ADVERTISEMENT

കടക്കെണിയിലായതോടെ ഫ്ലാറ്റ് വിൽക്കൊനൊരുങ്ങിയ സംഗീതസംവിധായകൻ രവീന്ദ്രന്‍ മാസ്റ്ററിന്റെ ഭാര്യ ശോഭയുടെ മുഴുവൻ ബാധ്യതയും തീർത്ത് സിനിമാ–സംഗീതരംഗത്തെ പ്രമുഖർ. 12 ലക്ഷം രൂപയാണ് ബാധ്യതയായി ഉണ്ടായിരുന്നത്. ഈ തുക പൂർണമായും അടച്ചു തീർത്ത് ഫ്ലാറ്റിന്റെ ഡോക്യുമെന്റ് വാങ്ങിക്കൊടുത്തെന്ന് സംവിധായകൻ ബി.ഉണ്ണികൃഷ്ണൻ വെളിപ്പെടുത്തി. 

പിന്നണി ഗായകരുടെ സംഘടനയായ സമം, ഗായകരായ കെ.ജെ.യേശുദാസ്, കെ.എസ്.ചിത്ര, നിർമാതാവ് ജോണി സാഗരിക എന്നിവരാണ് പണം സംഭാവന ചെയ്തതിൽ മുഖ്യ പങ്ക് വഹിച്ചതെന്ന് ഉണ്ണികൃഷ്ണൻ പറഞ്ഞു. കൂടാതെ റോണി റഫേൽ, ദീപക് ദേവ്, സുദീപ് എന്നിവരും ഈ യജ്ഞത്തിന്റെ ഭാഗമായി. ഫെഫ്ക മ്യൂസിക്ക് ഡയക്റ്റേഴ്സ് യൂണിയൻ, ഡബ്ബിങ് ആർട്ടിസ്റ്റ് യൂണിയൻ, ലൈറ്റ്മെൻ യൂണിയൻ, ഡ്രൈവേഴ്സ് യൂണിയൻ, ഡയറക്റ്റേഴ്സ് യൂണിയൻ, റൈറ്റേഴ്സ് യൂണിയൻ എന്നീ കൂട്ടായ്മകളും ശോഭ രവീന്ദ്രനു വേണ്ടി കൈകോർത്തു. 

രവീന്ദ്രന്‍ മാസ്റ്ററിനോടുള്ള ആദരസൂചകമായി ലഭിച്ച ഫ്ലാറ്റ് 12 ലക്ഷം രൂപ അടയ്ക്കാനാവാത്തതിനെ തുടര്‍ന്ന് ശോഭ വില്‍ക്കാനൊരുങ്ങുന്നുവെന്നത് വലിയ വാർത്തയായിരുന്നു. ഒമ്പത് വര്‍ഷം മുമ്പ് ബെംഗളൂരു ആസ്ഥാനമായുള്ള ഇവന്റ് മാനേജ്മെന്റ് കമ്പനി ‘രവീന്ദ്ര സംഗീത സന്ധ്യ’ എന്ന പേരിൽ സംഗീതപരിപാടി സംഘടിപ്പിച്ചപ്പോൾ ശോഭയ്ക്ക് 25 ലക്ഷം രൂപയും ഫ്ലാറ്റും വാഗ്ദാനം ചെയ്തിരുന്നു. ഫ്ലാറ്റിന്റെ താക്കോല്‍ ഈ പരിപാടിയുടെ വേദിയില്‍ വച്ച് തന്നെ ശോഭയ്ക്ക് കൈമാറുകയും ചെയ്തു.

ശോഭ ഫ്ലാറ്റിലേക്ക് താമസം മാറിയെങ്കിലും വൈദ്യുതി കണക്‌ഷന്‍ പോലും ഉണ്ടായിരുന്നില്ല. പലതവണ ശ്രമിച്ചിട്ടും ഫ്ലാറ്റിന്റെ റജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഇവന്റ് മാനേജ്മെന്റ് കമ്പനി തയ്യാറായില്ല. ഫ്ലാറ്റ് അറ്റകുറ്റപ്പണികൾക്കായി അടയ്ക്കുകയും താമസക്കാരെല്ലാം മറ്റിടങ്ങളിലേക്ക് മാറുകയും ചെയ്തതോടെ ശോഭയും അടുത്തുതന്നെയുള്ള ഒരു വീടിന്റെ മുകൾനിലയിലേക്കു താമസം മാറ്റി. 

shoba-flat
ബി.ഉണ്ണികൃഷ്ണൻ ഫെയ്സ്ബുക്കിൽ പങ്കുവച്ച ചിത്രം.

മൂന്നരമാസം എന്നു പറഞ്ഞു തുടങ്ങിയ പണി ഒന്നരവർഷമായിട്ടും തീർന്നില്ല. ഇടയ്ക്ക് വായ്പക്കുടിശ്ശികയിലേക്ക് രണ്ടു ലക്ഷം കൊടുത്തെങ്കിലും ആ തുക ഫ്ലാറ്റിന്റെ അറ്റകുറ്റപ്പണികൾക്കായാണ് ഉപയോഗിച്ചത്. മറ്റു താമസക്കാരെല്ലാം വായ്പകുടിശ്ശിക അടച്ചു. രവീന്ദ്രനോടുള്ള ആദരവെന്നോണം ശോഭയുടെ പണം തൽക്കാലത്തേക്ക് അസോസിയേഷൻ നൽകിയെങ്കിലും പലിശസഹിതം അത് 12 ലക്ഷം രൂപയായി. ഈ തുക നൽകിയാലേ ഫ്ലാറ്റിന്റെ രേഖകൾ കിട്ടൂ എന്ന നിലയിലേക്കെത്തിയപ്പോഴാണ് ഫ്ലാറ്റ് വിൽക്കാനുള്ള ആലോചനയിലേക്ക് ശോഭ എത്തിയത്. ഇതിനുള്ള ശ്രമങ്ങൾ നടത്തവെയാണ് സഹായഹസ്തവുമായി സിനിമാ–സംഗീതരംഗത്തെ പ്രമുഖർ എത്തിയത്. 

English Summary:

Cinema and music field offers helping hand to Shobha Raveendran in her financial crisis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com