ADVERTISEMENT

പുതുവർഷത്തിൽ ആരാധകരെ അഭിസംബോധന ചെയ്ത് വൈകാരികക്കുറിപ്പുമായി ബിടിഎസ് താരം ജെ–ഹോപ്. പോയ വർഷം നൽകിയ ഓർമകളും പുതുവർഷത്തെക്കുറിച്ചുള്ള പ്രതീക്ഷകളും നിറയുന്ന കുറിപ്പാണിത്. നിർബന്ധിത സൈനിക സേവനത്തിലേർപ്പെട്ടിരിക്കുന്ന ജെ–ഹോപ്, തന്റെ സേവന കാലാവധി അവസാനിക്കാൻ പോവുകയാണെന്നു കുറിപ്പിൽ പറഞ്ഞുവയ്ക്കുന്നു. സുദീർഘമായ കുറിപ്പാണ് ജോ–ഹോപ് ആരാധകരുമായി പങ്കിട്ടത്.

‘പ്രിയപ്പെട്ട ആർമി, നിങ്ങളെല്ലാവരും സുഖമായിരിക്കുന്നുവെന്നു പ്രതീക്ഷിക്കുന്നു. 2023 ൽ പ്രത്യേകിച്ചൊന്നും അവശേഷിച്ചില്ല എന്നതാണു യാഥാർഥ്യം. പക്ഷേ എനിക്കത് ഏറെ പ്രത്യേകതകളുള്ള വർഷമായി തോന്നി. എനിക്ക് എന്തൊക്കെയോ മാറ്റങ്ങൾ സംഭവിച്ചു. ഒരുപാട് ജോലികൾ ഒറ്റയ്ക്കു ചെയ്യാൻ സാധിച്ച വർഷമാണ് 2023. വേദികളിൽ ഒറ്റയ്ക്ക് പ്രകടനങ്ങൾ കാഴ്ചവയ്ക്കേണ്ടി വന്നു. പുരസ്കാരവേദികളിൽ പോലും എനിക്ക് ഒറ്റയ്ക്കു പോകേണ്ടിവന്നു. മറ്റൊരു ഗായകനൊപ്പം ചേർന്നൊരു പാട്ട് പുറത്തിറക്കി.

തിരക്കുപിടിച്ച് ഓടി നടന്ന് ജോലികൾ ചെയ്ത വർഷമായിരുന്നു 2023. ജോലികൾ പൂർത്തിയാക്കിയ ശേഷം ‍‍ഞാൻ സൈനിക സേവനത്തിനായി പോയി. പട്ടാളക്കാരനായി ഓടിത്തുടങ്ങിയിട്ട് 9 മാസങ്ങൾ പിന്നിട്ടു. ഞാൻ എന്റെ ജീവിതത്തിലെ സൂര്യോദയം കാണാൻ വേണ്ടി തയ്യാറെടുക്കുകയാണ്. ഈ വർഷം ഒക്ടോബറിൽ എന്റെ സൈനിക സേവനം അവസാനിക്കും. വീണ്ടും പഴയതുപോലെ തന്നെ നിങ്ങൾക്കു മുന്നിലെത്താൻ ഞാൻ ആഗ്രഹിക്കുന്നു. അതു മാത്രമാണ് ഇപ്പോഴത്തെ എന്റെ ചിന്ത. അത്രയധികമായി എനിക്കു നിങ്ങളെ മിസ് ചെയ്യുന്നു.

എനിക്കെന്റെ സഹപ്രവർത്തകരെയും ഒരുപാട് മിസ് ചെയ്യുന്നുണ്ട്. അവരെ നേരിൽ കാണാന്‍ സാധിക്കാത്തതിന്റെ ദുഃഖം എന്നെ കീഴ്പ്പെടുത്തുന്നു. ഉറങ്ങാൻ പോകുന്നതിനു മുമ്പ്, ഞാൻ ഒരുപാട് ചിന്തിക്കാറുണ്ട്. പല കാര്യങ്ങളെക്കുറിച്ചും സ്വപ്നങ്ങൾ കാണുന്നു. വളരെ സ്വാഭാവികവും നിസ്സാരവുമായി തോന്നിയ കാര്യങ്ങൾ ആദർശമായിത്തീരുന്നു. ഞാൻ ആത്മാർഥമായി എന്റെ സൈനിക സേവനം അവസാനിപ്പിക്കുന്ന ദിവസത്തെക്കുറിച്ചോർക്കുമ്പോൾ 2024 ന്റെ ഈ തുടക്ക ദിനങ്ങൾ എന്നെ കൂടുതൽ കരുത്തുറ്റവനാക്കുന്നു’, ജെ–ഹോപ് കുറിച്ചു.

ദക്ഷിണ കൊറിയയിലെ നിയമമനുസരിച്ച് 18നും 28നും ഇടയില്‍ പ്രായമുള്ള ആരോഗ്യവാന്‍മാരായ എല്ലാ പുരുഷന്‍മാരും നിർബന്ധമായും സൈനികസേവനത്തിലേര്‍പ്പെട്ടിരിക്കണം. 18 മുതൽ 21 മാസം വരെ നീളുന്ന സേവനമാണിത്. ബിടിഎസ് അംഗങ്ങൾക്കു നൽകിയ 2 വർഷത്തെ പ്രത്യേക ഇളവും കഴിഞ്ഞതോടെ, ബാൻഡിലെ മുതിർന്ന അംഗമായ ജിൻ കഴിഞ്ഞ ഡിസംബറിൽ ദക്ഷിണ കൊറിയൻ ബൂട്ട് ക്യാംപിൽ സൈനിക സേവനം ആരംഭിച്ചിരുന്നു. മാസങ്ങളുടെ ഇടവേളയിൽ ജെ–ഹോപ്, സുഗ എന്നിവരും ക്യാംപിലെത്തി. പിന്നീട് ആർഎം, വി എന്നിവരും സൈന്യത്തിൽ ചേർന്നു. ഏറ്റവുമൊടുവിലാണ് ജംഗൂക്കും ജിമിനും ക്യാംപിലേക്കു പോയത്.

2022 ജൂണില്‍ ആണ് ബിടിഎസ് വേർപിരിയൽ പ്രഖ്യാപനം നടത്തിയത്. ബാൻഡ് രൂപീകരിച്ച് 9 വർഷം പൂർത്തിയാക്കിയ വേളയിൽ നടത്തിയ പ്രത്യേക അത്താഴ വിരുന്നിനു ശേഷമായിരുന്നു സംഘത്തിന്റെ ഔദ്യോഗിക അറിയിപ്പ്. സംഗീതലോകത്തു നിന്നു തങ്ങൾ അനിശ്ചിതകാല ഇടവേള എടുക്കുകയാണെന്നും വൈകാതെ തിരികെ വരുമെന്നും ബാൻഡ് അംഗങ്ങൾ പ്രഖ്യാപിച്ചു.

സ്വതന്ത്ര സംഗീത ജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പിരിയുന്നതെന്നു പറഞ്ഞെങ്കിലും നിര്‍ബന്ധിത സൈനികസേവനത്തിനിറങ്ങാന്‍ വേണ്ടിയായിരുന്നു ഇതെന്ന് പിന്നീട് അനൗദ്യോഗിക പ്രഖ്യാപനമുണ്ടായി. ബാൻഡ് വേർപിരിഞ്ഞെങ്കിലും അവരൊന്നിച്ചു ലോകം മുഴുവൻ എത്തിച്ച സംഗീതം ഇപ്പോഴും ആരാധകഹൃദയങ്ങളിലുണ്ട്. ഇനിയും ലോകവേദികൾ കീഴടക്കാൻ ബിടിഎസ് വരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോൾ ജെ–ഹോപ്പിന്റേതായി പുറത്തുവന്ന കത്ത് ആരാധകർക്കു നൽകുന്ന പ്രതീക്ഷകൾ വളരെ വലുതാണ്.

English Summary:

J Hope shares emotional note for bts army

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com