ADVERTISEMENT

നിർമിതബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) യുടെ സഹായത്തോടെ പുതിയ പാട്ട് പുറത്തിറക്കി ബീറ്റിൽസ്. ബാ‍ൻഡ് അംഗമായ ജോണ്‍ ലെനന്‍ കൊല്ലപ്പെട്ട് നാലുപതിറ്റാണ്ടുകള്‍ പിന്നിടുമ്പോഴാണ് ബീറ്റില്‍സിന്റെ ‘നൗ ആന്‍ഡ് ദെന്‍’ എന്ന ട്രാക്ക് ആരാധകർക്കരികിലേക്ക് എത്തുന്നത്. ജോൺ ലെനന്റെ ശബ്ദം പഴയൊരു ട്രാക്കിൽ നിന്ന് എഐ സഹായത്തോടെ പുനഃസൃഷ്ടിച്ചാണ് ഗാനം ഒരുക്കിയിരിക്കുന്നത്. മരിക്കുന്നതിനു രണ്ട് വർഷം മുന്‍പ് ജോൺ പാടിവച്ച ഗാനമാണിത്. ജോണിന്റെ വിധവയായ യോക്കോ ഓനോയാണ് 1994ൽ ബീറ്റിൽസ് അംഗമായ പോൾ മക്കാർട്നിക്ക് ജോണിന്റെ  ശബ്ദമടങ്ങിയ ടേപ്പ് കൈമാറിയത്.

ബാൻഡിലെ മറ്റ് അംഗങ്ങളായ റിങ്കോ സ്റ്റാർ, ജോർജ് ഹാരിസൺ എന്നിവർ ചേർന്ന് കസെറ്റിലെ മറ്റു രണ്ടു പാട്ടുകൾ നേരത്തേ പുറത്തിറക്കിയിരുന്നു. എന്നാൽ ‘നൗ ആന്‍ഡ് ദെന്‍’ എന്ന ട്രാക്കില്‍ ജോണ്‍ ലെനന്റെ ശബ്ദം അവ്യക്തമായതിനാൽ റിലീസ് അനിശ്ചിതത്വത്തിലായി. ഇപ്പോൾ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ ശബ്ദം മെച്ചപ്പെടുത്തിയാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. അന്തരിച്ച ജോര്‍ജ് ഹാരിസന്റെ ഗിറ്റാര്‍ ഈണക്കൂട്ടുകളും സാങ്കേതിക വിദ്യയുടെ സഹായത്തോടെ സംയോജിപ്പിച്ചിട്ടുണ്ട്. പതിറ്റാണ്ടുകളോളം ലോകത്തെ ഹരംകൊള്ളിച്ച ബീറ്റില്‍സിലെ അംഗങ്ങളെല്ലാവരും ഒരുമിച്ചെത്തുന്ന അവസാന ഗാനംകൂടിയാണ് ‘നൗ ആന്‍ഡ്  ദെന്‍’.

1960ൽ‍ ജോൺ ലെനൻ, പോൾ മക്കാർട്നി, റിങ്കോ സ്റ്റാർ, ജോർജ് ഹാരിസൺ എന്നിവർ ചേർന്ന് ലിവർപൂളിൽ ആരംഭിച്ചതാണ് ദ് ബീറ്റിൽസ് ബാൻഡ്. തുടർച്ചയായ പാട്ടുകളിലൂടെ ഒരു കാലഘട്ടത്തെ മുഴുവൻ പാട്ടിലാക്കാൻ ഈ നാൽവർ‌പ്പടയ്ക്കു സാധിച്ചു. സംഘാഗങ്ങൾ ഒരുമിച്ചുള്ള സ്റ്റേജ് ഷോകൾക്കും കസെറ്റ് റിലീസുകൾക്കുമായി ലോകം കാത്തിരുന്ന കാലമായിരുന്നു അത്. സംഗീതലോകത്ത് ഉദിച്ചുയർന്നു നിൽക്കവെ 1969ൽ ആണ് ബീറ്റിൽസ് വേർപിരിഞ്ഞത്. ബാൻഡിലെ നാല് അംഗങ്ങളും സ്വതന്ത്രസംഗീതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ഒടുവിൽ ലോകത്തിന്റെ നെറുകയിൽ എത്തുകയും ചെയ്തു.

ബാൻഡ് പിരിഞ്ഞതിന്റെ ദുഃഖം പേറിയ ആരാധകർക്കിടയിലേക്ക് അവർ വീണ്ടും ഒന്നിക്കുന്നുവെന്ന വാർത്ത പല തവണ എത്തി. വാർത്തകളും പ്രവചനങ്ങളും കൂടുതൽ ശക്തമായതിനിടയിലാണ് 1980ൽ ബീറ്റില്‍സിന്റെ ജീവശ്വാസമായ ജോണ്‍ ലെനന്‍ വിടപറഞ്ഞത്. പിൽക്കാലത്ത് ബീറ്റിൽസിലെ മറ്റ് അംഗങ്ങള്‍ ചേർന്ന് കാണികൾക്കു മുന്നിലെത്തിയെങ്കിലും ജോൺ ഇല്ലാത്ത ആ സംഘം അപൂർണമായിരുന്നു. ഇപ്പോൾ എഐ ഉപയോഗത്തിലൂടെ ജോൺ ലെനന്റെ ശബ്ദം വീണ്ടും കേൾക്കാനായതിന്റെ സന്തോഷത്തിലാണ് ലോകമെമ്പാടുമുള്ള ആരാധകർ. അതേസമയം, സംഗീതരംഗത്ത് എഐ ഉപയോഗപ്പെടുത്തുന്നതില്‍ ആവേശവും ഒപ്പം ആശങ്കയും പങ്കുവയ്ക്കുന്നുണ്ട് സംഗീതജ്ഞര്‍.

English Summary:

The beatles band released their last song

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com