അലീനാ.. നീയിപ്പോഴും കാത്തിരിക്കുന്നുവോ? വരും ജന്മത്തിൽ നിങ്ങളൊന്നിക്കാന് ഞങ്ങളും കാത്തിരിക്കുന്നു!

Mail This Article
കുട്ടിക്കാലത്ത് ഏറ്റവും ഇഷ്ടപ്പെട്ട പേരുകളിലൊന്നായിരുന്നു അലീനാ... ആ പേരിൽതുടങ്ങുന്ന പാട്ടുംപാടി ഹൃദയവേദനയോടെ അവളെ കാത്തിരിക്കുന്ന പൂച്ചക്കണ്ണുള്ള നായകനെ ഒരുപക്ഷേ നിങ്ങളും കണ്ടിട്ടുണ്ടാകും. ദേവദൂതൻ എന്ന മോഹൻലാൽചിത്രം എനിക്കേറ്റവും പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നായി മാറിയതും ആ പാട്ടിലെ നായകന്റെ പ്രണയവും നായികയുടെ മൗനവും കൊണ്ടുമായിരുന്നിരിക്കണം. അലീനാ... കാത്തിരിപ്പിന് ഒരു പെൺപേരുണ്ടെങ്കിൽ അത് അലീന എന്നായിരിക്കുമെന്ന് ഞാൻ അന്നേ ഉറപ്പിച്ചിരുന്നു. വിളിച്ചുണർത്താൻ വന്ന വസന്തങ്ങൾ വാതിലിൽ മുട്ടി പിൻവാങ്ങുന്നതറിയാതെ, ഇലകൾ മഞ്ഞളിച്ചു കൊഴിയുകയും തളിർത്തു പൂക്കുകയും പിന്നെയും കൊഴിയുകയും ചെയ്യുന്ന ഋതുക്കളുടെ വിരസമായ ആവർത്തനങ്ങളിൽ അലോസരപ്പെടാതെ, അവൾ പോലുമറിയാതെയായിരുന്നു അവളുടെ ജീവിതം....
ഒരിക്കലും കൂടിച്ചേരില്ലെന്നറിഞ്ഞിട്ടും അലീന കാത്തിരുന്നു. ഒരിക്കലും കൈവിരലുകൾ തമ്മിൽ കോർക്കില്ലെന്നറിഞ്ഞിട്ടും അവൾ കൈവെള്ളയിലെന്നപോലെ അവന്റെ ഓർമകളെ താലോലിച്ചു. എന്തൊരു പ്രണയിനി ആയിരുന്നു അവളെന്ന് പല ഏകാന്തനേരങ്ങളിലും ഞാൻ ഓർമിക്കാറുണ്ട്. ഒരുപക്ഷേ ആ ചിത്രത്തിന്റെ അവസാന സീൻ ഒരിക്കലും കണ്ടില്ലായിരുന്നെങ്കിൽ, ആ തീനാളങ്ങളിൽ അവൾ എരിഞ്ഞടങ്ങിയില്ലായിരുന്നെങ്കിൽ ഇന്നും പൈൻമരക്കാടുകൾക്കിടയിലെ ചില്ലുമാളികയിൽ ജനൽപ്പാളി പാതിതുറന്നുവച്ച് അലീന ഇപ്പോഴും അവളുടെ നിഖിൽ മഹേശ്വറിനെ കാത്തിരിക്കുന്നുണ്ടെന്ന് വിശ്വസിക്കാനായിരുന്നു എനിക്കിഷ്ടം. ചില പ്രണയങ്ങൾ പൂരിപ്പിക്കപ്പെടുന്നത് പുനർജന്മങ്ങളിലൂടെയല്ലേ... അതുകൊണ്ടായിരിക്കാം പ്രണയികളുടെ ക്ഷണിക ജീവിതത്തിന് ദൈവം പുനർജന്മങ്ങൾ കൊണ്ട് അനുബന്ധമെഴുതിച്ചേർത്തത്.
കരളേ നിൻ കൈ പിടിച്ചാൽ
കടലോളം വെണ്ണിലാവ്
ഉൾക്കണ്ണിൻ കാഴ്‌ചയിൽ നീ
കുറുകുന്നൊരു വെൺപിറാവ്...
വിദ്യാസാഗറിന്റെ ഈണത്തിൽ ഏതോ ദേവദൂതൻ പാടുന്ന ഈ ഗാനം ഏതൊരു ഏകാകിയേയും അനുരാഗിയാക്കും.. നിഖിൽ മഹേശ്വർ... എന്തൊരു കവിത തുളുമ്പുന്ന പേരാണത്. അലീന അതുവരെ കേൾക്കാത്ത ദേവസംഗീതത്തിന്റെ സ്വരതന്ത്രികളുണ്ടായിരുന്നു അവന്റെ വിരൽത്തുമ്പിൽ... ആ പൂച്ചക്കണ്ണുകൾ തേടിയെത്തുന്നതു വരെ കാഴ്‌ചയുടെ കവിത അറിഞ്ഞിരുന്നില്ല അലീന. മടങ്ങിവരുമെന്ന് വാക്കും കൊടുത്ത് നിഖിൽ മഹേശ്വർ കൺവെട്ടത്തു നിന്നു മറഞ്ഞപ്പോഴും വാക്കു പറഞ്ഞ അവധികളെല്ലാം തെറ്റിച്ച് ഒടുവിൽ അവൻ തിരിച്ചു വരാതായപ്പോഴും അവൾ കാത്തിരിപ്പു തുടർന്നു. നേരം പുലർന്നിരുളുന്നതും പൂക്കൾ വിടർന്നു കൊഴിയുന്നതും കലണ്ടർ താളുകൾ മറിയുന്നതും അവളറിയുന്നതേയില്ല...
കൈതപ്രത്തിന്റെ വരികളിൽ വിദ്യാസാഗറിന്റെ സംഗീതം മധുരം ചാലിക്കുന്നുണ്ടെങ്കിലും ആ പ്രണയം അത്രമേലത്രമേൽ നമ്മെ നൊമ്പരപ്പെടുത്തുക കൂടിയാണ്. യേശുദാസ് എത്ര ഭാവതീവ്രമായാണ് ആ വരികൾ ആലപിച്ചിരിക്കുന്നത്.
ഗാനം: കരളേ നിൻ കൈ പിടിച്ചാൽ
ചിത്രം: ദേവദൂതൻ
ഗാനരചന: കൈതപ്രം
സംഗീതം: വിദ്യാസാഗർ
ആലാപനം: കെ ജെ യേശുദാസ്, പി.വി പ്രീത
കരളേ നിൻ കൈ പിടിച്ചാൽ കടലോളം വെണ്ണിലാവ്
ഉൾക്കണ്ണിൻ കാഴ്കയിൽ നീ കുറുകുന്നൊരു വെൺപിറാവ്
മന്ത്രകോടി നെയ്തൊരുങ്ങി പള്ളിമേട പൂത്തൊരുങ്ങി
കാരുണ്യത്തിരികളൊരുങ്ങി മംഗല്യപ്പന്തലൊരുങ്ങി
എന്നുവരും നീ തിരികെ - എന്നുവരും നീ (2) (കരളേ)
എൻറെ ജീവിതാഭിലാഷം പ്രണയലോലമാകുവാനായ്
വീണ്ടുമെന്നു നീ പോയ്‌വരും..............................
ഇനി വരും വസന്തരാവിൽ നിൻറെ സ്നേഹജന്മമാകെ
സ്വന്തമാക്കുവാൻ ഞാൻ വരും.........................
ചിറകുണരാ പെൺപിറാവായ് ഞാനിവിടെ കാത്തുനിൽക്കാം
മഴവില്ലിൻ പൂഞ്ചിറകിൽ ഞാൻ അരികത്തായ് ഓടിയെത്താം
ഇനി വരുവോളം നിനക്കായ് ഞാൻ തരുന്നിതെൻ സ്വരം
അലീനാ.....അലീനാ.....അലീനാ.....അലീനാ...(കരളേ)
മിഴികളെന്തിനാണു വേറെ മൃദുലമീ കരങ്ങളില്ലേ
അരികിലിന്നു നീയില്ലയോ..........................
എന്തുചൊല്ലി എന്തുചൊല്ലി യാത്രയോതുമിന്നു ഞാൻ
കദനപൂർണ്ണമെൻ വാക്കുകൾ....................
നീയില്ലാ ജന്മമുണ്ടോ നീയറിയാ യാത്രയുണ്ടോ
നീ അണയും രാവുതേടി ഞാനിവിടെ കാത്തുനിൽക്കാം
പോയ് വരുവോളം നിനക്കായ് ഞാൻ തരുന്നിതെൻ മനം
അലീനാ.....അലീനാ.....അലീനാ.....അലീനാ...(കരളേ)