8 വയസ്സിൽ തുടങ്ങി, 72 വർഷമായി തുടരുന്ന ചൂളമടി; ജോയ് ഐപ്പിന് ഇത് ജീവിതതാളം

Mail This Article
ചെറുതായി ചൂളമടിക്കാൻ ആർക്കും പറ്റും! എന്നാൽ 72 വർഷം നീളുന്ന ചൂളമടി ഒരേ ഒരാൾക്കേ കഴിയൂ; ജോയ് ഐപ് എന്ന റിട്ട. ബാങ്ക് മാനേജർക്ക്! എട്ടാം വയസ്സിൽ കൗതുകത്തിന് ആരംഭിച്ച ചൂളമടി ആദ്യം വിനോദമായും പിന്നീട് സ്റ്റേജ് പരിപാടിയായും വളർന്നു. ഇന്ന് 80–ാം പിറന്നാൾ ആഘോഷിക്കുന്ന എസ്എച്ച് മൗണ്ട് ലാവണ്യയിൽ ജോയ് ഐപ്പിനു ചൂളം ജീവിതതാളമാണ്.
കൃത്യമായ ശ്വാസനിയന്ത്രണത്തിലൂടെ ജോയ് ഹിറ്റ് സിനിമാ ഗാനങ്ങളെല്ലാം ചൂളമടിപ്പാട്ടായി അവതരിപ്പിക്കും. കരോക്കെ ഗാനമേളയുടെ മാതൃകയിൽ വാദ്യോപകരണങ്ങളുടെ പശ്ചാത്തലത്തിലും സോളോ ആയും പാടും. ഒരു പാട്ട് മുഴുവൻ ചൂളമടിയിലൂടെ ജോയി ഐപ് പാടുന്നതു കേട്ട് 2003ൽ ഗാനഗന്ധർവൻ യേശുദാസ് അഭിനന്ദിച്ചു. ‘ജന്മവാസനയിലൂടെ ലഭിച്ചിട്ടുള്ള ദൈവ വരദാന കഴിവ് വളരെ മനോഹരമായിരിക്കുന്നു’ എന്നായിരുന്നു യേശുദാസ് സ്വന്തം കൈപ്പടയിൽ എഴുതിക്കൊടുത്തത്.
ആദ്യകാലങ്ങളിൽ ഭക്തിഗാനങ്ങളോടായിരുന്നു ഇഷ്ടം. ‘തിരുനാമ കീർത്തനം പാടുവാൻ അല്ലെങ്കിൽ..’ എന്ന പാട്ടും ‘അമ്പലപ്പുഴ ഉണ്ണക്കണ്ണനോടു നീ... എന്ന പാട്ടും ഒട്ടേറെ വേദികളിൽ കയ്യടി നേടി. കനറാ ബാങ്കിൽ 35 വർഷം സേവനമനുഷ്ഠിച്ചു. സീനിയർ മാനേജരായി 2001ൽ വിരമിച്ചശേഷം കലാവേദിയിൽ സജീവമായി. 2018ൽ 75–ാം വയസ്സിൽ 11 ചൂളമടി ഗാനങ്ങൾ അടങ്ങിയ സിഡി പുറത്തിറക്കി. ജസ്റ്റിസ് കെ.ടി.തോമസും സംഗീത സംവിധായകൻ എം.ജയചന്ദ്രനും ചേർന്നാണ് സിഡി പ്രകാശിപ്പിച്ചത്. സിനിമയിലേക്ക് ജയചന്ദ്രൻ ക്ഷണിച്ചെങ്കിലും കോവിഡ് കാലം വന്നതോടെ സ്റ്റേജ് പരിപാടികൾ നിലച്ചു. സിനിമാപ്രവേശം നടപ്പായില്ല.
അമ്മ ചാച്ചി ഐപ്പാണ് ചൂളമടിച്ചു പാടുന്ന കുട്ടിയെ ആദ്യം പ്രോത്സാഹിപ്പിച്ചത്. സിഎംഎസ് കോളജിൽ ബിരുദ വിദ്യാർഥിയായിരിക്കെ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ ക്യാംപസിൽ നടത്തിയ ഗാനമേള അന്നത്തെ പുതുമയായിരുന്നു. ‘ഒരു മുഖം മാത്രം കണ്ണിൽ, മേരാ ജീവൻ, ചിന്ന ചിന്ന ആശൈ, ജബ് ദീപ് ജലേ, ഏക് പ്യാർ കാ നഗ്മാ ഇങ്ങനെ ചൂളമടിപ്പാട്ടുകളുടെ പട്ടിക നീളുന്നു. തിരുവനന്തപുരം ദൂരദർശൻ ജോയ് ഐപ്പിന്റെ പാട്ടുകൾ 1990ൽ സംപ്രേഷണം ചെയ്തു.
റോട്ടറി ക്ലബ്, വൈസ് മെൻ ക്ലബ് എന്നിവയുടെ പ്രസിഡന്റായും വൈഎംസിഎയുടെ ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. റോട്ടറി ക്ലബ് പ്രസിഡന്റായിരിക്കെ സർക്കാർ കോളജുകളിൽ പ്രഫഷനൽ കോഴ്സുകൾ പഠിക്കുന്ന നിർധന വിദ്യാർഥികൾക്ക് സ്കോളർഷിപ് പദ്ധതി നടപ്പാക്കി. കാൻസർ ആൻഡ് എയ്ഡഡ് ഷെൽട്ടർ സൊസൈറ്റി, ലഹരി വിരുദ്ധ സംഘടന എന്നിവയുടെ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി.
ഭാര്യ പ്രഫ. ഡോ. വൽസല ഐപ് കോളജ് അധ്യാപികയായിരുന്നു. മക്കളായ റീന സൂസൻ ഐപ് (എക്സിക്യൂട്ടീവ് ഡയറക്ടർ, ജെപി മോർഗൻ ചെയ്സ് ബാങ്ക്, സിംഗപ്പൂർ), സുജിത്ത് ജോസഫ് ഐപ് (വൈസ് പ്രസിഡന്റ്, ആക്സിസ് ബാങ്ക്, ചെന്നൈ), മരുമകൾ ആൻ എന്നിവരടങ്ങുന്ന കുടുംബവും ജോയി ഐപ്പിന്റെ സംഗീത വാസനകൾക്കു പൂർണ പിന്തുണയുമായി ഒപ്പമുണ്ട്.