ചെമ്പൈ സംഗീതകോളജിലെ 2–ാം റാങ്കുകാരന്, ഇന്ന് തെരുവിൽ അലഞ്ഞുതിരിഞ്ഞ് ജീവിതം; ഇവിടെയുണ്ട് ആ പാട്ടിന്റെ കൂട്ടുകാരൻ!
Mail This Article
22 വർഷം മുമ്പ് ചെമ്പൈ സംഗീതകോളജില്‍ നിന്നും രണ്ടാം റാങ്കോടെ പഠിച്ചിറങ്ങിയ ആ ഗായകൻ ഇന്ന് തെരുവിൽ അലയുകയാണ്. പറഞ്ഞുവരുന്നത് ആനായിക്കൽ സ്വദേശി മനോജിനെക്കുറിച്ച്. വിധി വില്ലനായി വന്നപ്പോൾ തോറ്റുകൊടുക്കാൻ മനസ്സില്ലാതെ അദ്ദേഹം പൊരുതി. എന്നാൽ എല്ലാം നഷ്ടമായി, സംഗീതമൊഴികെ.
വർഷങ്ങളേറെ കഴിഞ്ഞിട്ടും മനോജിനെക്കുറിച്ച് യാതൊരു വിവരവും ഇല്ലാത്തതിനാൽ സഹപാഠികള്‍ തന്നെയാണ് അന്വേഷിച്ചിറങ്ങിയത്. നാളുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ അവർ ആ പഴയ പാട്ടുകാരനെ, കൂട്ടുകാരനെ കണ്ടെത്തി, തൃശൂർ കുന്നംകുളത്ത് വച്ച്. പാട്ടുമായി വലിയ വേദികൾ കീഴടക്കി ആരാധകലക്ഷങ്ങളെ വാരിക്കൂട്ടേണ്ടയാൾ ഇന്ന് അനാഥത്വത്തിന്റെ മടിത്തട്ടിൽ തെരുവിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്നു.
കലാലയ ജീവിതത്തിനു ശേഷം ഗാനമേളകളിൽ സജീവമായിരുന്നു മനോജ്. കുറച്ചു കാലം സംഗീത അധ്യാപകനായി ജോലി ചെയ്തു. ജീവിതം സംഗീതസാന്ദ്രമായി ഒഴുകി നീങ്ങവെ പെട്ടെന്നാണ് മാനസിക അസ്വസ്ഥയുണ്ടാകുന്നത്. അതോടെ ജീവിതത്തിന്റെ താളം തെറ്റി, ഈണം മുറിഞ്ഞു. അച്ഛനും അമ്മയും മരണപ്പെട്ടതോടെ തനിച്ച്! പിന്നീടിങ്ങോട്ട് തെരുവിന്റെ മകനായി. രാവിലെ മുതൽ തെരുവിൽ അലഞ്ഞുതിരിഞ്ഞ് നടന്ന് ഓരോ ദിനവും തള്ളിനീക്കും. ആരെങ്കിലും വച്ചുനീട്ടുന്ന നാണയത്തുട്ടുകൾ അന്നന്നത്തെ അന്നത്തിനുതകും. ജ്യേഷ്ഠനും മാനസിക വെല്ലുവിളി നേരിടുന്നുണ്ട്.
മധ്യവയസ്കനായ മനോജിന്റെസ്വരശുദ്ധിക്ക് ഭംഗം വന്നിട്ടില്ല. ഹരിമുരളീരവും ഹരിവരാസനവും പാടി തുടങ്ങിയാൽ പിന്നെ ചുറ്റും നിശബ്ദത. സംഗീതം കൊണ്ട് വലിയ ഉയരങ്ങളിൽ എത്തിപ്പിടിക്കാനുള്ള കഴിവ് ഉണ്ടായിരുന്നിട്ടും വിധിയുടെ ക്രൂരത മനോജിനെ എങ്ങും എത്തിച്ചില്ല. ഒപ്പം പഠിച്ചവരെല്ലാം അറിയപ്പെടുന്ന ഗായകരായി. അപ്പോഴും വിധിയെ പഴിക്കാതെ കുന്നംകുളത്തുകാർക്കായി ഇടതടവില്ലാതെ പാടുകയാണ് മനോജ്. വേദികൾ ലഭിച്ചാൽ നഷ്ടപ്പെട്ടു പോയ സ്വപ്നം വീണ്ടെടുക്കാനാവുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.