ADVERTISEMENT

വയലിൻ കലാകാരനായ ശബരീഷ് പ്രഭാകറിന്റെ ‘മൊമന്റ്‌ ബൈ മൊമന്റ്‌’ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ‘സംഗീതാസ്വാദകരുടെ മനസ്സിൽ ഇടം പിടിച്ച ഗാനങ്ങളുടെ മനോഹരമായ നിമിഷങ്ങളിലൂടെയൊരു സഞ്ചാരം’ എന്നാണ് മൊമന്റ്‌ ബൈ മൊമന്റ് സീരീസിനെക്കുറിച്ച് ശബരീഷിനു പറയാനുള്ളത്. ശബരീഷും അനന്തരാമൻ അനിൽ എന്ന കീബോർഡിസ്റ്റും ചേർന്നാണ് ഈ പാട്ട്സീരീസ് ചെയ്യുന്നത്. 

ഫ്യൂഷൻ ആര്‍ട്ടിസ്റ്റ് ആയ ശബരീഷിന് ഇമ്മോർട്ടൽ രാഗാ എന്ന പേരിൽ ഒരു സംഗീത ബാൻഡ് ഉണ്ട്. കൊച്ചി ലുലു മാളിൽ ‘വിക്രം’ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട സംഗീതപരിപാടിയിൽ ഉലകനായകൻ കമലഹാസനു മുന്നിൽ അദ്ദേഹത്തിന്റെ പാട്ടുകൾ ശബരീഷ് വയലിനിലൂടെ പുനഃസൃഷ്ടിച്ചത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. വികാരാധീനനായാണ് കമൽഹാസൻ ആ സംഗീതാവതരണത്തോടു പ്രതികരിച്ചത്. ഇപ്പോൾ വീണ്ടും ആസ്വാദകരുടെ പ്രിയഗാനങ്ങളെ വയലിൻ ഈണങ്ങളിലൂടെ അവതരിപ്പിച്ച് പുത്തൻ പരീക്ഷണം നടത്തുകയാണ് ശബരീഷ്. പാട്ടുവിശേഷം ശബരീഷ് പ്രഭാകർ മനോരമ ഓൺലൈനിനോടു പങ്കുവച്ചത് ഇങ്ങനെ:

‘മൊമന്റ് ബൈ മൊമന്റ് ഇൻസ്റ്റാഗ്രാം റീൽസ് ആയിട്ടാണു ചെയ്യുന്നത്. മനോഹരമായ ചില പാട്ടുകളിലെ ഏറ്റവും നല്ല ഭാഗങ്ങൾ തിരഞ്ഞെടുത്ത് ഈ സീരീസിൽ ഉൾപ്പെടുത്തുന്നു. എല്ലാ പാട്ടുകളും അനുപല്ലവിയിൽ നിന്നു പല്ലവിയിലേക്കാണു വരുന്നത്. ഒരു നിമിഷത്തിൽ നിന്നു മറ്റൊരു നിമിഷത്തേക്ക് എന്നതുപോലെ. അതുകൊണ്ടുതന്നെയാണ് ‘‘മൊമന്റ് ബൈ മൊമന്റ്’’ എന്ന് ഈ സീരീസിനു പേര് നൽകിയിരിക്കുന്നത്. ഇത് എല്ലാവർക്കും ആസ്വാദ്യകരമാക്കാൻ വേണ്ടിയാണ് ഇത്തരത്തിലൊരു പേരിട്ടത്. 

ഈ പാട്ട് സീരീസിൽ ആദ്യം റിലീസ് ചെയ്തത് ‘ശിവാജി’ എന്ന ചിത്രത്തിലെ പാട്ടിന്റെ റീലാണ്. അനൽ മേലെ, നീ മണിമുകിൽ, കാട്രിൻ മൊഴി, ആരാരും കാണാതെ തുടങ്ങിയ പാട്ടുകളുടെ റീലുകള്‍ തയ്യാറാക്കി പുറത്തിറക്കിക്കഴിഞ്ഞു. മലയാളത്തിലെയും തമിഴിലെയും മികച്ച പാട്ടുകളിലെ ചില നിമിഷങ്ങൾ ഒന്നിൽ നിന്നു മറ്റൊന്നിലേക്കു സഞ്ചരിക്കും വിധത്തിലാണ് ഈ സീരീസ് ഒരുക്കിയിരിക്കുന്നത്. പുത്തൻ പാട്ടുപരീക്ഷണത്തിനു പോസിറ്റീവ് പ്രതികരണങ്ങളാണു ലഭിക്കുന്നത്. നിരവധി പേർ അഭിനന്ദനവും പിന്തുണയും അറിയിക്കുന്നു. അനന്തരാമൻ അനിൽ ആണ് കീബോർഡിൽ ഈണമൊരുക്കുന്നത്. റീലുകൾക്കു വേണ്ടി ദൃശ്യങ്ങൾ ചിത്രീകരിക്കുന്നത് വിവേക് രഞ്ജൻ’.

English Summary:

Sabareesh Prabhaker opens up about the new reel series Moment by Moment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com