ADVERTISEMENT

അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ദിനത്തിൽ പങ്കുവച്ച സമൂഹമാധ്യമ പോസ്റ്റ് വിമർശിക്കപ്പെട്ടതോടെ അതേ നാണയത്തിൽ തിരിച്ചടി നൽകി ഗായിക സയനോര ഫിലിപ്. മുൻപൊരിക്കൽ മകൾ സെന ചോദിച്ച ചില ചോദ്യങ്ങളെക്കുറിച്ച് സമൂഹമാധ്യമ പേജുകളിൽ എഴുതിയ കുറിപ്പിന്റെ സ്ക്രീൻഷോട്ട് പങ്കുവച്ചാണ് ഗായികയുടെ പ്രതികരണം. ‘പണ്ട് എഴുതി ഇവിടെ തന്നെ പോസ്റ്റ് ചെയ്തതാണ്. ഇവിടെ വന്ന് ഇത്രയും മെഴുകിയ സ്ഥിതിക്ക് ഇതും കൂടി വായിച്ചിട്ട് പോകൂ. ഒരാൾ എങ്കിലും ഒരു ആത്മവിചിന്തനം നടത്തിയാൽ സന്തോഷം’, എന്ന അടിക്കുറിപ്പോടെയാണ് സയനോര സ്ക്രീൻഷോട്ട് പോസ്റ്റ് ചെയ്തത്. 

സയനോര മുന്‍പ് പങ്കുവച്ച കുറിപ്പ് ഇങ്ങനെ:

അതെന്താ മമ്മാ, ഫാത്തിമേന്റെ ഗോഡ് അല്ലാഹ് ആയത്? പിന്നെ നിരഞ്ജനേന്റെ ഗോഡ് ശ്രീകൃഷ്ണൻ ആണ് പോലും. എനിക്കും ഇഷ്ടാ ശ്രീകൃഷ്ണനെ. മമ്മാ പ്ലീസ് നമുക്കും കൃഷ്ണനെ ഗോഡ് ആക്കാ മമ്മാ പ്ലീസ്? സ്കൂൾ വിട്ട് വന്ന സെന കുറേ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരുന്നു. അവളുടെ വിടർന്ന കണ്ണുകൾ നോക്കി ഞാൻ പറഞ്ഞു, ‘‘വാവാ ഗോഡ് ഒരേ ഒരാൾ മാത്രമേയുള്ളു. ആ ഗോഡ് പക്ഷേ കുറേ വേഷത്തിൽ ഇരിക്കുന്നുവെന്നേയുള്ളു. ഫാത്തിമ ഗോഡിനെ അല്ലാഹ് എന്നു വിളിക്കും, നിരഞ്ജന കൃഷ്ണാന്നും ശിവാ എന്നുമൊക്കെ വിളിക്കും. നമ്മൾ ഗോഡിനെ ജീസസ് ക്രൈസ്റ്റ് എന്നും വിളിക്കുന്നു. എല്ലാവരും സെയിം സെയിം ആണ് വാവാ’’. ഇതു കേട്ടപ്പോഴാണ് മൂപ്പർക്ക് ശ്വാസം നേരെ വീണത്. പിന്നെ വേഗം കൊച്ചുടീവിയിലെ ലിറ്റിൽ കൃഷ്ണ കാണാൻ ഓടി.

‘മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു. മതങ്ങൾ ദൈവങ്ങളെയും’ എന്ന വയലാർ രാമവർമയുടെ പ്രശസ്തമായ വരികളോടൊപ്പം ‘ഇപ്പോൾ മനുഷ്യരെ മാത്രം കാണാനില്ല’ എന്നു കൂടി ചേർത്താണ് സയനോര പ്രതിഷേധമറിയിച്ചത്. ഗായികയുടെ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രമുഖർ ഉൾപ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോൾ പങ്കുവച്ച കുറിപ്പും ആരാധകർക്കിടയിൽ ചർച്ചയായിക്കഴിഞ്ഞു.

English Summary:

Singer Sayanora's social media post goes viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com