‘ഞാൻ എന്റെ മകനെ മികച്ച രീതിയിൽ യാത്രയാക്കി’; നെഞ്ചുലഞ്ഞ് ജിമിന്റെ പിതാവ്, കണ്ണീരോടെ കാത്തിരിക്കാൻ ആരാധകർ
Mail This Article
കൊറിയൻ സംഗീതബാൻഡ് ബിടിഎസിലെ എല്ലാ അഗങ്ങളും പട്ടാളക്യാംപിലെത്തി. ജംഗൂക്, ജിമിൻ എന്നിവരാണ് ഏറ്റവുമൊടുവിലായി സൈന്യത്തിലെത്തിയത്. മറ്റ് അംഗങ്ങളെല്ലാം നിലവിൽ ക്യാംപിലാണുള്ളത്. അതിനാൽത്തന്നെ ജിമിനെയും ജംഗൂക്കിനെയും യാത്രയാക്കാൻ സഹപ്രവർത്തകർ ആരും ഉണ്ടായിരുന്നില്ല. ഡിസംബർ 12നാണ് ഇരുവരും ക്യാംപിലേക്കു പോയത്.
ജിമിന്റെ പിതാവ് പാർക്ക് മകനെയും ജംഗൂക്കിനെയും യാത്രയയ്ക്കാൻ എത്തിയിരുന്നു. ഇതിന്റെ ഹൃദ്യമായ ചിത്രങ്ങൾ അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുമുണ്ട്. ‘ഞാൻ എന്റെ മകനെ മികച്ച രീതിയിൽത്തന്നെ യാത്രയാക്കി. നിങ്ങളുടെ പിന്തുണ ജിമിന് ഒരുപാട് കരുത്ത് നൽകുന്നുണ്ട്. എല്ലാവരോടും ഞാൻ ഹൃദയപൂർവം നന്ദി പറയുകയാണ്’ എന്ന അടിക്കുറിപ്പോടെയാണ് പാർക്ക് ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. ജിമിന്റെ ‘പ്രോമിസ്’ എന്ന ഗാനവും ചിത്രങ്ങളുടെ പശ്ചാത്തലത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജിമിന്റെ ഇളയസഹോദരനും പാർക്കിനൊപ്പം ഉണ്ടായിരുന്നു.
വേദനയോടെയാണ് ബിടിഎസ് അംഗങ്ങളെ ആരാധകവൃന്ദമായ ആർമി സൈനികസേവനത്തിനായി യാത്രയാക്കുന്നത്. ഉത്തരവാദിത്തങ്ങൾ നിറവേറ്റി 2025ൽ മടങ്ങിവരുമെന്ന് താരങ്ങൾ ഉറപ്പു നൽകുന്നുണ്ട്. തങ്ങൾ സുരക്ഷിതരായി തിരിച്ചുവരേണ്ടതിന് ആരാധകരുടെ സ്നേഹവും പ്രാർഥനയും പിന്തുണയും ആവശ്യമാണെന്ന് ബാൻഡ് അംഗങ്ങൾ പറഞ്ഞു. ബിടിഎസിന്റെ മടങ്ങിവരവിനായി പ്രതീക്ഷയോടെ, കണ്ണീരോടെ കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള ആരാധകർ.
ദക്ഷിണ കൊറിയയിലെ നിയമമനുസരിച്ച് 18നും 28നും ഇടയില്‍ പ്രായമുള്ള ആരോഗ്യവാന്‍മാരായ എല്ലാ പുരുഷന്‍മാരും നിർബന്ധമായും സൈനികസേവനത്തിലേര്‍പ്പെട്ടിരിക്കണം. 18 മുതൽ 21 മാസം വരെ നീളുന്ന സേവനമാണിത്. ബിടിഎസ് അംഗങ്ങൾക്കു നൽകിയ 2 വർഷത്തെ പ്രത്യേക ഇളവും കഴിഞ്ഞതോടെ, ബാൻഡിലെ മുതിർന്ന അംഗമായ ജിൻ കഴിഞ്ഞ ഡിസംബറിൽ ദക്ഷിണ കൊറിയൻ ബൂട്ട് ക്യാംപിൽ സൈനിക സേവനം ആരംഭിച്ചിരുന്നു. മാസങ്ങളുടെ ഇടവേളയിൽ ജെ–ഹോപ്, സുഗ എന്നിവരും ക്യാംപിലെത്തി. പിന്നീട് ആർഎം, വി എന്നിവരും സൈന്യത്തിൽ ചേർന്നു. ഏറ്റവുമൊടുവിലാണ് ജംഗൂക്കും ജിമിനും ക്യാംപിലേക്കു പോയത്.
കഴിഞ്ഞ വർഷം ജൂണില്‍ ആണ് ബിടിഎസ് വേർപിരിയൽ പ്രഖ്യാപനം നടത്തിയത്. ബാൻഡ് രൂപീകരിച്ച് 9 വർഷം പൂർത്തിയാക്കിയ വേളയിൽ നടത്തിയ പ്രത്യേക അത്താഴ വിരുന്നിനു ശേഷമായിരുന്നു സംഘത്തിന്റെ ഔദ്യോഗിക അറിയിപ്പ്. സംഗീതലോകത്തു നിന്നു തങ്ങൾ അനിശ്ചിതകാല ഇടവേള എടുക്കുകയാണെന്നും വൈകാതെ തിരികെ വരുമെന്നും ബാൻഡ് അംഗങ്ങൾ പ്രഖ്യാപിച്ചു.
സ്വതന്ത്ര സംഗീത ജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പിരിയുന്നതെന്നു പറഞ്ഞെങ്കിലും നിര്‍ബന്ധിത സൈനികസേവനത്തിനിറങ്ങാന്‍ വേണ്ടിയായിരുന്നു ഇതെന്ന് പിന്നീട് അനൗദ്യോഗിക പ്രഖ്യാപനമുണ്ടായി. ബാൻഡ് വേർപിരിഞ്ഞെങ്കിലും അവരൊന്നിച്ചു ലോകം മുഴുവൻ എത്തിച്ച സംഗീതം ഇപ്പോഴും ആരാധകഹൃദയങ്ങളിലുണ്ട്. ഇനിയും ലോകവേദികൾ കീഴടക്കാൻ ബിടിഎസ് വരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് ആരാധകര്‍.