അവർ മടങ്ങി വരുന്നു, 2 പതിറ്റാണ്ടിനിപ്പുറം; തീയായ് പടരാൻ ‘ഡ്രെഡ്‌ലോക്സ്’ ബാൻഡ്

Mail This Article
ഇരുപതു വർഷത്തിനുശേഷം അവർ തിരികെവരുന്നു. ഗിറ്റാറിന്റെ തന്ത്രികളിൽനിന്ന് സംഗീതമെന്ന ഊർജം സിരകളിലേക്ക് പകർന്നുതന്നവർ. കോഴിക്കോടിന്റെ സ്വന്തം ‘ഡ്രെഡ്‌ലോക്സ്’ ബാൻഡ്. കോഴിക്കോടിന്റെ ഹിന്ദുസ്ഥാനി, ശാസ്ത്രീയ സംഗീതവഴികൾ ലോകമെങ്ങും പടർന്നുനിൽക്കുന്ന കാലത്താണ് പാശ്ചാത്യസംഗീതത്തിന്റെ വഴി തുറന്നുകൊണ്ട് ഡ്രെഡ്‌ലോക്സ് തരംഗമായത്. ഡ്രെഡ് ലോക്സിന്റെ പരിപാടികളിൽ കോഴിക്കോട്ടുകാർ തടിച്ചുകൂടിയപ്പോഴാണ് മലബാറിലും റോക്ക് മ്യൂസിക്കിന് ആരാധകരുണ്ടെന്ന് സംഗീതലോകം തിരിച്ചറിഞ്ഞത്. കോഴിക്കോടിന്റെ സംഗീതപാരമ്പര്യം റോക്ക് സംഗീതത്തിന്റേതുകൂടിയാണ്. നിലവിൽ മലയാളം ഡിജെ ഫ്യൂഷൻ സംഗീതത്തിലേക്കു വഴിമാറിയ സംഗീതാസ്വാദർക്ക് റോക്ക് പാരമ്പര്യത്തിന്റെ ഓർമപ്പെടുത്തൽ കൂടിയാണ് ഈ തിരിച്ചുവരവെന്ന് ‘ബിയോണ്ട് ഗ്രാവിറ്റി’ ഇവന്റ്സ് ഉടമകൾ പറഞ്ഞു.
കോഴിക്കോട് നഗരത്തിലെ സംഗീതാസ്വാദകരും കലാകാരന്മാരുമായ കൂട്ടുകാർ ഒത്തുകൂടിയാണ് തൊണ്ണൂറുകളിൽ ഡ്രെഡ്‌ലോക്സ് എന്ന റോക്ക് ബാൻഡിനു രൂപം കൊടുത്തത്. അക്കാലത്ത് എംടിവിയിലും എംടിവി ആർഎസ്ജെ മ്യൂസിക് ഫെസ്റ്റിവലിലുമൊക്കെ തരംഗം സൃഷ്ടിച്ച ഡ്രെഡ്‌ലോക്സ് രാജ്യാന്തര തലത്തിൽ പരിപാടികളുമായി ഓടിനടക്കുകയായിരുന്നു. പിന്നീട് ബാൻഡിലെ അംഗങ്ങൾ സ്വന്തം തൊഴിലിടങ്ങൾ തേടിപ്പോയതോടെ ബാൻഡ് നിർജീവമായി.
കോഴിക്കോട്ടെ പ്രശസ്ത സംഗീതജ്ഞനായ ആർച്ചി ഹട്ടന്റെ മകൻ സാൽ ഹട്ടൻ മുംബൈയിലെ തിരക്കുള്ള സംഗീതജ്ഞനാണ്. ഡ്രെഡ് ലോക്സിന്റെ വോക്കലിസ്റ്റാണ് അദ്ദേഹം. സാജൻ മോഹൻരാജ് ഓർത്തോവിഭാഗം ഡോക്ടറാണ്. ബെന്നറ്റ് റോളണ്ടും ഡ്രമ്മറായ അശ്വിൻ ശിവദാസനും ചലച്ചിത്ര സംഗീതമേഖലയിൽ തിരക്കിലായി. അശ്വിൻ നായർ ബെംഗളൂരുവിൽ ജോലി ചെയ്യുന്നു.
കോവിഡ് കാലത്താണ് ഡ്രെഡ് ലോക്സിലെ കൂട്ടുകാർ വീണ്ടും ഒരുമിക്കാനുള്ള ശ്രമം തുടങ്ങിയത്. ബിയോണ്ട് ഗ്രാവിറ്റി ഈ കൂട്ടുകാരുമായി ചർച്ചകൾ നടത്തിയശേഷം പരിപാടി ഒരുക്കാൻ തീരുമാനിച്ചു. സാൽ ഹട്ടനൊപ്പം ഡോ.സാജൻ മോഹൻരാജും ബെന്നറ്റ് റോളണ്ടും അശ്വിൻ ശിവദാസനും ഒരുമിച്ചു. കീബോർഡിൽ റോയ് ജോർജും എത്തി. ‘ഡ്രീം’ ഉൾപ്പെടെ 18 പാട്ടുകളുമായാണ് ഡ്രെഡ്‌ലോക്സിന്റെ തിരിച്ചുവരവ്. ഫെബ്രുവരി മൂന്നിന് വൈകിട്ട് 5.30ന് കടപ്പുറത്തെ ഗുജറാത്തി ഹാളിലാണ് ഡ്രെഡ്‌ലോക്ക്സ് ലൈവ് റോക്ക് കൺസേർട്ട് അരങ്ങേറുന്നത്. കോഴിക്കോടിന്റെ റോക്ക് സംഗീതസംസ്കാരം പുനരുജ്ജീവിപ്പിക്കാൻ തുടർന്നും വിവിധ ബാൻഡുകളെ വേദിയിലെത്തിക്കുമെന്ന് ബിയോണ്ട് ഗ്രാവിറ്റി ഇവന്റ്സ് അധികൃതർ പറയുന്നു.