ADVERTISEMENT

മുൻഭർത്താവും നടനുമായ ബാലയുടെ ആരോപണങ്ങൾക്കു ശക്തമായ മറുപടിയുമായി ഗായിക അമൃത സുരേഷ്. ആചാര്യ ചാണക്യ ലോയേഴ്സ് ആൻഡ് കണ്‍സൽട്ടന്റ്സിന്റെ പാർട്ണർമാരായ അഡ്വ.രജനി, അഡ്വ.സുധീർ എന്നിവർക്കൊപ്പമാണ് അമൃത, ബാലയുടെ ആരോപണങ്ങളോട് നിയമത്തിന്റെ ഭാഷയിൽ പ്രതികരിച്ചത്. വിവാഹമോചനശേഷം ബാല നിരന്തരമായി തന്നെ തേജോവധം ചെയ്യാൻ ശ്രമിക്കുകയാണെന്നു ചൂണ്ടിക്കാണിച്ച് നിയമസഹായത്തിനായി അമൃത തങ്ങളെ സമീപിക്കുകയായിരുന്നുവെന്ന് അഡ്വ.രജനി വെളിപ്പെടുത്തി. ഇക്കാര്യത്തിലെ നിയമവശങ്ങൾ അഡ്വ.സുധീർ വിശദീകരിച്ചു. 

പരസ്പരസമ്മതത്തോടെയുള്ള വിവാഹമോചനശേഷം വ്യക്തികൾ തമ്മിൽ തേജോവധം നടത്താനോ വ്യക്തിഹത്യ നടത്താനോ പാടില്ലെന്നും അത്തരമൊരു കരാറിൽ ഇരുവരും ഒപ്പുവച്ചതാണെന്നും എന്നാൽ അതെല്ലാം ലംഘിച്ചുകൊണ്ടുള്ള പ്രവൃത്തികളാണ് കഴിഞ്ഞ കുറേ വർഷങ്ങളായി ബാലയുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നതെന്നും അഡ്വ.സുധീർ വ്യക്തമാക്കി. മകളെ കാണിക്കാൻ അമൃത അനുവദിക്കുന്നില്ലെന്ന ബാലയുടെ ആരോപണങ്ങളോട് സുധീർ നിയമവശങ്ങൾ വിശദീകരിച്ച് മറുപടി നൽകി. കോടതി വിധി അനുസരിച്ച് മകൾക്ക് 18 വയസ്സ് തികയുന്നതുവരെ അമ്മയാണ് കുഞ്ഞിന്റെ രക്ഷിതാവ്. എല്ലാ മാസത്തെയും രണ്ടാം ശനിയാഴ്ച രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെ കോടതിവളപ്പിൽ വച്ച് ബാലയ്ക്ക് മകളെ കാണാൻ അവകാശമുണ്ട്. അല്ലാതെ മറ്റ് വിശേഷ ദിവസങ്ങളിലോ ഉത്സവകാലങ്ങളിലോ മകളെ കൂട്ടിക്കൊണ്ടുപോകാൻ ബാലയ്ക്ക് അനുവാദമില്ല. 

വിവാഹമോചനശേഷമുള്ള ആദ്യ രണ്ടാം ശനിയാഴ്ച അമൃത മകളെയും കൂട്ടി കോടതിവളപ്പിൽ ചെന്നെങ്കിലും അന്ന് ബാല എത്തിയില്ല. പറഞ്ഞുറപ്പിച്ച ദിവസം തമ്മിൽ കാണുന്നതിന് എന്തെങ്കിലും തടസ്സമുണ്ടെങ്കിൽ, കോടതിയിൽ നൽകിയ ഇമെയിൽ വിലാസത്തിലൂടെയോ ഫോൺ കോളിലൂടെയോ അമൃതയെ വിവരം അറിയിക്കണം എന്നുമുണ്ട്. എന്നാൽ തനിക്ക് മെസ്സേജ് വരികയോ ഇമെയിൽ അയക്കുകയോ ചെയ്തിട്ടില്ലെന്ന് അമൃത പറയുന്നു. മകളെ കാണിക്കുന്നില്ലെന്ന് ബാല സമൂഹമാധ്യമങ്ങളിലൂടെ പറയുക മാത്രമാണ് ചെയ്യുന്നത്. 

താൻ കുഞ്ഞിനെ പിടിച്ചുവച്ചിരിക്കുന്നുവെന്നു വരുത്തിത്തീർക്കാനും തേജോവധം ചെയ്യാനുമാണ് ബാലയുടെ ഉദ്ദേശ്യമെന്ന് അമൃത പറയുന്നു. കോമ്പ്രമൈസ് പെറ്റീഷൻ പ്രകാരം 25 ലക്ഷം രൂപ അമൃതയ്ക്കു നൽകിയിട്ടുണ്ട്. കൂടാതെ അവന്തിക എന്ന മകളുടെ പേരിൽ 15 ലക്ഷം രൂപയുടെ ഇൻഷുറൻസ് പോളിസിയുമാണുള്ളത്. ഈ പെറ്റീഷൻ പ്രകാരം കുഞ്ഞിനെ വളർത്താനുള്ള തുകയോ, വിദ്യാഭ്യാസത്തിന്റെയോ, വിവാഹത്തിന്റെ ചിലവുകളോ കൊടുക്കുമെന്ന് പറയുന്നില്ല

ബാലയ്ക്കെതിരെ പോക്സോ കേസ് കൊടുത്തതായി രേഖയില്ല. പോക്സോ പ്രകാരം കേസ് ഉണ്ടെങ്കിൽ പോലീസ് റിമാൻഡ് ചെയ്യേണ്ടതാണ്. അത് സംഭവിച്ചിട്ടില്ല. കുഞ്ഞിന്റെ രക്ഷിതാവായി അമൃതയെ നിശ്ചയിച്ച സത്യവാങ്മൂലം നൽകിയിട്ടുണ്ട്. കുഞ്ഞിന്റെ പിതാവായി എന്നും ബാലയുടെ പേരാകും വച്ചിരിക്കുക എന്ന കാര്യം ലംഘിച്ചിട്ടുമില്ല‌‌. അമൃതയ്ക്കു മാത്രമാകും കുഞ്ഞിന്റെ ചുമതല എന്നും പറയുന്നുണ്ട്. മൈനർ ആയ കുഞ്ഞിന്റെ കാര്യങ്ങളിലൊന്നും ബാല ഇടപെടില്ല എന്നും പറയുന്നുണ്ട്. ഇനിയും ഉടമ്പടി പ്രകാരം പറഞ്ഞ കാര്യങ്ങളിൽ ലംഘനമുണ്ടായാൽ നിയമപരമായി നേരിടാൻ അഭിഭാഷകർക്ക് അമൃത അനുവാദം നൽകിയിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com