ADVERTISEMENT

മീ ടൂ ആരോപണം നേരിടുന്ന കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനൊപ്പം വേദിപങ്കിട്ട തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, നടൻ കമൽ ഹാസൻ, കോൺഗ്രസ് നേതാവ് പി.ചിദംബരം എന്നിവരെ രൂക്ഷമായി വിമർശിച്ച് ഗായിക ചിന്മയി ശ്രീപദ. വൈരമുത്തുവിന്റെ ഏറ്റവും പുതിയ പുസ്തകമായ ‘മഹാകവിതൈ’യുടെ പ്രകാശന ചടങ്ങില്‍ പങ്കെടുക്കാനാണ് മൂവരും എത്തിയത്. ചടങ്ങിനിടെയുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് വിമർശനസ്വരവുമായി ചിന്മയി രംഗത്തെത്തിയത്. 

‘എന്നെ ലൈംഗികപരമായി ഉപദ്രവിച്ച ആളെ തമിഴ്നാട്ടിലെ ശക്തരായ പുരുഷന്മാർ ഉയർത്തികാട്ടുന്നു. വിലക്കിനെത്തുടർന്ന് കരിയറിലെ നിരവധി വർഷങ്ങളാണ് എനിക്കു നഷ്ടമായത്. ലൈംഗിക കുറ്റവാളികളെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന മുഴുവൻ പരിസ്ഥിതിയും ഈ നിമിഷം മുതൽ നശിച്ചു തുടങ്ങട്ടെ. എന്റെ ആഗ്രഹം സഫലമാകുന്നതുവരെ ഞാൻ പ്രാർഥിക്കും. എന്തായാലും എനിക്ക് മറ്റൊന്നും ചെയ്യാൻ കഴിയില്ല’, ചിന്മയി എക്സില്‍ കുറിച്ചു. ചിന്മയിയുടെ കുറിപ്പ് ഇതിനകം ആരാധകശ്രദ്ധ നേടിക്കഴിഞ്ഞു. നിരവധി പേരാണു പ്രതികരണങ്ങളുമായി എത്തുന്നത്. 

തമിഴ് സിനിമാ ലോകത്ത് മീ ടൂ ആരോപണമുന്നയിച്ച് രംഗത്തുവന്ന ആളുകളിൽ പ്രധാനിയാണ് ചിന്മയി ശ്രീപദ. 2018ല്‍ കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരെ ഗായിക പരാതി നൽകുകയായിരുന്നു. സംഗീതപരിപാടിക്കായി സ്വിറ്റ്‌സർലൻഡിലെത്തിയപ്പോൾ വൈരമുത്തു തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്ന് ട്വിറ്ററിലൂടെ ഗായിക വെളിപ്പെടുത്തി. സംഭവം തമിഴ് സിനിമാ–സംഗീതമേഖലയെ ഒന്നാകെ പിടിച്ചുലച്ചു. പിന്നാലെ സൗത്ത് ഇന്ത്യന്‍ സിനി ടെലിവിഷന്‍ ആര്‍ട്ടിസ്റ്റ്‌സ് ആന്‍ഡ് ഡബ്ബിങ് യൂണിയന്‍ ചിന്മയിയെ സിനിമയില്‍ നിന്ന് വിലക്കി. നീണ്ട 5 വർഷങ്ങൾക്കു ശേഷം വിജയ് ചിത്രം ലിയോയിലൂടെ തൃഷയ്ക്കു ശബ്ദം നൽകി ചിന്മയി രണ്ടാം വരവ് നടത്തിയിരുന്നു. 

English Summary:

Chinmayi Sripaada criticizes M K Stalin and Kamal Haasan for sharing stage with Vairamuthu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com