‘ചിലപ്പോൾ ആ ബന്ധം മരണം വരെ നീണ്ടു നിൽക്കും, അല്ലെങ്കിൽ ബ്രേക്കപ്; അദ്ദേഹത്തെ കുറ്റപ്പെടുത്താൻ ഞാനില്ല, അത് നീതികേട്’
Mail This Article
പ്രണയപരാജയത്തെക്കുറിച്ചു മനസ്സു തുറന്ന് ഗായിക അഭയ ഹിരൺമയി. സംഗീതസംവിധായകൻ ഗോപി സുന്ദറുമായുള്ള പ്രണയബന്ധം അവസാനിപ്പിച്ചതിനെക്കുറിച്ചാണ് അഭയയുടെ തുറന്നുപറച്ചിൽ. പ്രണയിച്ച ആളോട് കലഹിക്കാൻ താൽപര്യമില്ലെന്നും അയാളെ കുറ്റപ്പെടുത്തുന്നത് ആ ബന്ധത്തോടു കാണിക്കുന്ന നീതികേടാണെന്നും ഗായിക വ്യക്തമാക്കി. അടുത്തിടെ സ്വകാര്യ യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് അഭയ ഹിരൺമയി വ്യക്തിജീവിതത്തെക്കുറിച്ചു മനസ്സു തുറന്നത്.
‘ഞാൻ വളരണമെന്ന് എനിക്കു വലിയ ആഗ്രഹമുണ്ട്. എന്നെ വളർത്തിക്കൊണ്ടുവന്നേ പറ്റൂ. എനിക്ക് എന്റേതായ രീതിയിൽ കാര്യങ്ങൾ ചെയ്യണം. അങ്ങനെ വളരണമെങ്കിൽ ആരെയും കുറ്റം പറഞ്ഞ് വളരാൻ പറ്റില്ല. എന്റെ ഇത്രയും കാലത്തെ പ്രണയത്തെക്കുറിച്ചു മാറി നിന്ന് കുറ്റം പറഞ്ഞാൽ അത് ആ ബന്ധത്തോടു കാണിക്കുന്ന നീതികേടായിപ്പോകും. അത് ശരിയായിട്ടുള്ള കാര്യമല്ലെന്ന് എനിക്കു തോന്നിയിരുന്നു. ലിവിങ് ടുഗെദർ ബന്ധത്തിൽ ഒന്നെങ്കിൽ അത് മരണം വരെ ഒന്നിച്ചു ജീവിക്കും. അല്ലെങ്കിൽ എപ്പോഴെങ്കിലും ബ്രേക്കപ് ആവാം. അത് എല്ലാ ബന്ധത്തിലും ഉണ്ട്. ഇതെപ്പോഴെങ്കിലും ബ്രേക്കപ് ആവുകയാണെങ്കിൽ കുറ്റം പറയാതെ മാന്യമായി ബഹുമാനം കൊടുത്ത് കൊണ്ട് മാറിനിൽക്കണമെന്നുണ്ടായിരുന്നു.
സ്നേഹമുള്ളതു കൊണ്ടാണ് എനിക്ക് ആ വിഷമാവസ്ഥയെ മറികടക്കാൻ സാധിച്ചത്. സ്നേഹമില്ലെങ്കിൽ എനിക്ക് ആ വിഷയത്തെക്കുറിച്ചു ചർച്ച ചെയ്യേണ്ട കാര്യമില്ല. അങ്ങനെയാെരാളെ കുറിച്ച് കുറ്റം പറയേണ്ടതുമില്ല. ഇഷ്ടമില്ലെങ്കിൽ എനിക്കയാളെ കുറ്റപ്പെടുത്താൻ സാധിക്കും, എന്നെ ഉപദ്രവിച്ചിട്ടുണ്ടെന്നൊക്കെ ആരോപിക്കാൻ സാധിക്കും. പക്ഷേ ഇഷ്ടമുള്ളതുകൊണ്ട് അതിനെ ബഹുമാനിച്ചു മാറി നിൽക്കുകയാണ്.
സംഗീതം തന്നെയാണ് പ്രതിസന്ധികളെ മറികടക്കാൻ എന്നെ സഹായിച്ചത്. വിഷമങ്ങൾ ഉണ്ടാകുമ്പോൾ അത് മാറ്റിയെടുക്കണമെന്നു കരുതി വെറുതെ വീട്ടിൽ ഇരുന്നിട്ടു കാര്യമില്ല. ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടുവരണം. അതൊരു വലിയ വേദന തന്നെയാണ്. പെട്ടെന്ന് അത്രയും കാലത്തെ ബന്ധം അവസാനിപ്പിക്കുക എന്ന് പറഞ്ഞ് പുറത്ത് കടക്കുന്നത് പറയുന്നത് പോലെ എളുപ്പമല്ല. പാട്ടിലൂടെയാണ് ഞാന്‍ അതിനെ മറികടന്നത്. വർക്കൗട്ട് തുടങ്ങി. അത്രയും കാലം കുടുംബത്തെക്കുറിച്ചു മാത്രമായിരുന്നു ചിന്തിച്ചിരുന്നതെങ്കിൽ പിന്നീട് ആ ചിന്തയും ശ്രദ്ധയും സംഗീതത്തിലേക്കു മാറി. ഒരു സംഗീതജ്ഞന്റെ കൂടെ ജീവിച്ചതുകൊണ്ടുതന്നെ സംഗീതത്തിൽ കുറേ പഠിക്കാനും ശ്രദ്ധിക്കാനും സാധിച്ചു’, അഭയ ഹിരൺമയി പറഞ്ഞു.