സൈന്യത്തിലെ പ്രത്യേക പദവി സ്വന്തമാക്കി ബിടിഎസ് താരങ്ങൾ; നേട്ടം ആഘോഷിച്ച് ആരാധകർ

Mail This Article
എലൈറ്റ് ഗ്രാജുവേറ്റ്സ് ആയി 5 ആഴ്ചത്തെ അടിസ്ഥാന സൈനിക പരിശീലനം പൂർത്തിയാക്കി ബിടിഎസ് താരങ്ങളായ വിയും ആർഎമ്മും. ഇതിന്റെ സന്തോഷം ഇരുവരും ആരാധകരുമായി പങ്കിട്ടു. ട്രെയിനിങ് മികച്ച നിലയിൽ പൂർത്തിയാക്കിയവർക്കാണ് എലൈറ്റ് ഗ്രാജുവേറ്റ്സ് പദവി നൽകുക. സൈനിക ക്യാംപിൽ പ്രത്യേകമായി ഒരുക്കിയ ചടങ്ങിനിടെ ഇരുവരും ബഹുമതികൾ ഏറ്റുവാങ്ങി. ഇതിന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. അസാമാന്യ പ്രകടനം കണക്കിലെടുത്ത് ആകെ 6 പേർക്കാണ് എലൈറ്റ് ഗ്രാജുവേഷൻ നൽകിയത്. അതിൽ രണ്ടെണ്ണം ബിടിഎസ് അംഗങ്ങൾ നേടിയതിന്റെ സന്തോഷത്തിലാണ് ആരാധകര്‍.

വിയുടെയും ആർഎമ്മിന്റെയും ഔദ്യോഗിക വേഷത്തിലുള്ള ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ആർഎം തന്നെയാണ് ചിത്രങ്ങൾ ആരാധകർക്കായി പങ്കുവച്ചത്. ബിടിഎസ് താരങ്ങൾ സൈനിക വേഷത്തിലുള്ള തങ്ങളുടെ ചിത്രങ്ങൾ പങ്കുവയ്ക്കുന്നത് ഇതാദ്യമായാണ്. ചിത്രങ്ങൾ ഇതിനകം ആരാധകർക്കിടയിൽ വലിയ ചർച്ചയായിക്കഴിഞ്ഞു. ഏറെ അഭിമാനം തോന്നുന്നുവെന്നാണ് ആരാധകരുടെ പ്രതികരണങ്ങൾ.

ദക്ഷിണ കൊറിയയിലെ നിയമമനുസരിച്ച് 18നും 28നും ഇടയില്‍ പ്രായമുള്ള ആരോഗ്യവാന്‍മാരായ എല്ലാ പുരുഷന്‍മാരും നിർബന്ധമായും സൈനികസേവനത്തിലേര്‍പ്പെട്ടിരിക്കണം. 18 മുതൽ 21 മാസം വരെ നീളുന്ന സേവനമാണിത്. ബിടിഎസ് അംഗങ്ങൾക്കു നൽകിയ 2 വർഷത്തെ പ്രത്യേക ഇളവും കഴിഞ്ഞതോടെ, ബാൻഡിലെ മുതിർന്ന അംഗമായ ജിൻ 2022 ഡിസംബറിൽ ദക്ഷിണ കൊറിയൻ ബൂട്ട് ക്യാംപിൽ സൈനിക സേവനം ആരംഭിച്ചിരുന്നു. മാസങ്ങളുടെ ഇടവേളയിൽ ജെ–ഹോപ്, സുഗ എന്നിവരും ക്യാംപിലെത്തി. പിന്നീട് ആർഎം, വി എന്നിവരും സൈന്യത്തിൽ ചേർന്നു. ഏറ്റവുമൊടുവിൽ ജംഗൂക്കും ജിമിനും ക്യാംപിലേക്കു പോയി.

2022 ജൂണില്‍ ആണ് ബിടിഎസ് വേർപിരിയൽ പ്രഖ്യാപനം നടത്തിയത്. ബാൻഡ് രൂപീകരിച്ച് 9 വർഷം പൂർത്തിയാക്കിയ വേളയിൽ നടത്തിയ പ്രത്യേക അത്താഴ വിരുന്നിനു ശേഷമായിരുന്നു സംഘത്തിന്റെ ഔദ്യോഗിക അറിയിപ്പ്. സംഗീതലോകത്തു നിന്നു തങ്ങൾ അനിശ്ചിതകാല ഇടവേള എടുക്കുകയാണെന്നും വൈകാതെ തിരികെ വരുമെന്നും ബാൻഡ് അംഗങ്ങൾ പ്രഖ്യാപിച്ചു.

സ്വതന്ത്ര സംഗീത ജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പിരിയുന്നതെന്നു പറഞ്ഞെങ്കിലും നിര്‍ബന്ധിത സൈനികസേവനത്തിനിറങ്ങാന്‍ വേണ്ടിയായിരുന്നു ഇതെന്ന് പിന്നീട് അനൗദ്യോഗിക പ്രഖ്യാപനമുണ്ടായി. ബാൻഡ് വേർപിരിഞ്ഞെങ്കിലും അവരൊന്നിച്ചു ലോകം മുഴുവൻ എത്തിച്ച സംഗീതം ഇപ്പോഴും ആരാധകഹൃദയങ്ങളിലുണ്ട്. ഇനിയും ലോകവേദികൾ കീഴടക്കാൻ ബിടിഎസ് വരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് ആരാധകര്‍.
