ADVERTISEMENT

എ.ആർ.റഹ്മാന്റെ സംഗീതമില്ലാത്ത 90-s കിഡ്സിന്റെ  നൊസ്റ്റാൾജിയ നോട്ട്ബുക് അപൂർണമായിരിക്കും. 1992 ൽ ആദ്യ ചിത്രമായ റോജയിലൂടെ ഇന്ത്യൻ ചലച്ചിത്ര സംഗീതത്തിന്റെ തലവര മാറ്റിയെഴുതിയ റഹ്മാൻ ഇന്നും അതികായകനായി തുടരുന്നു. എല്ലാ മേഖലകളിലും എല്ലാ കാലത്തും ലെജൻഡ്സ് ആഘോഷിക്കപ്പെടുമ്പോൾ തന്നെ നമുക്ക് അതേ മേഖലകളിൽ പേഴ്സനൽ ഫേവറിറ്റുകളുണ്ടായിരിക്കും. രജനികാന്ത് സൂപ്പർ സ്റ്റാറായിരിക്കുമ്പോൾ തന്നെ ദളപതി വിജയ്‌യേയും തല അജിത്തിനെയും നെഞ്ചോടു ചേർത്തുവച്ചന്ന തമിഴകത്തെ ആരാധകരെ പോലെ. റഹ്മാനിയ രക്തത്തിൽ കലർന്ന 90s കിഡ്സിന്റെ കൗമാരകാലത്തെ ആഘോഷമാക്കി മാറ്റിയ സംഗീതസംവിധായകന്റെ പേര് ഹാരിസ് ജയരാജ്. റഹ്മാന്റെ കടുത്ത ആരാധകരായി ഇരിക്കുമ്പോഴും ഹാരിസ് ജയരാജ് പാട്ടുകളെ അതേ സ്നേഹവായ്പ്പോടെ ഹൃദയത്തോടു ചേർത്തുവയ്ക്കുന്നത് ഒട്ടേറെ പേരാണ്. റഹ്മാനൊപ്പം ജനുവരി മാസത്തിൽ തന്നെ പിറന്നാൾ ആഘോഷിക്കുന്ന ഹാരിസ് കടന്നു വരുന്നതും റഹ്മാന്റെ കളരിയിൽ നിന്നു തന്നെ. 

തെന്നിന്ത്യൻ സിനിമയിലെ തിരക്കേറിയ ഗിറ്റാറിസ്റ്റുകളിലൊരാളായ എസ്.എം ജയകുമാറിന്റെയും റെയ്ച്ചൽ ജയകുമാറിന്റെയും മകനായി 1975 ജനുവരി 8 നു ചെന്നൈയിലാണ് ഹാരിസിന്റെ ജനനം. ആറാം വയസ്സിൽ കർണ്ണാടക സംഗീത പഠനത്തിലൂടെയാണ് തുടക്കമെങ്കിലും ഹാരിസിന്റെ പാട്ടുകളിലേറെയും പ്രകടമാകുന്നത് പാശ്ചത്യ സംഗീതത്തിന്റെയും ചർച്ച് മ്യൂസിക്കിന്റെയും സ്വാധീനമാണ്. 2001 ൽ ഗൗതം മേനോൻ സംവിധായകനായി അരങ്ങേറിയ ‘മിന്നലൈ’ എന്ന സിനിമയിലൂടെയാണ് ഹാരിസ് ജയരാജ് സ്വതന്ത്ര സംഗീതസംവിധായകനാകുന്നത്. തമിഴകത്തെ ഏക്കാലത്തെയും ഹിറ്റ് ടീം ആയ താമരൈ-ഗൗതം-ഹാരിസ് സംഗീത ത്രയത്തിന്റെ പിറവിയും ഇവിടെ നിന്നാണ്.

ചിത്രത്തിലെ വസീഗര, ഇവനാരോ, പൂപോൽ പൂപോൽ എൻ നെഞ്ചെ പൊയ്തവൾ എന്നീ ഗാനങ്ങളാണ് താമരയുടെ തൂലികയിൽ നിന്ന് പിറന്നു വീണത്. വസീഗര ഇന്ത്യൻ സിനിമയിലെ തന്നെ എവർഗ്രീൻ ലവ് ട്രാക്കായി മാറി. ആദ്യ സിനിമയിലൂടെ തന്നെ മികച്ച സംഗീതസംവിധായകനുള്ള ഫിലിം ഫെയർ പുരസ്കാരവും ഹാരിസിനെ തേടിയെത്തി. തുടർച്ചയായി ഒൻപത് ഫിലിം ഫെയർ പുരസ്കാരങ്ങൾ നേടിയ ഗുരു സാക്ഷാൽ എ.ആർ.റഹ്മാന്റെ റെക്കോർഡ് ബ്രേക്ക് ചെയ്തായിരുന്നു പുരസ്കാര നേട്ടമെന്ന പ്രത്യേകതയുമുണ്ട്. 

സൂര്യയുടെ കരിയർ ബ്രേക്കായി മാറിയ ആക്‌ഷൻ റൊമാന്റിക് ത്രില്ലർ കാക്ക കാക്കയിൽ ഹിറ്റ് ത്രയം വീണ്ടും ഒന്നിച്ചു. പാട്ടിലും പശ്ചാത്തല സംഗീതത്തിലും ഹാരിസ് ഒരുപോലെ കഴിവ് തെളിയിച്ച ചിത്രമായിരുന്നു കാക്ക കാക്ക. ഫിലിം ഫെയറിൽ പുരസ്കാര നേട്ടം ആവർത്തിച്ച ഹാരിസ് ആ വർഷത്തെ മികച്ച സംഗീതസംവിധായകനുള്ള തമിഴ്നാട് സർക്കാരിന്റെ പുരസ്കാരവും നേടി. ചിത്രത്തിലെ എല്ലാ ഗാനങ്ങളും സൂപ്പർഹിറ്റുകളായിരുന്നു. മിന്നലൈയുടെയും കാക്ക കാക്കയുടെയും റീമേക്കുകളിലും ഹാരിസിന്റെ മാന്ത്രിക സംഗീതം അകമ്പടി തീർത്തു. പിന്നീട് വേട്ടയാട് വിളയാടിലും വാരണം ആയിരത്തിലും താമര-ഗൗതം-ഹാരിസ് ത്രയം വിജയം ആവർത്തിച്ചു. 

2008 ൽ പുറത്തിറങ്ങിയ വാരണം ആയിരമെന്ന മ്യൂസിക്കൽ ലവ് സ്റ്റോറി മൂവരുടെയും കരിയർ ബെസ്റ്റുകളിലൊന്നായി ഇന്നും കണക്കാക്കപ്പെടുന്നു. എന്നാൽ രണ്ടു വർഷങ്ങൾക്കപ്പുറം വിണ്ണൈയ് താണ്ടി വരുവായ എന്ന ചിത്രം റിലീസാകുമ്പോൾ സംഗീതസംവിധായകനായി എത്തിയത് സാക്ഷാൽ എ.ആർ.റഹ്മാൻ. ഗൗതം മേനോനും ഹാരിസ് ജയരാജും തമ്മിലുള്ള ഈഗോ ക്ലാഷ് ആ ഹിറ്റ് ജോടികളെ പിരിച്ചു. അപ്പോഴും താമരയുടെ വരികൾ ഗൗതത്തിന്റെ പ്രണയ സിനിമയ്ക്കു മിഴിവേകി. നീ താനെ എൻ പൊൻവസന്തത്തിലും ഹാരിസ് തഴയപ്പെട്ടു. ഇളയരാജയായിരുന്നു സംഗീതം. ഇളയരാജയുടെ അനിഷ്ടം കാരണം താമരയെയും ഗൗതം മേനോന് സിനിമയിൽ നിന്ന് ഒഴിവാക്കേണ്ടി വന്നു. 

ഏഴു വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം എന്നൈ അറിന്താൽ എന്ന അജിത് കുമാർ ചിത്രത്തിലൂടെ ഹാരിസ്-താമര-ഗൗതം ത്രയം പിണക്കങ്ങൾ മറന്ന് ഒന്നിച്ചപ്പോൾ തമിഴകത്തെ മറ്റൊരു മ്യൂസിക്കൽ ഹിറ്റായി സിനിമ മാറി. തുടർന്നും ഹാരിസിനും ഗൗതത്തിനും ഇടയിൽ ഇടവേളകൾ ഉണ്ടായി. ഇനിയും റിലീസിങ്ങിൽ അനിശ്ചിതത്വം തുടരുന്ന ചിയാൻ വിക്രം ചിത്രം ധ്രുവ നക്ഷത്രങ്ങളിലെ ഒരു മനം എന്ന മനോഹരമായ ഗാനത്തിലൂടെ ഹാരിസ് ഗംഭീര തിരിച്ചു വരവ് നടത്തി. അന്തരിച്ച പ്രശസ്ത ഛായാഗ്രാഹകരും സംവിധായകരുമായ കെ.വി.ആനന്ദിന്റെയും ജീവയുടെയും ഇഷ്ട സംഗീതസംവിധായകനും ഹാരിസ് ജയരാജായിരുന്നു. 12 ബി, ഉള്ളം കേൾക്കുമേ, ഉന്നാലേ ഉന്നാലേ, ദാം ദൂം തുടങ്ങി നാലു ചിത്രങ്ങളിൽ ഹാരിസും ജീവയും ഒന്നിച്ചു. 

അയൺ, കോ, മാട്രാൻ, അനേകൻ, കാപ്പാൻ എന്നീ ചിത്രങ്ങളിൽ അദ്ദേഹം കെ.വി.ആനന്ദിനൊപ്പം പ്രവർത്തിച്ചു. എ.ആർ.മുരുകദോസിനൊപ്പം ഗജിനി, തുപ്പാക്കി, ഏഴാം അറിവ് എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ഈണമൊരുക്കിയതും ഹാരിസ് ആണ്. എ.ആർ.റഹ്മാൻ ഹോളിവുഡ് സിനിമകളുടെ തിരക്കിലായപ്പോൾ ശങ്കർ അന്യൻ എന്ന ബ്രാഹ്മാണ്ഡ ചിത്രത്തിനു സംഗീതം നൽകാൻ നിയോഗിച്ചതും ഹാരിസിനെ. വിക്രത്തിന്റെ കരിയർ മാറ്റിമാറിച്ച ചിത്രത്തിലെ പാട്ടുകളും പശ്ചാത്തല സംഗീതവും ഒരു പോലെ സ്വീകാര്യത നേടി. 2005 ൽ അനന്യയിലെയും ഗജനിയിലെയും സംഗീതത്തിനു മികച്ച സംഗീതസംവിധായകനുള്ള തമിഴ്നാട് സർക്കാരിന്റെ പുരസ്കാരം അദ്ദേഹത്തെ തേടി വീണ്ടും എത്തി. 2011 ൽ കോയിലൂടെ അദ്ദേഹം പുരസ്കാര നേട്ടം ആവർത്തിച്ചു. 

ബോംബെ ജയശ്രീയെന്ന ഗായികയെ ഏറ്റവും ഫലപ്രദമായി ഉപയോഗിച്ചിട്ടുള്ള സംഗീതസംവിധായകനും ഹാരിസ് ജയരാജാണ്. വസീഗര, സുട്രും വിഴി, ഒൺട്രാ റെൻട്രാ, ഉന്നക്കുൾ നാനെ അങ്ങനെ നീളുന്നു ഹാരിസ് ജയശ്രീ ഹിറ്റുകൾ. ഒരേ സമയം സെമി-ക്ലാസിക്കൽ ഗാനങ്ങളും മെലഡിയും ടപ്പാം കൂത്തു പാട്ടുകളും ഹാരിസിനു വഴങ്ങും. മ്യൂസിക്ക് പ്രൊഡക്‌ഷനിൽ അദ്ദേഹം പുലർത്തുന്ന സൗണ്ട് ക്വാളിറ്റിയാണ് അദ്ദേഹത്തിന്റെ മറ്റൊരു പ്രത്യേകത. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും കഴിഞ്ഞ കൂറെ വർഷങ്ങളായി ഹാരിസ് ജയരാജിന്റെ പേരിൽ കാര്യമായ ഹിറ്റുകളൊന്നുമില്ല. ധ്രുവനക്ഷത്രത്തിലെ ലവ് ട്രാക്ക് പ്രതീക്ഷ നൽകുന്നുണ്ട്. അനിരുദ്ധ് രവിചന്ദറും ഗോവിന്ദ് വസന്തയും ഡി.ഇമ്മനുമൊക്കെ അരങ്ങുവാഴുന്ന തമിഴകത്ത് ഹാരിസ് ജയരാജിന് ഇനിയൊരു തിരിച്ചു വരവ് ഉണ്ടാകുമോ എന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് അദ്ദേഹത്തിന്റെ ആരാധകർ.

English Summary:

Special story about music director Harris Jayaraj on his birthday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com