയിക്കഴിഞ്ഞ് റെയിൽപാളങ്ങളിലൂടെ എത്രയോനേരം അവർ രണ്ടുപേരും കൈകോർത്തു നടന്നിരിക്കണം. കൺകാഴ്ചയിൽനിന്നു ദൂരേക്കു മറഞ്ഞിട്ടും അവർ മൂളിപ്പാടിയ പാട്ടീണം മാത്രം ആ പാളങ്ങളോടു പറ്റിച്ചേർന്നുകിടന്നിരുന്നു....

ഏതോ ജന്മ കൽപനയിൽ 

ഏതോ ജന്മ വീഥികളിൽ...

ഭരതന്റെ ‘പാളങ്ങളി’ലൂടെയാണ് ഓർമകളുടെ കൽക്കരി വണ്ടി കൂകിപ്പായുന്നത്... ഉഷയുടെയും രാമൻകുട്ടിയുടെയും പ്രണയവേഗങ്ങളിലൂടെ... കുതിച്ചും കിതച്ചും വളഞ്ഞും പുളഞ്ഞും അവർ ഓടിത്തീർക്കുന്ന ദൂരങ്ങളിലൂടെ... ഓടിത്തളർന്നിരുന്നു മുന്നോട്ടുനോക്കുമ്പോൾ ഒരുമിച്ചായിരിക്കില്ലല്ലോ ഇനിയൊരിക്കലും എന്ന നൊമ്പരപ്പെടുത്തുന്ന തിരിച്ചറിവിലൂടെ...

കണ്ടുമുട്ടിയത് ഏത് ജന്മത്തിലാണെന്നതു പോലും അപ്രസക്‌തമാണ് ഉഷയ്‌ക്കും രാമൻകുട്ടിക്കും... മുൻജന്മങ്ങളിലെന്നോ അവൻ ചോദിച്ച ചോദ്യത്തിന് ഈ ജന്മം നൽകിയ മറുപടിയായിരിക്കാം അവൾ.. അല്ലെങ്കിൽ നേരെ തിരിച്ചുമാകാം. പരസ്‌പരം മിണ്ടിയും മിണ്ടാതെയും തൊട്ടും തൊടാതെയും അവർ പൂരിപ്പിക്കുന്നത് അവർക്കിടയിലെ ജന്മങ്ങളുടെ അന്തരം തന്നെയാണ്.

ഈ ഒരു നിമിഷം വീണ്ടും നമ്മൾ ഒന്നായ്...

ആ നിമിഷത്തിന്റെ നിർവൃതിയിലേക്കാണ് അവരുടെ പ്രണയം മുതിരുന്നത്... അതിന്റെ ക്ഷണികതയാകാം അവർക്ക് ആ നിമിഷത്തെ അങ്ങേയറ്റം പ്രിയപ്പെട്ടതാക്കുന്നത്... അതിലുമേറെ മുറിപ്പെടുത്തുന്നതാക്കുന്നത്. ഒരിക്കലും ഒരിടത്തു വച്ചും ചേരാനുള്ള നിയോഗമില്ല ആ പാളങ്ങൾക്ക്.. എന്നിട്ടും അവർ കാത്തിരിക്കുന്നുണ്ട്. ആരെയെന്നോ എന്തിനെയെന്നോ അറിയാത്ത, എത്ര കാലത്തേക്കെന്നുപോലുമൊരു നിശ്ചയമില്ലാത്ത വല്ലാത്തൊരു കാത്തിരിപ്പ്.. 

ആ കാത്തിരിപ്പിന്റെ വേദനയും മധുരവും അപ്പാടെ പകർത്തിവച്ചിരിക്കുന്നുണ്ട് ജോൺസൺ മാഷിന്റെ സംഗീതത്തിൽ പൂവച്ചൽ ഖാദറിന്റെ വരികൾ. ഉണ്ണിമേനോനും വാണി ജയറാമും ആലപിച്ച ഈ ഗാനം ചിട്ടപ്പെടുത്തിയത് കാത്തിരിപ്പിന്റെ ഈണമായ ഹംസധ്വനിയിലായതും യാദൃശ്ചികതയായിരിക്കാം. വാണി ജയറാമിന്റെ ശബ്ദത്തിൽ സെറീന വഹാബിനെ കേട്ടിരിക്കുമ്പോൾ ഏതു പെണ്ണും അവളുടെ പ്രണയം ഒരു നിമിഷമെങ്കിലും ഓർക്കാതിരിക്കില്ല.  ശരിയാണ്, വഴിയവസാനിച്ചാലും ചില പ്രണയങ്ങൾക്കു യാത്ര തുടരാതിരിക്കാൻ കഴിയില്ല. പരസ്പരം ഓർമിക്കാതിരിക്കാനും കഴിയില്ല.

ചിത്രം: പാളങ്ങൾ

ഗാനം: എതോ ജന്മകൽപനയിൽ 

രചന: പൂവച്ചൽ ഖാദർ

സംഗീതം: ജോൺസൺ

ആലാപനം: വാണി ജയറാം, ഉണ്ണി മേനോൻ

എതോ ജന്മകൽപ്പനയിൽ ഏതോ ജന്മവീഥികളിൽ

ഇന്നും നീ വന്നു ഒരു നിമിഷം ഈ ഒരു നിമിഷം

വീണ്ടും നമ്മൾ ഒന്നായ്‌

എതോ ജന്മകൽപ്പനയിൽ ഏതോ ജന്മവീഥികളിൽ

പൊന്നിൻ പാളങ്ങൾ എങ്ങോ ചേരും നേരം നിന്നിൽ

ആ ആ ആ...........

പൊന്നിൻ പാളങ്ങൾ എങ്ങോ ചേരും നേരം നിന്നിൽ

മോഹങ്ങൾ മഞ്ഞായ്‌ വീഴും നേരം കേൾക്കുന്നു നിൻ

ഹൃദയത്തിൻ അതേ നാദം എന്നിൽ

എതോ ജന്മകൽപ്പനയിൽ ഏതോ ജന്മവീഥികളിൽ

ഇന്നും നീ വന്നു ഒരു നിമിഷം ഈ ഒരു നിമിഷം

വീണ്ടും നമ്മൾ ഒന്നായ്‌

എതോ ജന്മകൽപ്പനയിൽ ഏതോ ജന്മവീഥികളിൽ

തമ്മിൽ ചൊല്ലാതെ വിങ്ങും ഓരോ വാക്കും കണ്ണിൽ

ആ ആ ആ.........

തമ്മിൽ ചൊല്ലാതെ വിങ്ങും ഓരോ വാക്കും കണ്ണിൽ

നിർത്താതെ പൊള്ളും  ഓരോ നോക്കും ഇടയുന്നു

നാമൊഴുകുന്നു നിഴൽ തീർക്കും ദ്വീപിൽ

എതോ ജന്മകൽപ്പനയിൽ ഏതോ ജന്മവീഥികളിൽ

ഇന്നും നീ വന്നു ഒരു നിമിഷം ഈ ഒരു നിമിഷം

വീണ്ടും നമ്മൾ ഒന്നായ്‌

എതോ ജന്മകൽപ്പനയിൽ ഏതോ.......

English Summary:

Etho Janma kalpanayil song from the movie Paalangal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com