നന്നായി പാടാനായില്ലെന്ന് കുഞ്ഞാരാധികയുടെ സങ്കടം; കീബോർഡ് സമ്മാനിച്ച് എ.ആർ.റഹ്മാൻ
Mail This Article
കുഞ്ഞ് ആരാധികയ്ക്ക് കീബോർഡ് സമ്മാനമായി നൽകുമെന്ന് പൊതുവേദിയിൽ വച്ച് പ്രഖ്യാപിച്ച് സംഗീതസംവിധായകൻ എ.ആർ.റഹ്മാൻ. ഇന്റർനാഷനൽ സ്റ്റോറി ടെല്ലേഴ്സ് ഫെസ്റ്റിവൽ ആയ കഥകർ ഫെസ്റ്റിൽ പങ്കെടുക്കാൻ ഡൽഹിയിൽ എത്തിയതായിരുന്നു റഹ്മാൻ. പരിപാടിക്കിടെ പാട്ട് പാടാൻ തയ്യാറായിട്ടായിരുന്നില്ല റഹ്മാൻ വന്നത്. എന്നാൽ വേദിയിൽ അദ്ദേഹത്തിനരികെ എത്തിയ കുഞ്ഞ് ആരാധികയുടെ ആവശ്യം നിരസിക്കാൻ അദ്ദേഹത്തിനായില്ല. അവളുടെ നിർബന്ധപ്രകാരം റഹ്മാൻ ‘ബോംബെ’ എന്ന ചിത്രത്തിലെ ഗാനത്തിന്റെ ഏതാനും വരികൾ ആലപിച്ചു.
പാടുന്നതിനിടയിൽ റഹ്മാൻ, ആരാധികയോട് തനിക്കൊപ്പം പാടാൻ ആവശ്യപ്പെട്ടു. റഹ്മാൻ പാടിയപ്പോൾ സംഗീതം വന്നുവെന്നും താൻ പാടിയപ്പോൾ അതുണ്ടായില്ലെന്നുമുള്ള ആരാധികയുടെ സരസമായ പറച്ചിൽ വേദിയിൽ ചിരി പടർത്തി. ‘എനിക്ക് 56 വയസ്സായി. നീ കുട്ടിയാണ്. നിനക്ക് എന്നെക്കാൾ നന്നായി പാടാൻ കഴിയും. ഞാൻ ഒരുപാട് സമയം പാഴാക്കി’, എന്നായിരുന്നു ഇതിന് റഹ്മാൻ നൽകിയ മറുപടി. എല്ലാ ദിവസവും അവൾ പാട്ട് പരിശീലിക്കേണ്ടതുണ്ടെന്നു പറഞ്ഞ റഹ്മാൻ, അവൾക്ക് ഒരു കീബോർഡ് കൊടുക്കാമെന്ന് വാഗ്ദാനം ചെയ്തു. അടുത്ത വർഷം നീ കഥകർ ഫെസ്റ്റിവലിനിടെ പാടണമെന്നും ആരാധികയോട് റഹ്മാൻ ഉപദേശിച്ചു.
എ.ആർ.റഹ്മാനും കുഞ്ഞാരാധികയും തമ്മിലുള്ള ആശയവിനിമയത്തിന്റെ വിഡിയോ ചുരുങ്ങിയ സമയം കൊണ്ടാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. നിരവധി പേർ പ്രതികരണങ്ങൾ അറിയിച്ചു രംഗത്തെത്തുന്നുണ്ട്. ഇരുവരുടെയും സരസമായ സംസാരം പ്രേക്ഷകരിൽ ചിരി നിറയ്ക്കുകയാണ്.