ADVERTISEMENT

രാമക്ഷേത്ര പ്രതിഷ്ഠാദിനം നാമം ജപിച്ചും വിളക്കു കൊളുത്തിയും ആചരിക്കണമെന്ന കെ.എസ്.ചിത്രയുടെ വിഡിയോ വിവാദമായതോടെ ഗായികയ്ക്കു പിന്തുണ പ്രഖ്യാപിച്ച് ജി.വേണുഗോപാൽ. സമൂഹമാധ്യമ കുറിപ്പിലൂടെയാണ് ഗായകൻ നിലപാട് വ്യക്തമാക്കിയത്. ഏതാനും ദിവസങ്ങളായി ചിത്രയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഇതേത്തുടർന്ന് നിരവധി പേരാണ് അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തുന്നത്.

ജി.വേണുഗോപാലിന്റെ കുറിപ്പ് ഇങ്ങനെ:

‘ഇക്കഴിഞ്ഞ അൻപത് വർഷത്തിലേറെയായ് കെ.എസ്.ചിത്രയെ അറിയാം. കഴിഞ്ഞ ദിവസങ്ങളിൽ ചിത്രയുടേതായ് ഒരു വിഡിയോ വന്നത് സമൂഹമാധ്യമങ്ങളിൽ കാണാനിടയായി. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിൽ പ്രാർഥനാനിരതരാവേണ്ടതിനെക്കുറിച്ചാണ് വിഡിയോ. തുടർന്ന് ആ മഹാഗായികയെ, ആരും സ്നേഹിച്ചു പോകുന്ന വ്യക്തിത്വത്തെ അപമാനിച്ചും അവരെ ഒറ്റപ്പെടുത്തേണ്ട ആവശ്യകതയെക്കുറിച്ചും നിരവധി പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു. ഇന്നുവരെ യാതൊരു വിധത്തിലുമുള്ള കോൺട്രവേഴ്സികളിലും ഉൾപ്പെടാത്ത ചിത്രയെ സംബന്ധിച്ചിടത്തോളം ഇതെല്ലാം വല്ലാത്ത സങ്കടമാണുണ്ടാക്കിയിട്ടുള്ളത്. ഇക്കഴിഞ്ഞ നാല്പത്തിനാല് വർഷങ്ങളിൽ ചിത്ര പാട്ട് പാടുക മാത്രമേ ചെയ്തിട്ടുള്ളൂ. വായനയോ, എഴുത്തോ, രാഷ്ട്രീയാഭിമുഖ്യമോ ചിത്രയ്ക്കില്ല. ഈ ഒരു വിഷയത്തിലും ചിത്രയെ സംബന്ധിച്ചിടത്തോളം ഭാരതത്തിലെ ഒരു വലിയ അമ്പലവും അതിനോടുള്ള ഭക്തിയും മാത്രം! 

സംഗീതം, ഭക്തി, സാധന, സ്നേഹം, സമഭാവന, ഇതിനപ്പുറമൊന്നും അവരുടെ ചിന്താമണ്ഡലത്തിലില്ല. ചിത്ര ചെയ്ത ജോലിയുടെ ആഴവും വ്യാപ്തിയും നോക്കിയാൽ ഒരു കാര്യം മനസ്സിലാകും. അവർ പാടിയ ഓരോ പാട്ടിലും തൊണ്ണൂറ് ശതമാനമോ അതിലധികമോ അവർ സംഭാവന ചെയ്തിട്ടുണ്ട്. ശാരീരികമായി വിഷമതകളനുഭവിക്കുമ്പോഴും ഒരു വേദിയിൽ പോലും ചിത്രയുടെ ശബ്ദമിടറി ഞാൻ കേട്ടിട്ടില്ല. ഈ ഭൂമിയിലേക്ക് പാടുക എന്ന കർമമനുഷ്ഠിക്കാൻ മാത്രം വന്നു ചേർന്ന ഒരു മഹാ പ്രതിഭയാണ് ചിത്ര എന്നത് എല്ലാവർക്കും അറിയാവുന്ന ഒരു സത്യം മാത്രം.

ഇത്രയും ഗാനങ്ങൾ നമുക്ക് പാടിത്തന്ന ചിത്ര പറഞ്ഞതിനോട് അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ നമുക്ക് ഒരു പ്രാവശ്യം ക്ഷമിച്ചു കൂടെ? വൈകുന്നേരം നാല് നാമം ജപിക്കെടാ, ഞായറാഴ്ച തോറും പള്ളിയിൽ പോ, അഞ്ച് നേരം നിസ്ക്കരിക്കണം എന്നൊക്കെ ഉപദേശിക്കുന്ന അമ്മമാരും മുതിർന്ന ചേച്ചിമാരുമില്ലാത്ത ഒരു വിപ്ലവകാരിയുടെ വീട് പോലുമുണ്ടാകില്ല. അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിൽ ആരും അവരെ ഉപേക്ഷിക്കുകയോ ബന്ധം വേർപെടുത്തുകയോ ചെയ്യാറില്ല. സമൂഹമാധ്യമമാകുന്ന ഈ പുതിയ കളിപ്പാട്ടത്തിൽ നമ്മൾ മലയാളികൾ അഭിരമിക്കുന്നു. ധൈര്യപൂർവം നമ്മൾ അതിലൂടെ നേരിന്റെ ഒരു അരിക് ചേർന്ന് നടക്കാറുണ്ട് പലപ്പോഴും. ചിലപ്പോൾ കർശനമായ തിട്ടൂരങ്ങളും നമ്മൾ പുറപ്പെടുവിക്കാറുണ്ട്, ചിത്രയുടെ കാര്യത്തിൽ എന്ന പോലെ.

നമ്മൾ മലയാളികൾക്കു ലോകോത്തരം എന്ന ലേബലിൽ സംഗീത ലോകത്തിന്റെ നെറുകയിൽ ചൂടിക്കാൻ ഒരു ചിത്രയും ഒരു യേശുദാസുമൊക്കെയാണുള്ളത്. ഒരു മനുഷ്യായുസ്സിൽ ചെയ്യാൻ സാധിച്ചതിൽ എത്രയോ അധികം ഇവർ ചെയ്തിരിക്കുന്നു. അത് മുഴുവൻ കേട്ടാസ്വദിക്കാനും കൃത്യമായി വിലയിരുത്താനും നമുക്കും പോരാ ഒരു മനുഷ്യായുസ്സ്. 

ഈ വ്യക്തികളോട് നിങ്ങൾക്ക് നിസ്സഹകരിക്കാം. വാക്കുകൾ മുഖവിലക്കെടുക്കാതിരിക്കാം. ഇവരാരും രക്തം ചീന്തിയ വഴികളിലൂടെ വന്ന് അധികാരശ്രേണികളിലിരിക്കുന്നവരല്ല. ഇവർ ശ്രുതിയിലും താളത്തിലും ഭാവാത്മകമായി നമ്മുടെ ഗാനലോകത്ത് ചിരപ്രതിഷ്ഠ നേടിയവരാണ്. അവരെ വേദനിപ്പിക്കാതിരിക്കാൻ നമുക്ക് ശ്രദ്ധിക്കാം എന്ന് മാത്രമാണ് എന്റെ അഭ്യർഥന’. 

English Summary:

G Venugopal supports KS Chithra in controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com