മഴയിൽ ചോർന്നൊലിച്ച് സ്വപ്നവീട്, താൽക്കാലിക വസതിയിലേക്കു മാറി നിക്കും പ്രിയങ്കയും; നിയമപോരാട്ടം

Mail This Article
ലൊസാഞ്ചലസിലെ തങ്ങളുടെ സ്വപ്നഭവനത്തിൽ നിന്നു താമസം മാറ്റി താരദമ്പതികളായ ഗായകൻ നിക് ജൊനാസും നടി പ്രിയങ്ക ചോപ്രയും. മഴ പെയ്ത് വീട് ചോർന്നൊലിച്ച് വാസയോഗ്യമല്ലാത്ത അവസ്ഥയിലെത്തിയതോടെയാണ് ഇരുവരും അവിടം വിട്ടിറങ്ങിയത്. വിൽപ്പനക്കാര്‍ക്കെതിരെ പരാതി ഉന്നയിച്ച് നിയമയുദ്ധത്തിലേർപ്പെട്ടിരിക്കുകയാണ് ഇരുവരും. മഴ പെയ്തതോടെ വീട് ചോര്‍ന്നൊലിച്ച് പൂപ്പല്‍ബാധയുണ്ടായെന്നും തന്മൂലം ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടിവന്നുവെന്നും പരാതിയിൽ പറയുന്നു. അറ്റകുറ്റപ്പണികള്‍ക്കു വേണ്ടി തങ്ങൾ ചെലവഴിച്ച മുഴുവൻ തുകയും തിരികെ നല്‍കണമെന്നും ദമ്പതികൾ ആവശ്യപ്പെട്ടു.
നിക്കും പ്രിയങ്കയും സ്വപ്നഭവനം ഉപേക്ഷിക്കുകയാണെന്ന് ഏതാനും ദിവസങ്ങൾക്കു മുൻപാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥരീകരണങ്ങളൊന്നും ഉണ്ടായിരുന്നില്ല. വീട് ഉപേക്ഷിക്കുന്നതിന്റെ കാരണങ്ങളെക്കുറിച്ച് പല അഭ്യൂഹങ്ങളും പ്രചരിക്കുകയും ചെയ്തു. താരദമ്പതികൾക്ക് സാമ്പത്തികക്ലേശമുണ്ടെന്നും അതിനാലാണ് വീട് വിൽക്കുന്നതെന്നും ചില പ്രാദേശിക മാധ്യമങ്ങൾ വാർത്ത നൽകി. ചർച്ചകൾ പരിധിവിട്ടപ്പോൾ താരങ്ങളുടെ ഔദ്യോഗിക ഉറവിടത്തിൽ നിന്നു തന്നെയാണ് യഥാർഥ കാരണം പുറത്തുവന്നത്.
വിവാഹശേഷം തൊട്ടടുത്ത വർഷമാണ് പ്രിയങ്കയും നിക്കും ചേർന്ന് ലൊസാഞ്ചലസില്‍ പുത്തൻ വീട് വാങ്ങിയത്. ശേഷം അതിന്റെ മിനുക്കു പണികൾ പൂർത്തിയാക്കാൻ വേണ്ടി മാത്രം ഇരുവരും മാസങ്ങൾ ചെലവഴിച്ചു. പിന്നീടാണ് അവിടെ സ്ഥിരതാമസമാക്കിയത്. ഏഴ് കിടപ്പുമുറികള്‍, ഒമ്പത് കുളിമുറികള്‍, താപനില നിയന്ത്രിക്കാവുന്ന വൈന്‍ സ്റ്റോറേജ്, അത്യാധുനിക അടുക്കള, ഹോം തിയറ്റര്‍, ബൗളിങ് ആലി, സ്പാ, സ്റ്റീം ഷവര്‍, ജിം, ബില്യാർഡ് റൂം എന്നിവയുള്ള ആഡംബര ഭവനമാണിത്. ഗൃഹപ്രേവശന ചടങ്ങുകളുടെ ചിത്രങ്ങൾ പ്രിയങ്ക ചോപ്രയും നിക് ജൊനാസും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഹൈന്ദവ ആചാരപ്രകാരമായിരുന്നു ചടങ്ങുകൾ.
ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് തിരക്കിലാണെങ്കിലും ഇടവേളകളിൽ പ്രിയങ്ക ചോപ്ര ലൊസാഞ്ചലസിലെ തങ്ങളുടെ സ്വപ്നവീട്ടിലേക്ക് പതിവായി എത്തിയിരുന്നു. പിറന്നാള്‍ ആഘോഷങ്ങളും മറ്റും നടത്തിയിരുന്നതും അവിടെത്തന്നെ. മകൾ മാൾട്ടി മേരി ചോപ്ര ജൊനാസിന്റെ ജനനശേഷവും നിക്കും പ്രിയങ്കയും ഏറെ നാളുകൾ ലൊസാഞ്ചലസിലെ വീട്ടിൽ ചെലവഴിച്ചിട്ടുണ്ട്. ദമ്പതികളും മകളും വളർത്തുമൃഗങ്ങളും മാത്രമായിരുന്നു ആഡംബരവസതിയിലെ താമസക്കാർ. 20 മില്യൻ ഡോളറാണ് ഈ വീടിന്റെ വില. മഴയെത്തുടർന്ന് നാശനഷ്ടങ്ങളുണ്ടായതോടെ ഇവിടം തീരെ വാസയോഗ്യമല്ലാതായിരിക്കുകയാണ്. അറ്റകുറ്റപ്പണികള്‍ ചെയ്ത് വീട് വാസയോഗ്യമാകുന്നതുവരെ മറ്റൊരു വീട്ടിൽ താമസമാക്കിയിരിക്കുകയാണ് പ്രിയങ്കയും നിക്കും മകളും.