നിക് വിദേശിയാണെന്നതിൽ ആശങ്കയില്ലായിരുന്നു, ഇങ്ങനെയൊരാളെയാണ് അവൾക്കുവേണ്ടി ഞാൻ കാത്തിരുന്നത്: മധു ചോപ്ര

Mail This Article
ഗായകൻ നിക് ജൊനാസുമായുള്ള നടി പ്രിയങ്ക ചോപ്രയുടെ വിവാഹത്തിനു മുൻപ് നിക്കിനോട് ഏറെ നേരം സ്വകാര്യമായി സംസാരിച്ചെന്നും മകൾക്ക് അനുയോജ്യനായ വരനാണെന്നു മനസ്സിലായതോടെയാണ് വിവാഹത്തിനു സമ്മതിച്ചതെന്നും പ്രിയങ്കയുടെ അമ്മ മധു ചോപ്ര. നിക്കിനെ ആദ്യം കണ്ടപ്പോൾ തന്നെ കുടുംബാംഗങ്ങൾക്കെല്ലാം ഇഷ്ടമായിരുന്നു. എന്നാൽ ബാഹ്യസൗന്ദര്യം മാത്രം നോക്കി മരുമകനെ തിരഞ്ഞെടുക്കാൻ താൻ ഒരുക്കമല്ലായിരുന്നുവെന്നും മധു ചോപ്ര വെളിപ്പെടുത്തി.
‘നിക്കിനെ മുൻപ് പരിചയമില്ലായിരുന്നു. നിക്കിന്റെ വ്യക്തിത്വം മനസ്സിലാക്കാനായി അദ്ദേഹവുമായി ഏറെ നേരം ഞാൻ സംസാരിച്ചു. അതിനുശേഷമാണ് മകളുടെ ഭർത്താവാകാൻ നിക് അനുയോജ്യനാണെന്നു തീരുമാനിച്ചത്. അന്നത്തെ ആ സ്വകാര്യസംഭാഷണത്തിലൂടെ എനിക്ക് നിക് എന്ന വ്യക്തിയെ കൂടുതൽ മനസ്സിലാക്കാൻ കഴിഞ്ഞു. അതുപോലൊരു ആളെയായിരുന്നു ഞാൻ എന്റെ മകൾക്കു വേണ്ടി കാത്തിരുന്നത്.
നിക് വിദേശിയാണെന്നതോർത്ത് ഒരിക്കലും എനിക്ക് ആശങ്ക തോന്നിയിട്ടില്ല. പ്രിയങ്ക വിദേശത്താണ് പഠിച്ചത്. ഞങ്ങളുടെ കുടുംബം മുഴുവൻ അവൾക്കൊപ്പം അവിടെ താമസമാക്കിയിരുന്നു. വിദേശ സംസ്കാരത്തെക്കുറിച്ച് അവൾക്കു നന്നായി അറിയാം. നിറത്തിന്റെ പേരിൽ ആരോടും ഒരു വിവേചനവും അവൾ കാണിച്ചിട്ടില്ല. എല്ലാ നിറത്തിലുള്ള ആളുകളും അവൾക്ക് ഒരുപോലെയാണ്, ഞങ്ങൾക്കും. വെളുപ്പിന്റെയോ കറുപ്പിന്റെയോ പേരിൽ എനിക്ക് യാതൊരു ആശങ്കയും തോന്നിയില്ല.
പ്രിയങ്കയുടെ വരൻ അമേരിക്കക്കാരനാണെന്ന് അറിഞ്ഞപ്പോഴും കുടുംബത്തിൽ ആർക്കും വിയോജിപ്പ് ഉണ്ടായിരുന്നില്ല. കാരണം, ഞങ്ങളുടെ കുടുംബത്തിൽ ഇതൊക്കെ സർവസാധാരണമാണ്. മകൾ വിവാഹിതയായി എന്നിൽ നിന്നും ഒരുപാട് ദൂരേക്കു പോകുന്നല്ലോയെന്നോർത്ത് സങ്കടമുണ്ടായിരുന്നു. പക്ഷേ സാരമില്ല, കുറച്ചു മണിക്കൂറുകൾ യാത്ര ചെയ്താൽ ഞങ്ങൾക്കു പരസ്പരം കാണാമല്ലോ എന്ന ആശ്വാസമുണ്ട്’, മധു ചോപ്ര പറഞ്ഞു.
2017ലെ ഗലെ പുരസ്കാര വേദിയിൽ വച്ചാണ് നിക് ജൊനാസും പ്രിയങ്ക ചോപ്രയും കണ്ടുമുട്ടിയത്. പിന്നീട് നിരവധി പൊതുപരിപാടികളിൽ ഇരുവരും ഒരുമിച്ചു പങ്കെടുത്തു. തുടർന്ന് പ്രണയത്തിലാവുകയും 2018 ഡിസംബർ 1ന് വിവാഹിതരാവുകയും ചെയ്തു. മൂന്നു ദിവസം നീണ്ട രാജകീയ പ്രൗഢിയോടുള്ള ആഘോഷങ്ങൾക്കൊടുവിലായിരുന്നു വിവാഹം. ഇരുവരും തമ്മിൽ പത്ത് വയസ്സിന്റെ വ്യത്യാസമാണുള്ളത്. വിവാഹസമയത്ത് ഉയർന്ന വിമർശനങ്ങളിൽ പലതും ഇരു താരങ്ങളുടെയും പ്രായവ്യത്യാസം ചൂണ്ടിക്കാണിച്ചായിരുന്നു. നിക്കും പ്രിയങ്കയും ഒരു വർഷത്തിൽ കൂടുതൽ ഒരുമിച്ചു ജീവിക്കില്ലെന്നും ഇരുവരും ഉടൻ വേർപിരിയുമെന്നുമുൾപ്പെടെയുള്ള പ്രവചനങ്ങള്‍ വിവാഹസമയത്തു പുറത്തുവന്നിരുന്നു. എന്നാൽ താരദമ്പതികൾ വിവാഹജീവിതത്തിൽ 5 വർഷങ്ങൾ പൂര്‍ത്തിയാക്കാനൊരുങ്ങുകയാണ്.
2022 ജനുവരി 22ന് നിക്കിനും പ്രിയങ്കയ്ക്കും പെൺകുഞ്ഞ് പിറന്നു. വാടകഗർഭപാത്രത്തിലൂടെയാണ് ഇരുവരും മാതാപിതാക്കളായത്. മാൾട്ടി മേരി ചോപ്ര ജൊനാസ് എന്നാണ് മകളുടെ പേര്. ‘മാൾട്ടി’ എന്ന വാക്ക് സംസ്കൃതത്തിൽ നിന്നും ഉത്ഭവിച്ചതാണ്. ചെറിയ സുഗന്ധമുള്ള പുഷ്പം അല്ലെങ്കിൽ ചന്ദ്രപ്രകാശം എന്നാണ് വാക്കിന്റെ അർഥം. കടലിലെ നക്ഷത്രം എന്നർഥം വരുന്ന സ്റ്റെല്ല മാരിസ് എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് മേരി എന്ന പേര് സ്വീകരിച്ചത്. യേശുക്രിസ്തുവിന്റെ മാതാവായ മേരി എന്ന ബിബ്ലിക്കൽ അർഥവുമുണ്ട് പേരിന്.