കോപ്പിയടി വിവാദത്തിൽ കുടുങ്ങി ലിയോയിലെ പാട്ട്; അനിരുദ്ധ് അങ്ങനെ ചെയ്യില്ലെന്ന് ആരാധകർ

Mail This Article
വിജയ് ചിത്രം ‘ലിയോ’യിൽ അനിരുദ്ധ് രവിചന്ദർ ഈണം പകർന്ന ‘ഓർഡിനറി പേഴ്സൺ’ എന്ന പാട്ടിനെതിരെ കോപ്പിയടി ആരോപണം ശക്തമാകുന്നു. ഒറ്റ്നിക്ക എന്ന സംഗീതജ്ഞന്റെ ‘വെയർ ആർ യു’ എന്ന പാട്ടുമായി ഇതിനു സാമ്യമുണ്ടെന്നാണ് ആരോപണം. വിഷയം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. നിരവധി പേര്‍ വിഷയത്തിൽ പ്രതികരണമറിയിക്കുന്നുണ്ട്. അനിരുദ്ധ് അങ്ങനെ ചെയ്യില്ലെന്നാണ് ആരാധകരുടെ വാദം. എന്നാൽ അനിരുദ്ധിനെ എതിർത്തും ചിലർ നിലപാട് വ്യക്തമാക്കി. വിഷയത്തിൽ ‘ലിയോ’യുടെ പിന്നണിപ്രവർത്തകർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
2019ലാണ് ഒറ്റ്നിക്കയുടെ ‘വെയർ ആർ യു’ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തത്. നിലവിൽ 61 മില്യൻ പ്രേക്ഷകരെയാണ് പാട്ട് നേടിയിരിക്കുന്നത്. ഹെയ്സൻബർഗ് ആണ് ലിയോയിലെ ‘ഓർഡിനറി പേഴ്സൺ’ പാട്ടിനു വരികൾ കുറിച്ചത്. നിഖിത ഗാന്ധി ഗാനം ആലപിച്ചു. പുറത്തിറങ്ങി ഏതാനും മണിക്കൂറുകൾ കൊണ്ട് പാട്ട് 2 മില്യനിലധികം പ്രേക്ഷകരെ സ്വന്തമാക്കി. ട്രെൻഡിങ്ങിലും മുൻനിരയിലുണ്ട്.
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമാണ് ‘ലിയോ’. സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദ് റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്ന് ചിത്രം നിർമിച്ചിരിക്കുന്നു. തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയവർ ലിയോയിൽ വേഷമിടുന്നു. മനോജ് പരമഹംസയാണ് ഛായാഗ്രാഹകൻ. എഡിറ്റിങ്: ഫിലോമിൻ രാജ്.