ADVERTISEMENT

രാജ്യാന്തരതലത്തിൽ സംഗീതസംവിധായികയായി അരങ്ങേറ്റം കുറിക്കാനൊരുങ്ങി സംഗീതസംവിധായകന്‍ എ.ആർ.റഹ്മാന്റെ മകളും ഗായികയുമായ ഖദീജ റഹ്മാന്‍. യുകെ-ഇന്ത്യ കോ പ്രൊഡക്‌ഷൻ ചിത്രമായ ലയണസിനുവേണ്ടിയാണ് ഖദീജ സംഗീതമൊരുക്കുന്നത്. ചിത്രത്തിന്റെ നിർമാതാക്കളാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.   

ഇന്ത്യൻ നാഷനൽ ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന്റെയും (എൻഎഫ്‌ഡിസി) യുകെയിലെ ബ്രിട്ടിഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെയും (ബിഎഫ്‌ഐ) സഹകരണത്തോടെ ഒരുങ്ങുന്ന ചിത്രമാണ് ‘ലയണസ്’. കജ്‌രി ബബ്ബർ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നു. ലയണസിന്റെ ഭാഗമാകാൻ സാധിച്ചതിൽ സന്തോഷവും അഭിമാനവും തോന്നുന്നുവെന്നും സിനിമയുടെ കഥ കേട്ടപ്പോൾ തന്നെ അതിന്റെ ആഴമേറിയ അർഥങ്ങളുമായി താൻ വൈകാരികമായി അടുത്തുവെന്നും ഖദീജ വെളിപ്പെടുത്തി. 

സംഗീതരംഗത്ത് ഏറെ സജീവമാണ് ഖദീജ റഹ്മാൻ. ഹലിത ഷമീം സംവിധാനം ചെയ്യുന്ന ‘മിൻമിനി’ എന്ന തമിഴ് ചിത്രത്തിനു വേണ്ടി ഖദീജയാണ് ഈണമൊരുക്കുന്നത്. ഇക്കാര്യം ഖദീജ തന്നെ ഒദ്യോഗികമായി അറിയിച്ചിരുന്നു. മുകേഷ് നായകനായെത്തുന്ന ‘ഫിലിപ്സ്’ എന്ന മലയാള ചിത്രത്തിനു വേണ്ടി ‘വിഴിഗൽ സേരാ’ എന്ന ഗാനം ആലപിച്ചതും ഖദീജയാണ്. 

2020ൽ ‘ഫരിശ്തോ’ എന്ന ഗാനം ആലപിച്ചാണ് ഖദീജ റഹ്മാൻ സംഗീതമേഖലയിൽ അരങ്ങേറ്റം കുറിച്ചത്. എ.ആർ.റഹ്മാൻ തന്നെ സംഗീതസംവിധാനവും നിർമാണവും നിർവഹിച്ച ആൽബമായിരുന്നു അത്. മുന്ന ഷൗക്കത്ത് അലിയാണ് പാട്ടിനു വേണ്ടി വരികൾ കുറിച്ചത്. ‘ഫരിശ്തോ’ സംഗീതലോകത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടു. പാട്ടിലൂടെ മികച്ച അനിമേറ്റഡ് സംഗീത വിഡിയോയ്ക്കുള്ള ഇന്റർനാഷനൽ സൗണ്ട് ഫ്യൂച്ചർ പുരസ്കാരവും ഖദീജ നേടി. 

English Summary:

AR Rahman's daughter Khatija debuts as composer with UK-India film

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com