ADVERTISEMENT

നടി പ്രിയങ്ക ചോപ്രയുമായുള്ള വിവാഹം ആർഭാടം കൊണ്ട് അതിരു കടന്നതിൽ ഖേദിക്കുന്നുവെന്നു വെളിപ്പെടുത്തി ഗായകൻ നിക് ജൊനാസ്. പ്രതീക്ഷിച്ചതിൽ കൂടുതൽ പണം ചെലവായെന്നും ബില്ല് കണ്ടപ്പോൾ കണ്ണ് തള്ളിപ്പോയെന്നും ഗായകൻ പറഞ്ഞു. അടുത്തിടെ സഹോദരങ്ങളായ കെവിൻ ജൊനാസ്, ജോ ജൊനാസ് എന്നിവര്‍ക്കൊപ്പം ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിനിടെയായിരുന്നു നിക്കിന്റെ പ്രതികരണം. തമാശ രൂപേണയാണ് നിക് ഇക്കാര്യം തുറന്നു പറഞ്ഞത്. 

ഗായകന്റെ വാക്കുകൾ ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയായിക്കഴിഞ്ഞു. പ്രിയങ്ക ചോപ്രയുമായുള്ള വിവാഹ സമയത്ത് തനിക്ക് വിഷമാവസ്ഥകൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും സാംസ്കാരികമായി ഏറെ വ്യതാസങ്ങളുള്ളതുകൊണ്ടുതന്നെ വിവാഹം തന്നെ സംബന്ധിച്ച് ഏറെ ഞെട്ടലുണ്ടാക്കുന്നതായിരുന്നുവെന്നും മുൻപ് നിക് ജൊനാസ് തുറന്നു പറഞ്ഞിട്ടുണ്ട്.

‘ഇന്ത്യൻ വിവാഹങ്ങളിൽ വധൂവരന്മാരെ അവരുടെ കുടുംബാംഗങ്ങള്‍ തോളിൽ കയറ്റിയിരുത്തി പരസ്പരം ഹാരം അണിയിക്കുന്ന ഒരു ചടങ്ങുണ്ട്. ആരാണ് ആദ്യം ഹാരം അണിയിക്കുന്നതെന്നു നോക്കി എല്ലാവരും ചുറ്റും നിൽപ്പുണ്ടാകും. ഇരുകൂട്ടരും മത്സരബുദ്ധിയോടെയാണ് അത് ചെയ്യുന്നത്. ഞാനും പ്രിയയും ആദ്യം അണിയിക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. ആരാണോ ആദ്യം ഹാരം അണിയിക്കുന്നത് ആ കുടുംബമാണ് വളരെ പ്രബലമെന്ന് മറ്റുള്ളവർ വിലയിരുത്തും. ഇന്ത്യൻ വിവാഹരീതികളെക്കുറിച്ച് അറിവില്ലാത്തതുകൊണ്ടു തന്നെ എനിക്ക് ആ ചടങ്ങ് വളരെ ബുദ്ധിമുട്ടുള്ളതായി തോന്നി. എന്നാൽ അതിൽ നിന്നു പിന്മാറുന്നതിനെക്കുറിച്ചു ഞാൻ ചിന്തിച്ചതേയില്ല. 

ആ ചടങ്ങ് വളരെ വ്യത്യസ്തവും മനോഹരവുമായിരുന്നു. അതിനാല്‍ ഞാൻ ഏറെ ആസ്വദിച്ചാണ് അത് ചെയ്തത്. സത്യം പറഞ്ഞാൽ, മത്സരബുദ്ധിയോടെ പരസ്പരം ഹാരമണിയിക്കുന്ന ആ ചടങ്ങ് എല്ലാം കുടുംബാംഗങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന മികച്ച മാർഗമാണെന്ന് എനിക്കു തോന്നി. എല്ലാവർക്കും അഭിമാനിക്കാനും എല്ലാം മറന്നു പൊട്ടിച്ചിരിക്കാനുമൊക്കെ അവസരം നൽകുന്ന രസകരമായ ഒരു ചടങ്ങ്. ആദ്യം പ്രയാസം തോന്നിയെങ്കിലും പിന്നീട് എനിക്കത് വളരെയധികം ഇഷ്ടമായി’, എന്നായിരുന്നു നിക്കിന്റെ തുറന്നുപറച്ചിൽ. 

പ്രിയങ്ക ചോപ്രയെ വിവാഹം കഴിച്ചതോടെ തനിക്ക് ഇന്ത്യൻ സംസ്കാരങ്ങളും മതപരമായ ആചാരങ്ങളും പഠിക്കാൻ സാധിച്ചുവെന്ന് നിക് ജൊനാസ് മുൻപ് പറഞ്ഞിട്ടുണ്ട്. അമേരിക്കൻ വംശജനായിട്ടു പോലും താൻ പ്രിയങ്കയുടെ മതത്തെയും വിശ്വാസത്തെയും ബഹുമാനിക്കുന്നുവെന്നും നിക് അഭിമുഖങ്ങളിലൂടെ വെളിപ്പെടുത്തി. 

2017ലെ ഗലെ പുരസ്കാര വേദിയിൽ വച്ചാണ് നിക് ജൊനാസും പ്രിയങ്ക ചോപ്രയും കണ്ടുമുട്ടിയത്. പിന്നീട് നിരവധി പൊതുപരിപാടികളിൽ ഇരുവരും ഒരുമിച്ചു പങ്കെടുത്തു. തുടർന്ന് പ്രണയത്തിലാവുകയും 2018 ഡിസംബർ 1ന് വിവാഹിതരാവുകയും ചെയ്തു. മൂന്നു ദിവസം നീണ്ട രാജകീയ പ്രൗഢിയോടുള്ള ആഘോഷങ്ങളോടെയായിരുന്നു പരമ്പരാഗതരീതിയിലുള്ള വിവാഹം. 4 കോടിയോളം രൂപയാണ് പ്രിയങ്കയുടെയും നിക്കിന്റെയും വിവാഹാഘോഷത്തിനു വേണ്ടി ചെലവായത്. 

നിക് ജൊനാസും പ്രിയങ്ക ചോപ്രയും തമ്മിൽ പത്ത് വയസ്സിന്റെ വ്യത്യാസമാണുള്ളത്. വിവാഹസമയത്ത് ഉയർന്ന വിമർശനങ്ങളിൽ പലതും ഇരു താരങ്ങളുടെയും പ്രായവ്യത്യാസം ചൂണ്ടിക്കാണിച്ചായിരുന്നു. നിക്കും പ്രിയങ്കയും ഒരു വർഷത്തിൽ കൂടുതൽ ഒരുമിച്ചു ജീവിക്കില്ലെന്നും ഇരുവരും ഉടൻ വേർപിരിയുമെന്നുമുൾപ്പെടെയുള്ള പ്രവചനങ്ങള്‍ വിവാഹസമയത്തു പുറത്തുവന്നിരുന്നു. എന്നാൽ താരദമ്പതികൾ വിവാഹജീവിതത്തിൽ 5 വർഷങ്ങൾ പൂര്‍ത്തിയാക്കിയിരിക്കുകയാണ്.

2022 ജനുവരി 22ന് നിക്കിനും പ്രിയങ്കയ്ക്കും പെൺകു‍ഞ്ഞ് പിറന്നു. വാടകഗർഭപാത്രത്തിലൂടെയാണ് ഇരുവരും മാതാപിതാക്കളായത്. മാൾട്ടി മേരി ചോപ്ര ജൊനാസ് എന്നാണ് മകളുടെ പേര്. ‘മാൾട്ടി’ എന്ന വാക്ക് സംസ്കൃതത്തിൽ നിന്നും ഉത്ഭവിച്ചതാണ്. ചെറിയ സുഗന്ധമുള്ള പുഷ്പം അല്ലെങ്കിൽ ചന്ദ്രപ്രകാശം എന്നാണ് വാക്കിന്റെ അർഥം. കടലിലെ നക്ഷത്രം എന്നർഥം വരുന്ന സ്റ്റെല്ല മാരിസ് എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് മേരി എന്ന പേര് സ്വീകരിച്ചത്. യേശുക്രിസ്തുവിന്റെ മാതാവായ മേരി എന്ന ബിബ്ലിക്കൽ അർഥവുമുണ്ട് പേരിന്. മകൾ പിറന്ന് ഒരു വർഷത്തിനിപ്പുറമാണ് താരദമ്പതികൾ അവളുടെ മുഖം വെളിപ്പെടുത്തിയത്. സമൂഹമാധ്യമലോകത്തിന് ഏറെ സുപരിചിതയായ മാൾട്ടിക്ക് ഇപ്പോൾ നിരവധി ആരാധകരുമുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com