ADVERTISEMENT

ദുർഗാഷ്ടമി ദിനത്തിൽ മനോരമ മ്യൂസിക് നവരാത്രി സംഗീതോത്സവത്തിൽ രണ്ട് സംഗീതക്കച്ചേരികളാണ് ഉണ്ടായിരുന്നത്. പ്രശസ്ത ഗായകൻ മിഥുൻ ജയരാജ് അവതരിപ്പിച്ച സംഗീതക്കച്ചേരിയായിരുന്നു ആദ്യം. വയലിൻ പേരൂർ ജയപ്രകാശ്, മൃദംഗം ഉണ്ണി കേരളവർമ, ഘടം ഷിനു ഗോപിനാഥ്, ഗഞ്ചിറ തൃക്കാക്കര വൈ എൻ ശാന്താറാം.

ജി.എൻ.ബാലസുബ്രഹ്മണ്യം ഗാവതിയിൽ രചിച്ച കമലാ വാസിനി എന്ന വർണത്തോടെ ആരംഭിച്ച കച്ചേരിയിൽ എട്ടു കൃതികളാണ് മിഥുൻ അവതരിപ്പിച്ചത്. ശ്യാമശാസ്ത്രികൾ നീലാംബരിയിൽ‍ ചിട്ടപ്പെടുത്തിയ ബ്രോവവമ്മാ (താളം മിശ്രചാപ്പ്) ആലപിച്ചതിനു ശേഷം ത്യാഗരാജ സ്വാമികളുടെ കൃതികളായ ബാഗായനയ്യ (ചന്ദ്രജ്യോതി, ആദി), രാഗസുധാരസ (ആന്ദോളിക, ആദി) എന്നിവ മനോഹരമായി പാടി. ദക്ഷിണാമൂർത്തി സ്വാമികളുടെ ചന്ദ്രകൗൺസ് കൃതിയായ നീ സാമഗാനപ്രിയേ (രൂപക താളം), ത്യാഗരാജ സ്വാമികളുടെ വരരാഗലയ (ചെഞ്ചുകാംബോജി, ആദി) എന്നിവയ്ക്കു ശേഷം പ്രധാനകൃതിയായി ആഭേരിയിൽ ത്യാഗരാജസ്വാമികൾ സൃഷ്ടിച്ച പ്രസിദ്ധകൃതി നഗുമോമു അവതരിപ്പിച്ചു. തുടർന്ന് തനിയാവർത്തനം. പരമ്പരാഗത മംഗള ശ്ലോകത്തോടെ കച്ചേരി അവസാനിപ്പിച്ചു. 

രാത്രി എട്ടിന് തെന്നിന്ത്യയിലെ പ്രസിദ്ധ കർണാടക സംഗീതജ്ഞൻ വിഘ്നേഷ് ഈശ്വറിന്റെ സംഗീതക്കച്ചേരിയായിരുന്നു രണ്ടാമത്. വയലിൻ എസ്.ആർ.മഹാദേവ ശർമ, മൃദംഗം കെ.വി.പ്രസാദ്, ഘടം ഉടുപ്പി ശ്രീധർ.

സ്വാതി തിരുനാളിന്റെ ശ്രീകുമാരനഗരാലയേ എന്ന അഠാണരാഗ വർണത്തോടെ തുടങ്ങിയ കച്ചേരിയിൽ എട്ടു കൃതികളാണ് വിഘ്നേഷ് അവതരിപ്പിച്ചത്. ത്യാഗരാജ സ്വാമികൾ ചിട്ടപ്പെടുത്തിയ ഉപചാരമു ജേസേവരു (ഭൈരവി, രൂപകം), മുത്തുസ്വാമി ദീക്ഷിതർ രചിച്ച മാമവ മീനാക്ഷീ (വരാളി, മിശ്രചാപ്പ്), ത്യാഗരാജസ്വാമികളുടെ ബ്രോവബാരമ (ബഹുദാരി, ആദി) എന്നിവയ്ക്കു ശേഷം പ്രധാനകൃതിയായി ശ്യാമശാസ്ത്രികൾ മധ്യമാവതിയിൽ ചിട്ടപ്പെടുത്തിയ പാലിഞ്ചു കാമാക്ഷി (ആദിതാളം) ആലപിച്ചു. തുടർന്ന് തനിയാവർത്തനം.

എം.ഡി.രാമനാഥൻ ബാഗേശ്രീ രാഗത്തിൽ രചിച്ച ആദിതാള കൃതി സാഗരശയനവിഭോ, സ്വാതി തിരുനാളിന്റെ കല്യാണി രാഗകൃതി കിന്തുചെയ്‌വൂ എന്നിവയ്ക്കു ശേഷം വീണാ ശേഷണ്ണയുടെ ചെഞ്ചുരുട്ടി തില്ലാനയോടെ കച്ചേരി അവസാനിപ്പിച്ചു.

മനോരമ മ്യൂസിക് നവരാത്രി സംഗീതോത്സവം അവസാന ദിവസം ഒരുക്കിയിരിക്കുന്നത് കെ എസ് ഹരിശങ്കർ, വി.ആർ.ദിലീപ്കുമാർ എന്നിവരുടെ സംഗീതക്കച്ചേരികളാണ്.

English Summary:

Manorama Music Navarathri Sangeetholsavam 2023 Day 8

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com