ADVERTISEMENT

"ഓരോ പാട്ടിനും ഒരു നിയോഗമുണ്ട്. തലക്കുറി എന്നും പറയാം" പെരുമ്പാവൂർ ജി.രവീന്ദ്രനാഥിന്റെ വാക്കുകൾ. "നമ്മൾ വലിയ പ്രതീക്ഷയോടെ ചെയ്ത പാട്ടായിരിക്കും. പറഞ്ഞിട്ടെന്തു കാര്യം. ആരുടേയും ശ്രദ്ധയിൽ പെടാതെ മറവിയിൽ ഒടുങ്ങാനാകും അതിനു യോഗം. മനസ്സില്ലാമനസ്സോടെ ചെയ്യുന്ന പാട്ടുകൾ ജനം ചിലപ്പോൾ ഹൃദയപൂർവം സ്വീകരിച്ചെന്നും വരാം. ഒരു പാട്ടിന്റെയും വിധി നമുക്ക് മുൻകൂട്ടി പ്രവചിക്കാൻ പറ്റില്ല..''  

അധികമാരുടേയും ശ്രദ്ധയിൽ പെടാതെ പോയ "പോസ്റ്റ്‌ ബോക്സ് നമ്പർ 27" എന്ന സിനിമയിലെ "മാലേയകുളിർ തൂകും മന്ദസമീരനിൽ" എന്ന ഗാനം ഉദാഹരണമായി എടുത്തു പറയുന്നു പെരുമ്പാവൂർ. നാസികാഭൂഷണി, വാഗധീശ്വരി എന്നീ അപൂർവരാഗങ്ങളുടെ സംഗമത്തിൽ പിറന്ന പാട്ട്. യേശുദാസും ചിത്രയും വെവ്വേറെ സോളോ ആയി പാടിയ അർദ്ധശാസ്ത്രീയ ഗാനം.

മൂന്ന് പതിറ്റാണ്ടിലേറെ കാലം മുൻപ് തിരുവനന്തപുരത്തെ തരംഗിണി സ്റ്റുഡിയോയിൽ റെക്കോർഡ്‌ ചെയ്തതാണ് ആ പാട്ട്. ജോർജ് തോമസിന്റെ രചന. ഓർക്കസ്ട്രയിൽ വായിക്കാൻ കൊച്ചിയിൽ നിന്ന് ഒരു ബസ് നിറയെ വാദ്യകലാകാരന്മാരെ തരംഗിണിയുടെ മുറ്റത്ത് കൊണ്ടുവന്നിറക്കിയത് ഓർമയുണ്ട്;  റെക്കോർഡിങ്ങിനു ശേഷം കണ്‍സോളിൽ വന്ന് തന്റെ കൈപിടിച്ചു കുലുക്കി യേശുദാസ് പറഞ്ഞ വാക്കുകളും: "ഇത്തരം പാട്ടുകൾ അപൂർവമായേ പാടിയിട്ടുള്ളു. വളരെ വ്യത്യസ്തമായ കോമ്പസിഷൻ. നിങ്ങളുടെ കരിയറിൽ ഇതൊരു വഴിത്തിരിവായിരിക്കും...'' ആഹ്‌ളാദം തോന്നി; പറയുന്നത് യേശുദാസല്ലേ? 

പക്ഷേ, പലരും പ്രവചിച്ച പോലെ "മാലേയകുളിർ'' വഴിത്തിരിവായില്ല പെരുമ്പാവൂർ ജി.രവീന്ദ്രനാഥിന്റെ സംഗീതജീവിതത്തിൽ. അധികമാളുകൾ ആ പാട്ട് കേട്ടോ എന്നു പോലും സംശയം. പടം ബോക്സോഫീസിൽ ദയനീയമായി പരാജയപ്പെട്ടതാവാം ഒരു കാരണം.  

"നിരാശകൾക്കിടയിലും ചില അദ്ഭുതങ്ങൾ ജീവിതം നമുക്കായി കാത്തുവയ്ക്കുന്നു. അത്തരം അദ്ഭുതങ്ങൾ കൂടി ചേർന്നതാണ് എന്റെ സംഗീത യാത്ര.."– എണ്‍പതിന്റെ നിറവിൽ എത്തിനിൽക്കുന്ന പെരുമ്പാവൂരിന്റെ വാക്കുകൾ. "സ്നേഹം" (1998) എന്ന ചിത്രത്തിലെ "പേരറിയാത്തൊരു നൊമ്പരത്തെ പ്രേമമെന്നാരോ വിളിച്ചൂ'' എന്ന ഗാനം അത്തരമൊരു അദ്ഭുതമായിരുന്നു എന്ന് പറയും പെരുമ്പാവൂർ.

"യുസഫലി കേച്ചേരി വരികൾ എഴുതിയ ശേഷം ഞാൻ ട്യൂൺ‍ ചെയ്ത പാട്ടാണത്. തൃശൂരിൽ വച്ചായിരുന്നു കമ്പോസിങ്. പതിവ് ശൈലിയിൽ നിന്ന് വേറിട്ട്‌ നിൽക്കുന്ന കുറച്ചു പാട്ടുകൾ സൃഷ്ടിക്കണം എന്നുണ്ടായിരുന്നതിനാൽ നേരത്തെ ചിട്ടപ്പെടുത്തി വച്ച ഈണങ്ങളുമായാണ് ചെന്നത്. സിനിമയിൽ പൊതുവേ അപൂർവമായി മാത്രം ഉപയോഗിച്ചു കേട്ടിട്ടുള്ള ദ്വിജാവന്തി രാഗത്തിലുള്ള ഒരു ഈണവും ഉണ്ടായിരുന്നു അക്കൂട്ടത്തിൽ. എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ട ഒരീണം. പ്രേമത്തെ കുറിച്ചുള്ള ഗാനത്തിന് ആ ഈണം അനുയോജ്യമാകുമെന്ന് മനസ്സു പറഞ്ഞു.''

അധികം പാട്ടുകളൊന്നും വന്നിട്ടില്ല ഈ രാഗസ്പർശവുമായി മലയാള സിനിമയിൽ. മാറിൽ ചാർത്തിയ മരതകക്കഞ്ചുകം അഴിഞ്ഞുവീഴുന്നു (എം.ബി.ശ്രീനിവാസൻ–ഒരു കൊച്ചു സ്വപ്നം), താളമയഞ്ഞു ഗാനമപൂർണ്ണം (ശരത്–പവിത്രം), വിരഹിണി രാധേ (വിദ്യാസാഗർ–മിസ്റ്റർ ബട്ട്ലർ) എന്നിങ്ങനെ വിരലിലെണ്ണാവുന്നവ മാത്രം.

പക്ഷേ ട്യൂൺ‍ കേൾപ്പിച്ചുകൊടുത്തപ്പോൾ "സ്നേഹ"ത്തിന്റെ സംവിധായകൻ ജയരാജിനും യൂസഫലിക്കും തൃപ്തി പോര. അൽപ്പം കൂടി ലളിതമായ ഈണമാണ് വേണ്ടതെന്ന് ജയരാജ്‌. "എനിക്ക് കൂടി പാടാൻ കഴിയുന്നതാവണം പാട്ട്" - അദ്ദേഹം പറഞ്ഞു. ഒപ്പം മോഹനരാഗത്തിൽ ചെയ്‌താൽ നന്നാവുമെന്ന് ഒരു നിർദേശവും.

ശരിക്കും നിരാശ തോന്നിയ നിമിഷമായിരുന്നു അതെന്ന് പെരുമ്പാവൂർ. നൂറു കണക്കിന് പാട്ടുകളാണ് മോഹനത്തിൽ മലയാള സിനിമയിൽ വന്നിട്ടുള്ളത്. ഇനി അതിൽ തനിക്ക് എന്ത് പുതുമയാണ് കൊണ്ടുവരാൻ പറ്റുക?

തെല്ലൊരു വൈമനസ്യത്തോടെ പെരുമ്പാവൂർ മോഹനത്തിൽ ചിട്ടപ്പെടുത്തിയ "പേരറിയാത്തൊരു നൊമ്പരം'' ആ വർഷത്തെ സൂപ്പർ ഹിറ്റ്‌ ഗാനങ്ങളിൽ ഒന്നായി മാറി എന്നതാണ് കഥയുടെ ക്ലൈമാക്സ്.

എങ്കിലും ദ്വിജാവന്തിയിൽ വലിയ പ്രതീക്ഷകളോടെ താൻ ആദ്യം ചെയ്ത ട്യൂൺ അങ്ങനെയങ്ങ് ഉപേക്ഷിക്കാൻ മനസ്സ് വന്നില്ല രവീന്ദ്രനാഥിന്. പടത്തിന്റെ പശ്ചാത്തല സംഗീതത്തിൽ അത് ഇടം നേടിയത് അങ്ങനെയാണ്. ഏതോ വിഷ്വലിനൊപ്പം വ്യത്യസ്തമായ ആ `ദ്വിജാവന്തി' ഒഴുകിവന്നപ്പോൾ ജയരാജിന് കൗതുകം: "അസാധ്യമായിരിക്കുന്നു ഈ ട്യൂൺ‍. നമുക്കിതൊരു പാട്ടാക്കിയാലോ?.'' ചിരിച്ചുപോയി രവീന്ദ്രനാഥ്. ആദ്യം താൻ തന്നെ കേട്ട് തള്ളിക്കളഞ്ഞ ഈണമാണ് അതെന്നു ജയരാജ് ഉണ്ടോ അറിയുന്നു?

"എങ്കിലും ഇന്നോർക്കുമ്പോൾ ജയരാജിന്റെ നിലപാടായിരുന്നു ശരി എന്നു തോന്നാറുണ്ട്''- രവീന്ദ്രനാഥ് പറയുന്നു. "സിനിമാ ഗാനങ്ങൾ കഴിയുന്നതും ലളിതമാകുന്നതു തന്നെയാണ് നല്ലത്. സാധാരണക്കാരൻ മൂളിനടക്കേണ്ടതല്ലേ?'' സംഗീതം ചെയ്ത പടങ്ങൾ എണ്ണത്തിൽ കുറവെങ്കിലും, ശാസ്ത്രീയ രാഗങ്ങളുടെ ചിട്ടവട്ടങ്ങൾക്ക് ഉള്ളിൽ നിന്നുകൊണ്ടു തന്നെ, ലളിതമധുരമായ ഗാനങ്ങൾ സമ്മാനിച്ചിട്ടുണ്ട് രവീന്ദ്രനാഥ് എന്നോർക്കുക: മേഘം പൂത്തു തുടങ്ങി മോഹം പെയ്തു തുടങ്ങി, ഒന്നാം രാഗം പാടി (തൂവാനത്തുമ്പികൾ), കണ്ണിൽ നിൻ മെയ്യിൽ, നീ വിൺ‍ പൂ പോൽ (ഇന്നലെ), കോടിയുടുത്തും (ആലഞ്ചേരി തമ്പ്രാക്കൾ), തങ്ക കളഭ കുങ്കുമ (അക്ഷരം), ദേവഭാവന, രാവ് നിലാപ്പൂവ്, മറക്കാൻ കഴിഞ്ഞെങ്കിൽ, കൈതപ്പൂ മണമെന്തേ (സ്നേഹം), ഹിമഗിരി നിരകൾ (താണ്ഡവം), കാലമേ കൈക്കൊള്ളുക (സായാഹ്നം).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com