അൽപ വസ്ത്രം ധരിച്ച് നഗ്നത കാണിക്കുന്നത് മാനസിക രോഗമെന്ന് കമന്റ്; വിമർശകനോട് പൊട്ടിത്തെറിച്ച് അഭയ
Mail This Article
വസ്ത്രധാരണത്തെച്ചൊല്ലി വിമർശിച്ചവർക്ക് ശക്തമായ ഭാഷയിൽ മറുപടി നൽകി ഗായിക അഭയ ഹിരണ്‍മയി. വേദിയിൽ സംഗീതപരിപാടി അവതരിപ്പിക്കുന്നതിന്റെ ചിത്രങ്ങൾ പങ്കുവച്ചതിനു പിന്നാലെയാണ് അഭയയുടെ വസ്ത്രം ചൂണ്ടി വിമർശനങ്ങൾ തല പൊക്കിയത്. കുഞ്ഞുടുപ്പിടുന്ന കുഞ്ഞുങ്ങളെ പോലും ശാരീരികമായി പീഡിപ്പിക്കുന്നുണ്ടെന്ന് വിമർശകനു മറുപടിയായി അഭയ ഹിരൺമയി കുറിച്ചു. പിന്നാലെ കമന്റ് ഡിലീറ്റ് ചെയ്ത് വിമർശകൻ തലയൂരി.
ശേഷം വന്ന വിമർശന കമന്റുകളോടും അഭയ രൂക്ഷമയിത്തന്നെ പ്രതികരിച്ചു. ജാനകിയമ്മയും ചിത്ര ചേച്ചിയും റിമി ടോമിയുമെല്ലാം മന്യമായ വേഷം ധരിച്ചാണ് സംഗീതപരിപാടികൾ അവതരിപ്പിച്ചിട്ടുള്ളതെന്നും വില കുറഞ്ഞ വസ്ത്രം ധരിച്ച് മാന്യത കാണിക്കരുതെന്നും പൊതുമധ്യത്തിൽ അൽപ വസ്ത്രം ധരിച്ച് നഗ്നത കാണിക്കുന്നത് മാനസിക രോഗമാണെന്നുമൊക്കെയാണ് വിമർശകർ കുറിച്ചത്.
‘താങ്കളുടെ മാന്യതക്ക് അനുസരിച്ചുള്ള ഡ്രസ്സ് ഇടാൻ എനിക്ക് സൗകര്യമില്ല. ജാനകിയമ്മയുടെയും ചിത്രാമ്മയുടെയുമൊക്കെ മൂല്യം നിങ്ങൾ ഡ്രെസ്സിലാണല്ലോ കണ്ടത്? എന്റെ ഡ്രെസ്സിനു വിലക്കുറവാണെന്ന് ആര് പറഞ്ഞു? നല്ല വിലയുള്ള ഡ്രസ്സ് ആണ് ഇട്ടിരിക്കുന്നത്’ എന്നായിരുന്നു അഭയയുടെ മറുപടി. വിമർശകരുടെ വായടപ്പിക്കും വിധത്തിൽ മറുപടി നൽകിയ ഗായികയ്ക്കു പിന്തുണ അറിയിച്ച് നിരവധി പേരാണു രംഗത്തെത്തുന്നത്.