കാത്തിരുപ്പിന്റെ മുറിവ് പറ്റാത്തവരുണ്ടോ? ആ നീറ്റൽ അറിയാത്തവർ ഉണ്ടോ? ഇന്നും നോവിക്കുന്നു ആ ഈണം

Mail This Article
കാത്തിരുപ്പിന്റെ പ്രതീക്ഷയും നിരാശയും ആകാംക്ഷയുമൊക്കെ കേൾക്കുന്നവരിലേക്ക് പടർത്തുന്ന വരികളും സംഗീതവും ആലാപനവും... മലയാളത്തിലെ എക്കാലത്തെയും പ്രിയപ്പെട്ട പാട്ടുകളിലൊന്നാണ് ‘ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാൻ....’. ‘നോക്കെത്താ ദൂരത്തു കണ്ണും നട്ട്’ എന്ന ഫാസിൽ സിനിമയുടെ വികാര തീവ്രത അതേ പോലെ തന്നെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ ഈ പാട്ടിനുള്ള പ്രാധാന്യം ചെറുതൊന്നുമല്ല.
‘തെന്നലുമ്മകളേകിയോ
കുഞ്ഞു തുമ്പി തംമ്പുരു മീട്ടിയോ
ഉള്ളിലേ മാമയിൽ നീല പീലികൾ വീശിയോ
എൻറെ ഓർമയിൽ പൂത്തുനിന്നൊരു
മഞ്ഞ മന്ദാരമേ
എന്നിൽ നിന്നും പറന്നുപോയൊരു
ജീവചൈതന്യമെ....’
ലാളിത്യത്തിന്റെ ഭംഗിയാണ് ബിച്ചു തിരുമലയുടെ ഓരോ വരിയിലും തെളിഞ്ഞു നിൽക്കുന്നത്. ജെറി അമൽദേവ് ആ സൗന്ദര്യത്തിനു മനം മയക്കുന്ന ഈണമൊരുക്കി. യേശുദാസും ചിത്രയും ഈ പാട്ട് പാടിയിട്ടുണ്ട്. അവരുടെ കരളലിയിക്കുന്ന ആലാപനം കൂടിയാവുമ്പോൾ കാത്തിരുപ്പിന്റെ സകല ഭാവങ്ങളും കേൾക്കുന്നവരുടെ ഉള്ളിൽ നിറയുന്നു.
ഇന്നും മലയാളികൾ നെഞ്ചേറ്റുന്ന സിനിമയാണ് ‘നോക്കെത്താ ദൂരത്തു കണ്ണുംനട്ട്’. പേരിൽ തന്നെ വലിയൊരു കാത്തിരുപ്പിന്റെ ഫീൽ തരുന്നുണ്ട് ചിത്രം. ഒറ്റയ്ക്കായി പോയ വല്യമ്മച്ചിയെ തേടി ഒരു അവധിക്കാലത്തു കൊച്ചുമകൾ ഗേളി വരുന്നതും അടുത്ത വീട്ടിലെ ശ്രീകുമാറുമായുള്ള അവളുടെ ഭംഗിയുള്ള പ്രണയവും ഒടുവിൽ അവരെയൊക്കെ തനിച്ചാക്കി, വലിയൊരു ആകാംക്ഷ ബാക്കിയാക്കി അവൾക്കു മടങ്ങേണ്ടി വരുന്നതോമൊക്കെ നൊമ്പരത്തോടെ കണ്ടു തീർത്ത തലമുറകൾ ഇവിടെയുണ്ട്. ആ സിനിമയുടെ ആത്മാവാണ് ‘ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാൻ’. സിനിമയുടെ കഥയും ആത്മാവും ഈ പാട്ടിലുണ്ട്. അല്ലെങ്കിലും ജീവിതത്തിൽ പല നിലയ്ക്കുള്ള കാത്തിരുപ്പിന്റെ മുറിവ് പറ്റാത്തവരും വേദനയറിയാത്തവരുമുണ്ടാകുമോ? അവരൊക്കെ ഒരിക്കലെങ്കിലും ഈ വരികൾ മൂളിയിട്ടുണ്ടാകും.
സംഗീതം: ജെറി അമൽദേവ്
വരികൾ : ബിച്ചു തിരുമല
ആലാപനം : കെ.ജെ.യേശുദാസ് / കെ.എസ്.ചിത്ര
ആയിരം കണ്ണുമായ്
കാത്തിരുന്നൂ നിന്നെ ഞാൻ
എന്നിൽ നിന്നും പറന്നകന്നൊരു
പൈങ്കിളീ മലർ തേൻകിളീ
പൈങ്കിളീ മലർ തേൻകിളീ
പൈങ്കിളീ മലർ തേൻകിളീ
മഞ്ഞുവീണതറിഞ്ഞില്ലാ
പൈങ്കിളീ മലർ തേൻകിളീ
വെയിൽ വന്നുപോയതറിഞ്ഞില്ലാ
പൈങ്കിളീ മലർ തേൻകിളീ
മഞ്ഞുവീണതറിഞ്ഞില്ലാ
വെയിൽ വന്നുപോയതറിഞ്ഞില്ലാ
ഓമനേ നീ വരും
നാളുമെണ്ണിയിരുന്നു ഞാൻ
പൈങ്കിളീ മലർ തേൻകിളീ
വന്നു നീ വന്നു നിന്നു നീയെൻറെ
ജന്മ സാഫല്യമേ
തെന്നലുമ്മകളേകിയോ
കുഞ്ഞു തുമ്പി തംമ്പുരു മീട്ടിയോ
ഉള്ളിലേ മാമയിൽ നീല പീലികൾ വീശിയോ
പൈങ്കിളീ മലർ തേൻകിളീ
പൈങ്കിളീ മലർ തേൻകിളീ
തെന്നലുമ്മകളേകിയോ
കുഞ്ഞു തുമ്പി തംമ്പുരു മീട്ടിയോ
ഉള്ളിലേ മാമയിൽ നീല പീലികൾ വീശിയോ
പൈങ്കിളീ മലർ തേൻകിളീ
എൻറെ ഓർമയിൽ പൂത്തുനിന്നൊരു
മഞ്ഞ മന്ദാരമേ
എന്നിൽ നിന്നും പറന്നുപോയൊരു
ജീവചൈതന്യമേ....